ലോകകപ്പ് ചരിത്രം തിരുത്തുന്ന മൊറോക്കോ

ബെല്‍ജിയത്തെ ഗ്രൂപ്പ് ഘട്ടത്തില്‍ അട്ടിമറിച്ച മൊറോക്കോ പ്രീക്വാര്‍ട്ടറില്‍ വീഴ്ത്തിയത് മുന്‍ ചാംപ്യന്‍മാരായ സ്‌പെയിനിനെ.

Update: 2022-12-13 11:32 GMT


അട്ടിമറികള്‍ ആറാടിയ ലോകകപ്പാണ് ഖത്തറിലേത്.ഗ്രൂപ്പ് ഘട്ടം മുതല്‍ ക്വാര്‍ട്ടര്‍ വരെ വീണത് വമ്പന്‍മാര്‍. ഇവരെ പലരെയും വീഴ്ത്തിയ ആഫ്രിക്കന്‍ കരുത്തരാണ് മൊറോക്കോ. ഇപ്പോള്‍ ലോകകിരീടം സ്വപ്നം കാണുന്ന നാല് ടീമുകളില്‍ ഈ കൊച്ചുരാജ്യവും മുന്നിലുണ്ട്.ഇളം തലമുറയുടെ വീര്യവും അനുഭവത്തിന്റെ കരുത്തും യാസിന്‍ ബാനോ എന്ന ഗോള്‍കീപ്പറുടെ ബലവുമാണ് ടീമിന്റെ ശക്തി.

എടുത്തു പറയത്തക്ക താരങ്ങളൊന്നും ടീമിലില്ല.ചെല്‍സിയുടെ ഹക്കിം സിയെച്ച്, പിഎസ്ജിയുടെ അശ്‌റഫ് ഹക്കീമി, സെവിയ്യയുടെ അല്‍ നസ്രി എന്നിവരാണ് ടീമിലെ മുന്‍നിര പോരാളികള്‍. പ്രതിരോധ താരം ജാവേദ് അല്‍യാമിഖ് വലാഡോളിഡിലും അബ്ദു സല്‍സൂലി ഒസാസുനയിലും കളിക്കുന്നവരാണ്. ടീമിലെ 26 പേരില്‍ 20 പേരും യൂറോപ്പിലെ ലീഗുകളില്‍ കളിക്കുന്നവരാണ്. ഇത് യൂറോപ്പ്യന്‍ പ്രമുഖര്‍ക്കെതിരേ പോരാടാനുള്ള ഊര്‍ജ്ജം അവര്‍ക്ക് നല്‍കി. മൊറോക്കോയുടെ വിജയത്തിന്റെ പ്രധാന ആയുധം യാസിന്‍ ബാനോ എന്ന ഗോള്‍കീപ്പര്‍ തന്നെയാണ്. കഴിഞ്ഞ ഒമ്പത് മല്‍സരങ്ങളില്‍ ഒരെണ്ണത്തില്‍ പോലും മൊറോക്കന്‍ ടീം ഗോള്‍ വഴങ്ങിയിട്ടില്ല. ഒരു സെല്‍ഫ് ഗോളൊഴികെയാണ് ഈ നേട്ടം. ഈ ലോകകപ്പില്‍ മൂന്ന് ക്ലീന്‍ഷീറ്റ് സ്വന്തമാക്കിയ ആദ്യ ആഫ്രിക്കന്‍ രാജ്യമാണ് മൊറോക്കോ.


 ബെല്‍ജിയത്തെ ഗ്രൂപ്പ് ഘട്ടത്തില്‍ അട്ടിമറിച്ച മൊറോക്കോ പ്രീക്വാര്‍ട്ടറില്‍ വീഴ്ത്തിയത് മുന്‍ ചാംപ്യന്‍മാരായ സ്‌പെയിനിനെ. ഇപ്പോള്‍ ക്വാര്‍ട്ടറില്‍ കരുത്തരായ പോര്‍ച്ചുഗ്രീസിനെയും വീഴ്ത്തി. കറുത്ത കുതിരകളായി ഈ ലോകകപ്പില്‍ അറിയപ്പെടുന്ന മൊറോക്കോ അറ്റ്‌ലസ് സിംഹങ്ങള്‍ എന്ന വിളിപ്പേരിന് ഉടമകളാണ്.

ടീമിന്റെ ഒത്തിണക്കം തന്നെയാണ് മൊറോക്കോയുടെ കരുത്ത്. ഏത് ടീമിനെയും അനായാസം നേരിടാനുള്ള ധൈര്യമാണ് ഈ ടീമിന്റെ മുതല്‍കൂട്ട്. ഫുട്‌ബോള്‍ ഭൂപടത്തില്‍ വ്യക്തമായ പേരില്ലാത്ത മൊറോക്കയെ ആരും വിലകല്‍പ്പിച്ചിരുന്നു.നിലവിലെ റണ്ണറപ്പുകളായ ക്രൊയേഷ്യയെ സമനിലയില്‍ പിടിച്ചപ്പോഴും ഈ ടീമിനെ ആരും ശ്രദ്ധിച്ചില്ല.ബെല്‍ജിയത്തെയും സ്‌പെയിനിനെയും അട്ടിമറിച്ചതോടെ മൊറോക്കോയെ ഏവരും പ്രകീര്‍ത്തിക്കാന്‍ തുടങ്ങി. ഗ്രൗണ്ടില്‍ എന്ത് ചെയ്യണമെന്ന് വ്യക്തമായ നിലപാടുള്ള താരങ്ങളാണ് ടീമിന്റെ കരുത്ത്.

മൊറോക്കോയുടെ ആറാം ലോകകപ്പാണിത്. 1970, 1986, 1994, 1998, 2018 വര്‍ഷങ്ങളിലാണ് ടീം ലോകകപ്പ് കളിച്ചത്. റഷ്യന്‍ ലോകകപ്പില്‍ ആദ്യ റൗണ്ടില്‍ തന്നെ പുറത്തായിരുന്നു. ഇക്കഴിഞ്ഞ ഓഗസ്റ്റിലാണ് കോച്ച് വലീദ് ചുമതലയേറ്റത്.


  പന്തടക്കത്തിലും പാസ്സുകളിലുമല്ല ഫുട്‌ബോളെന്ന് ലോകത്തെ കാണിച്ചു കൊടുത്ത ടീമാണ് മൊറോക്കോ. ലോകകപ്പ് ക്വാര്‍ട്ടറിലെത്തുന്ന നാലാമത്തെ ആഫ്രിക്കന്‍ ടീം എന്ന റെക്കോഡിലാണ് മൊറോക്കോ പോര്‍ച്ചുഗലിനെതിരേ ഇറങ്ങിയത്. ജയത്തോടെ സെമിയിലെത്തിയ ആദ്യ ആഫ്രിക്കന്‍ ടീം എന്ന റെക്കോഡും സ്വന്തമാക്കി. മുമ്പ് കാമറൂണ്‍, ഘാന, സെനഗല്‍ എന്നിവരാണ് ക്വാര്‍ട്ടറിലെത്തിയ മറ്റ് ആഫ്രിക്കന്‍ രാജ്യങ്ങള്‍. ക്വാര്‍ട്ടറിലെ വിജയഘോഷങ്ങള്‍ക്കൊപ്പം ഫലസ്തീന്‍ പതാകയേന്തിയാണ് അവര്‍ ഗ്രൗണ്ടില്‍ ലോകത്തെ അഭിമുഖീകരിച്ചത്. ഫുട്‌ബോളില്‍ ബുദ്ധിപൂര്‍വമായ നീക്കങ്ങള്‍ നടത്തുന്ന മൊറോക്കന്‍ താരങ്ങള്‍ക്ക് വ്യക്തമായ രാഷ്ട്രീയ നിലപാടും ഉണ്ട്.

 


    ഖത്തറിലേക്ക് വരുമ്പോള്‍ കോച്ച് വലീദിന് ഒരു നിര്‍ബന്ധമുണ്ടായിരുന്നു. താരങ്ങളെല്ലാം കുടുബത്തെയും ഒപ്പം കൊണ്ടുവരണമെന്ന്. മാനസിക സമ്മര്‍ദ്ധത്തിനടിമപ്പെടാതെ ടീമിന്റെ പരിശീലന സ്ഥലങ്ങളിലെല്ലാം ടീമിന് കരുത്തായി നിന്നത് അവരുടെ കുടുംബങ്ങളാണ്. പ്രീക്വാര്‍ട്ടറിലെ വിജയത്തിന് ശേഷം അശ്റഫ് ഹക്കീമി ഗാലറിയിലേക്ക് ഓടി തന്റെ മാതാവിനെ ആലിംഗനം ചെയ്ത വീഡിയോ ഇതിനോടകം ലോകശ്രദ്ധയാകര്‍ഷിച്ചിരുന്നു. സെമിയിലേക്ക് ടിക്കറ്റെടുത്ത ശേഷം സോഫിയാനെ ബൗഫല്‍ തന്റെ മാതാവിനെ ഗ്രൗണ്ടിലേക്ക് ആനയിച്ച് ആഘോഷിച്ചതിന്റെ ചിത്രം ഫിഫ അവരുടെ ഔഫീഷ്യല്‍ ഫേസ്ബുക്ക് പേജില്‍ പോസ്റ്റ് ചെയ്തിരുന്നു. മിനിറ്റുകള്‍ക്ക് ഈ ചിത്രം കണ്ടത് കോടികണക്കിന് ജനങ്ങളാണ്.





Similar News