മികച്ചവരില്‍ മെസ്സി അഞ്ചാമത്; ആദ്യ 20ന് പുറത്ത് നെയ്മര്‍
ലോകത്ത് ഏറ്റവും മികച്ച മല്‍സരങ്ങള്‍ നടക്കുന്ന പ്രീമിയര്‍ ലീഗ്, സ്പാനിഷ് ലീഗ്, സിരി എ, ബുണ്ടസ് ലീഗ, ഫ്രഞ്ച് ലീഗ് എന്നീ ലീഗുകളിലെ താരങ്ങളാണ് പട്ടികയില്‍ ഇടം നേടിയവര്‍.
ലണ്ടന്‍: ഫുട്‌ബോള്‍ വാര്‍ത്താരംഗത്തെ പ്രമുഖ ഓണ്‍ലൈന്‍ മാധ്യമമായ ഗോള്‍ ഡോട്ട് കോം ഈ വര്‍ഷത്തെ ഏറ്റവും മികച്ച 50 താരങ്ങളുടെ പട്ടിക പുറത്തുവിട്ടു. ലോകത്ത് ഏറ്റവും മികച്ച മല്‍സരങ്ങള്‍ നടക്കുന്ന പ്രീമിയര്‍ ലീഗ്, സ്പാനിഷ് ലീഗ്, സിരി എ, ബുണ്ടസ് ലീഗ, ഫ്രഞ്ച് ലീഗ് എന്നീ ലീഗുകളിലെ താരങ്ങളാണ് പട്ടികയില്‍ ഇടം നേടിയവര്‍. വിദേശ മാധ്യമങ്ങളുടെ വിലയിരുത്തലുകള്‍ പ്രകാരം യൂറോപ്പിലെ മികച്ച അഞ്ച് ലീഗുകളില്‍ നിന്നുള്ള കളിക്കാരെയാണ് 50 താരങ്ങളായി ഗോള്‍ ഡോട്ട് കോം തിരഞ്ഞെടുത്തത്.
ക്രൊയേഷ്യയെ ലോകകപ്പ് ഫൈനല്‍ വരെ എത്തിച്ച റയല്‍ മാഡ്രിഡിന്റെ മധ്യനിര താരം ലൂക്കാ മോഡ്രിച്ചാണ് പട്ടികയില്‍ ഒന്നാമത്. പോര്‍ച്ചുഗലിന്റെ യുവന്റസ് താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ രണ്ടാമതും ഈജിപ്തിന്റെ ലിവര്‍പൂള്‍ താരം മുഹമ്മദ് സലാഹ് മൂന്നാമതുമെത്തി. അര്‍ജന്റീന താരം ലയണല്‍ മെസ്സി പട്ടികയില്‍ അഞ്ചാം സ്ഥാനത്തായതാണ് ആരാധകരെ അമ്പരപ്പിച്ചിരിക്കുന്നത്.
അതേസമയം, ഫ്രാന്‍സിന്റെ കൗമാര സൂപ്പര്‍ താരം കെയ്‌ലന്‍ എംബാപെ പട്ടികയില്‍ നാലാം സ്ഥാനത്തെത്തി. കൂടുതല്‍ മികച്ച പ്രകടനത്തിനായി ബാഴ്‌സലോണയില്‍ നിന്നും പിഎസ്ജിയിലെത്തിയ ബ്രസീലിയന്‍ സൂപ്പര്‍ താരം നെയ്മറിന്റെ സ്ഥാനവും ആരാധകരെ ആശ്ചര്യപ്പെടുത്തി. ലോകത്തിലെ ഏറ്റവും വിലപിടിപ്പുള്ള താരത്തിന് ലോകത്തിലെ ഏറ്റവും മികച്ച ഫുട്‌ബോളര്‍മാരുടെ പട്ടികയില്‍ ആദ്യ 20ല്‍ പോലും സ്ഥാനം നേടാന്‍ സാധിച്ചിട്ടില്ല.
കെവിന്‍ ഡിബ്രുയ്‌നെ (6), റാഫേല്‍ വരാന്‍ (7), ഹാരി കെയ്ന്‍ (8), അന്റോണിയോ ഗ്രീസ്മാന്‍ (9), മാഴ്‌സെലോ (10), എന്‍ഗാലോ കാന്റെ (11), ഈഡന്‍ ഹസാര്‍ഡ് (12), പോള്‍ പോഗ്ബ (13), ടോണി ക്രൂസ് (14), ഡിയോഗോ ഗോഡിന്‍ (15), സാമുവല്‍ ഉംറ്റിറ്റി (16), എഡിസണ്‍ കവാനി (17), സാഡിയോ മാനെ (18), ഇസ്‌ക്കോ (19), സെര്‍ജിയോ റാമോസ് (20) എന്നിവരാണ് പട്ടികയിലെ ആദ്യ 20ല്‍ ഉള്ളത്. 24ാം സ്ഥാനത്താണ് നെയ്മര്‍. ഗോള്‍ ഡോട്ട് കോമിന്റെ എഡിറ്റര്‍മാരും എഴുത്തുകാരും വോട്ടെടുപ്പിലൂടെയാണ് മികച്ച താരങ്ങളെ തിരഞ്ഞെടുത്തത്.