സൂപ്പര്‍ ലീഗ് കേരള; കേരളക്കരയില്‍ ഇന്ന് മുതല്‍ ഫുട്‌ബോള്‍ മാമാങ്കം

മല്‍സരങ്ങള്‍ ഹോട്ട്‌സ്റ്റാര്‍ ഒടിടിയിലും സ്റ്റാര്‍ സ്‌പോര്‍ട്‌സ് ഫസ്റ്റിലും കാണാം.

Update: 2024-09-07 06:25 GMT

കൊച്ചി: കേരളാ ക്രിക്കറ്റ് ലീഗിന്റെ ആവേശം സംസ്ഥാനത്ത് അലയടിക്കുന്നതിനോടൊപ്പം ഇനി ഫുട്‌ബോള്‍ ആവേശവും. മഹീന്ദ്ര സൂപ്പര്‍ ലീഗ് കേരളയ്ക്ക് കൊച്ചിയില്‍ ഇന്ന് തുടക്കമാവും. രാത്രി ഏഴിന് ജവഹര്‍ലാല്‍ നെഹ്റ്രൂ സ്‌റ്റേഡിയത്തിലാണ് ആദ്യ മല്‍സരം. ഫോഴ്‌സാ കൊച്ചിയും മലപ്പുറം എഫ്‌സിയും തമ്മിലാണ് ആദ്യ മല്‍സരം. മല്‍സരത്തിന് മുന്നോടിയായി കലാപരിപാടികളും നടക്കും. മല്‍സരങ്ങള്‍ ഹോട്ട്‌സ്റ്റാര്‍ ഒടിടിയിലും സ്റ്റാര്‍ സ്‌പോര്‍ട്‌സ് ഫസ്റ്റിലും കാണാം.

കേരള ഫുട്ബോള്‍ അസോസിയേഷന്‍ അവതരിപ്പിക്കുന്ന സൂപ്പര്‍ ലീഗ് കേരള പ്രഥമ സീസണില്‍ ആറ് ഫ്രാഞ്ചൈസി ടീമുകള്‍ ആണ് പങ്കെടുക്കുന്നത്. ഫോഴ്‌സ കൊച്ചി എഫ്സി, മലപ്പുറം എഫ്സി, കാലിക്കറ്റ് എഫ്സി, കണ്ണൂര്‍ വാരിയേഴ്സ് എഫ്സി, തിരുവനന്തപുരം കൊമ്പന്‍സ് എഫ്സി, ഒപ്പം തൃശൂര്‍ മാജിക് എഫ്‌സി എന്നിവരാണ് ഇത്തവണ കളിക്കുന്നത്.


 തിരുവനന്തപുരം ചന്ദ്രശേഖരന്‍ നായര്‍ സ്റ്റേഡിയം, കൊച്ചി ജവാഹര്‍ലാല്‍ നെഹ്റു അന്താരാഷ്ട്ര സ്റ്റേഡിയം, മഞ്ചേരി പയ്യനാട് സ്റ്റേഡിയം, കോഴിക്കോട് കോര്‍പ്പറേഷന്‍ സ്റ്റേഡിയം എന്നിവയാണ് മത്സരവേദികള്‍. തൃശ്ശൂര്‍ ടീമിന് മലപ്പുറവും കണ്ണൂര്‍ ടീമിന് കോഴിക്കോടും ഹോം ഗ്രൗണ്ടാകും. എല്ലാ ടീമുകളും ഹോം ആന്‍ഡ് എവേ അടിസ്ഥാനത്തില്‍ രണ്ടുതവണ പരസ്പരം കളിക്കും. ആദ്യറൗണ്ടില്‍ പോയിന്റുപട്ടികയില്‍ മുന്നിലെത്തുന്ന നാലു ടീമുകള്‍ സെമിഫൈനലിലേക്ക് മുന്നേറും. നവംബര്‍ പത്തിന് കൊച്ചിയിലാണ് ഫൈനല്‍.ആറ് ടീമുകള്‍ക്കും വിദേശ പരിശീലകരാണ് എത്തുന്നത്. എല്ലാ ടീമിലും വിദേശ താരങ്ങളുമുണ്ട്.


 ഐ.എസ്.എലില്‍ ചെന്നൈയിന്‍ എഫ്.സി.ക്ക് കളിച്ച ബ്രസീല്‍ താരം റാഫേല്‍ അഗസ്റ്റോ, കേരള ബ്ലാസ്റ്റേഴ്സിന് കളിച്ചിട്ടുള്ള ഹെയ്തി താരം കെര്‍വെന്‍ ബെല്‍ഫോര്‍ട്ട് തുടങ്ങിയവര്‍ ലീഗിലുണ്ട്. ലോകഫുട്ബോളിലെ പവര്‍ ഹൗസുകളായ ബ്രസീല്‍, സ്പെയിന്‍ എന്നിവിടങ്ങളില്‍നിന്നാണ് കൂടുതല്‍ വിദേശതാരങ്ങള്‍. സി.കെ. വിനീത്, അനസ് എടത്തൊടിക, അബ്ദുള്‍ ഹക്കു, ഉള്‍പ്പെടെയുള്ള മലയാളി താരങ്ങളും ഇന്ത്യന്‍ താരങ്ങളായ സുഭാശിഷ് റോയ്, ആദില്‍ ഖാന്‍ തുടങ്ങിയവരും കളിക്കുന്നുണ്ട്.


 

ഫോഴ്‌സ കൊച്ചി എഫ്‌സിയുടെ പരിശീലകന്‍ പോര്‍ച്ചുഗീസിന്റെ മാരിയോ ലമോസാണ്. സഹപരിശീലകന്‍ മുന്‍ ഇന്ത്യന്‍ താരം ജോ പോള്‍ അഞ്ചേരി. മുന്‍ ഇന്ത്യന്‍ ഗോള്‍കീപ്പര്‍ സുഭാശിഷ് റോയ് ചൗധരിയാണ് ക്യാപ്റ്റന്‍. ബ്രസീലിയന്‍ മിഡ്ഫീല്‍ഡര്‍ റാഫേല്‍ അഗസ്റ്റോ, തുനീസിയ താരം സയീദ് മുഹമ്മദ് നിദാല്‍, സന്തോഷ് ട്രോഫി താരം നിജോ ഗില്‍ബര്‍ട്ട് തുടങ്ങിയവരാണു കരുത്ത്.


 മലപ്പുറം എഫ്.സി കരുത്തരായ അഞ്ച് വിദേശതാരങ്ങളെയാണ് സ്വന്തമാക്കിയിരിക്കുന്നത്. യുറഗ്വായ് താരമായ പെഡ്രോ മാന്‍സി (സ്ട്രൈക്കര്‍). മുന്‍ റയല്‍ സോസിഡാഡ് താരവും ഐലീഗ് താരവുമായ സ്പാനിഷുകാരന്‍ ഹൊസേബ ബെറ്റിയ (സെന്‍ട്രല്‍ മിഡ്ഫീല്‍ഡര്‍), സ്പാനിഷ് താരം റൂബന്‍ ഗാര്‍ഷ്യ (സെന്റര്‍ ബാക്ക്) ബ്രസീലിയന്‍ താരം സെര്‍ജിയോ ബര്‍ബോസ (വിങ്ങര്‍), സ്പാനിഷ് താരം ഐതര്‍ അലദൂര്‍ (റൈറ്റ് ബാക്ക്).

അനസ് എടത്തൊടിക, ഗോള്‍കീപ്പര്‍ വി മിഥുനുമാണ് ദേശീയ താരങ്ങളിലെ 'സെലിബ്രിറ്റികള്‍'. സാറ്റ് തിരൂരിലൂടെ ഐലീഗില്‍വരെ കളിച്ച ഫസലൂ റഹ്‌മാനും താരനിരയ്ക്ക് കരുത്തു പകരും.

മറ്റു താരങ്ങള്‍: ഇ.കെ. റിസ്വാന്‍ അലി (വിങ്ങര്‍), നന്ദു കൃഷ്ണ (വിങ് ബാക്ക്), അനു വി. ബുജൈര്‍ (വിങ്ങര്‍), ഗുര്‍ജിന്ദര്‍ കുമാര്‍ (സെന്റര്‍ ബാക്ക്), മിത് അനില്‍ അഡേകര്‍ (വിങ്ങര്‍), സൗരവ് ഗോപാലകൃഷ്ണന്‍ (സെന്റര്‍ ബാക്ക്), ജോര്‍ജ് ഡിസൂസ (വിങ് ബാക്ക്), നിഷാം (സ്ട്രൈക്കര്‍), നവീന്‍ കൃഷ്ണ (സ്ട്രൈക്കര്‍), ടെന്‍സിന്‍ സാംദുപ് (ഗോള്‍ കീപ്പര്‍), എ. മുഹമ്മദ് മുഷറഫ് (മിഡ് ഫീല്‍ഡര്‍), അര്‍ജുന്‍ രാജ് (മിഡ് ഫീല്‍ഡര്‍), ടി.കെ. ഭവ്ജിത് (വിങ് ബാക്ക്), അജയ് കൃഷ്ണന്‍ (മിഡ് ഫീല്‍ഡര്‍), സിനാന്‍ മിര്‍ദാസ് (ഗോള്‍കീപ്പര്‍), ശിക്കു സുനില്‍ (ഗോള്‍കീപ്പര്‍)







Tags:    

Similar News