സ്ത്രീകളെ അപമാനിക്കുന്ന പരാമര്‍ശം; സന്ദേശ് ജിങ്കനെതിരേ ബ്ലാസ്റ്റേഴ്‌സ് ആരാധകര്‍

സംഭവത്തില്‍ ജിങ്കന്‍ മാപ്പുമായി രംഗത്തെത്തി.

Update: 2022-02-20 13:30 GMT


പനാജി: മുന്‍ കേരളാ ബ്ലാസ്റ്റേഴ്‌സ് താരവും എടികോ മോഹന്‍ ബഗാന്‍ താരവുമായ സന്ദേശ് ജിങ്കനെതിരേ കേരളാ ബ്ലാസ്‌റ്റേഴ്‌സ് ആരാധകര്‍. കഴിഞ്ഞ ദിവസം ജിങ്കന്‍ നടത്തിയ പരാമര്‍ശം വിവാദമായിരുന്നു. ഞങ്ങള്‍ കളിച്ചത് സ്ത്രീകള്‍ക്കൊപ്പമായിരുന്നു എന്നാണ് താരം പരാമര്‍ശിച്ചത്. മല്‍സരത്തിന് ശേഷമായിരുന്നു ഇന്ത്യന്‍ വൈസ് ക്യാപ്റ്റന്‍ കൂടിയായ ജിങ്കന്റെ പരാമര്‍ശം. ഇതിനെതിരേ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായ പ്രതിഷേധം നടന്നു.

കേരളാ ബ്ലാസ്റ്റേഴ്‌സ് ആരാധകരാണ് ഇതിനെതിരേ പ്രധാനമായും രംഗത്ത് വന്നത്. ജിങ്കന്‍ നടത്തിയത് സ്ത്രീകളെ അപമാനിക്കുന്ന പരാമര്‍ശമാണെന്നും ജിങ്കനെ പോലുള്ള മുതിര്‍ന്ന താരത്തില്‍ നിന്നും ഇത്തരം വാക്കുകള്‍ പ്രതീക്ഷിക്കുന്നില്ലെന്നും ആരാധകര്‍ കുറിച്ചു. സ്ത്രീകളെ തരം താഴ്ത്തുന്നതിന് തുല്യമാണ്.സ്ത്രീകളെ വിലകുറച്ച് കാണുന്ന ജിങ്കന്റെ നിലപാട് ശരിയായ മാനസിക നിലപാടല്ലെന്ന് കേരളാ ബ്ലാസ്റ്റേഴ്‌സ് അറിയിച്ചു. അതിനിടെ അടുത്ത സീസണില്‍ കൊച്ചിയില്‍ കളി നടക്കുകയാണെങ്കില്‍ ജിങ്കനുള്ള മറുപടി അവിടെ നല്‍കുമെന്നും ആരാധകര്‍ കുറിച്ചു.


അതിനിടെ സംഭവത്തില്‍ ജിങ്കന്‍ മാപ്പുമായി രംഗത്തെത്തി. മല്‍സരത്തില്‍ സമനില വഴങ്ങിയതിന്റെ ദേഷ്യത്തില്‍ പറഞ്ഞതാണെന്നും ബ്ലാസ്റ്റേഴ്‌സിനെ ഒരിക്കലും വിലകുറച്ച് കണ്ടിട്ടില്ലെന്നും താരം വ്യക്തമാക്കി. ട്വറ്ററിലാണ് താരം ക്ഷമാപണം നടത്തിയത്. ഇന്ത്യന്‍ വനിതാ ടീമിന് കൂടുതല്‍ പിന്തുണ നല്‍കിയ ആളാണ് ഞാന്‍.എനിക്ക് അമ്മയും പെങ്ങളും ഭാര്യയും ഉള്ള കാര്യം ആരും മറക്കരുതെന്നും താരം പറഞ്ഞു.


സഹകളിക്കാരനോടുള്ള തര്‍ക്കത്തിന് ശേഷമായിരുന്നു താന്‍ അങ്ങിനെ പ്രതികരിച്ചത്.തന്റെ വാക്കുകള്‍ ആരെയെങ്കിലും വേദനിപ്പിച്ചിട്ടുണ്ടെങ്കില്‍ ക്ഷമ ചോദിക്കുന്നുവെന്നും താരം വ്യക്തമാക്കി. കഴിഞ്ഞ ദിവസം നടന്ന മല്‍സരത്തില്‍ ബ്ലാസ്‌റ്റേഴ്‌സ് എടികെയോട് സമനില വഴങ്ങിയിരുന്നു.





Tags:    

Similar News