ലോക ഫുട്ബോളില്‍ നേട്ടങ്ങളുടെ കൊടുമുടിയില്‍ നില്‍ക്കുന്ന താരമാണ് കിസ്റ്റിയാനോ റൊണാള്‍ഡോ. പ്രായം തളര്‍ത്താത്ത പോര്‍ച്ചുഗല്‍ കപ്പിത്താന്‍ ഇത്തവണ തന്റെ അഞ്ചാം ലോകകപ്പിനാണ് ഇറങ്ങുന്നത്. ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ദോസ് സാന്റോസ് അവേരിയോ എന്ന സിആര്‍7 ഖത്തറില്‍ ടീമിന്റെ ആദ്യ കിരീടം ലക്ഷ്യമിട്ടാണ് ഇറങ്ങുന്നത്. ലോക ഫുട്ബോളിലെ എക്കാലത്തെയും മികച്ച ഫുട്ബോള്‍ താരമായ റൊണാള്‍ഡോ റെക്കോഡുകളുടെ കളിത്തോഴനാണ്. പ്രായം 38ലേക്ക് കടക്കുന്ന മാഞ്ചസ്റ്റര്‍ യുനൈറ്റഡ് താരം ഖത്തറില്‍ കളിക്കുക തന്റെ അവസാനത്തെ ലോകകപ്പ് ആണെന്ന് എതിരാളികള്‍ കരുതുന്നുണ്ടെങ്കില്‍ തെറ്റി. ആയുധം വച്ച് കീഴടങ്ങാനാവത്ത പോരാളിയാണ് റൊണാള്‍ഡോ.ആവനാഴിയില്‍ ഇനിയും അസ്ത്രങ്ങളുണ്ട്. 40ാം വയസ്സില്‍ യൂറോയില്‍ കളിക്കാനുള്ള ആഗ്രഹം റോണോ അടുത്തിടെ പറഞ്ഞിരുന്നു. തന്റെ 42ാം വയസ്സിലെ ലോകകപ്പിലും പോര്‍ച്ചുഗലിനെ നയിക്കാന്‍ ക്രിസ്റ്റി ഉണ്ടാവും. ഇത് ആരാധകരുടെ മോഹം മാത്രമല്ല. ഫുട്ബോള്‍ കരിയറിനോട് വിടചൊല്ലാന്‍ ആഗ്രഹമില്ലാത്ത റോണോയുടെ മോഹം കൂടിയാണ്.
നിലവില്‍ കരിയറിലെ ഏറ്റവും മോശം ഫോമിലാണ് താരം കളിക്കുന്നത്. എന്നാല്‍ പോര്‍ച്ചുഗല്‍ നായകന്‍ ഖത്തറില്‍ ഉയര്‍ത്തെഴുന്നേല്‍ക്കുമെന്ന് തന്നെയാണ് ആരാധകരുടെ വിശ്വാസം. ലോക ഫുട്ബോളില്‍ ഏറ്റവും കൂടുതല്‍ അന്താരാഷ്ട്ര ഗോളുകള്‍ മദീരയുടെ രാജകുമാരന്റെ പേരിലാണ്. പോര്‍ച്ചുഗല്‍ ലോകകപ്പിനുള്ള യോഗ്യത നേടിയത് കഷ്ടിച്ച് പ്ലേ ഓഫ് കളിച്ചാണ്. ചെറുകിട ടീമിന് മുന്നിലും പോര്‍ച്ചുഗല്‍ പതറുന്നുണ്ട്. എന്നാല്‍ റൊണാള്‍ഡോയെന്ന കപ്പിത്താന്റെ പോരാട്ടവീര്യം തന്നെയാണ് ടീമിന്റെ മുതല്‍ക്കൂട്ട്. കൂട്ടിന് യൂറോപ്പിലെ ഒന്നാം നമ്പര്‍ ലീഗില്‍ കളിക്കുന്ന സഹതാരങ്ങളും. യുനൈറ്റഡിലെ ഫോം താരത്തിന് പ്രശ്നമല്ല. ദേശീയ ടീമിനൊപ്പം താരം തിളങ്ങുമെന്നു തന്നെയാണ് റിപ്പോര്‍ട്ട്.
2016ല്‍ ടീമിനായി യൂറോ കപ്പ് നേടികൊടുത്ത റോണോ 2018ല്‍ നേഷന്‍സ് കിരീടവും പോര്‍ച്ചുഗലില്‍ എത്തിച്ചിരുന്നു. 2006ലാണ് താരത്തിന്റെ ലോകകപ്പ് അരങ്ങേറ്റം. സെമിയില്‍ ഫ്രാന്‍സിനോട് പ രാജയപ്പെട്ടാണ് മടക്കം. 2010 ലോകകപ്പില്‍ പ്രീക്വാര്‍ട്ടറില്‍ സ്പെയിനിനോട് തോറ്റ് പുറത്തായി. 2014ല്‍ ഗ്രൂപ്പ് സ്റ്റേജില്‍ പോര്‍ച്ചുഗല്‍ പുറത്തായി. 2018ല്‍ ലോകകപ്പില്‍ സ്പെയിനിനെതിരേ താരം ഹാട്രിക്കുമായി തിളങ്ങി. പ്രീക്വാര്‍ട്ടറില്‍ ഉറുഗ്വെയോട് തോറ്റ് ടീം പുറത്തായി. ഈ ലോകകപ്പില്‍ ഹാട്രിക്കടക്കം നാലു ഗോളുകള്‍ താരം നേടി. 17 മല്‍സരങ്ങളില്‍ നിന്ന് റൊണാള്‍ഡോ ലോകകപ്പില്‍ നേടിയത് ഏഴ് ഗോളുകളാണ്. നാല് ലോകകപ്പുകളില്‍ സ്‌കോര്‍ ചെയ്ത റൊണാള്‍ഡോ ഖത്തറില്‍ സ്‌കോര്‍ ചെയ്താല്‍ അഞ്ച് ലോകകപ്പില്‍ ഗോള്‍ നേടുന്ന ആദ്യതാരമെന്ന റെക്കോഡിനര്‍ഹനാവും. മൂന്ന് ഗോള്‍ കൂടി ലോകകപ്പില്‍ നേടിയാല്‍ പോര്‍ച്ചുഗലിനായി ഏറ്റവും കൂടുതല്‍ ഗോള്‍ നേടിയ ഇതിഹാസ താരം യുസേബിയോ സ്ഥാനം നേടും.
30ലെത്തിയ നെയ്മറും 35ലെത്തിയ മെസ്സിയും ഇതിനോടകം വിരമിക്കല്‍ പ്രഖ്യാപിച്ചിരുന്നു. റൊണാള്‍ഡോ വ്യത്യസ്തനാണ്. കളി മികവുകൊണ്ടും കഠിനാദ്ധ്വാനം കൊണ്ടും ഫുട്ബോളിനെ ജീവശ്വാസമായാണ് റോണോ കൊണ്ടുനടക്കുന്നത്. അതുകൊണ്ട് തന്നെ ആ ബൂട്ടില്‍ നിന്നും ഹെഡറില്‍ നിന്നും ഇനിയും നിരവധി ഗോളുകള്‍ പ്രതീക്ഷിക്കാം.