കളിമണ്‍ കോര്‍ട്ടിനോട് വിട; ടെന്നിസില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച് സ്‌പെയിന്‍ ഇതിഹാസം റാഫേല്‍ നദാല്‍
മാഡ്രിഡ്: ടെന്നീസ് ചരിത്രത്തിലെ ഇതിഹാസങ്ങളിലൊരാളായ സ്പാനിഷ് താരം റാഫേല്‍ നദാലിന്റെ കരിയറിന് വിരാമം. കരിയറിലെ അവസാന പോരാട്ടത്തില്‍ കളിമണ്‍ കോര്‍ട്ടിലെ രാജാവിന് പരാജയത്തോടെയാണ് കളം വിടേണ്ടി വന്നത്.മലാഗയില്‍ നടന്ന മത്സരത്തിന് മുന്നോടിയായി സ്പാനിഷ് ദേശീയ ഗാനം മുഴങ്ങിയപ്പോള്‍ നദാലിനെ വികാരാധീനനായി കാണപ്പെട്ടു. റാഫ, റാഫ വിളികളോടെ പതിനായിരത്തോളം ആരാധകരാണ് അവസാനമത്സരം കാണാനായെത്തിയത്. ഡേവിസ് കപ്പിനുശേഷം വിരമിക്കാനുള്ള തീരുമാനം നേരത്തേതന്നെ കൈക്കൊണ്ടതായിരുന്നു. 22 ഗ്രാന്‍ഡ്സ്ലാം ഉള്‍പ്പെടെ 92 കിരീടങ്ങള്‍ നേടിയിട്ടുണ്ട് ഈ മുപ്പത്തെട്ടുകാരന്‍. 22 വര്‍ഷം നീണ്ട കരിയറിനാണ് അവസാനമാവുന്നത്.
നെതര്‍ലാന്‍ഡ്സുമായുള്ള ക്വാര്‍ട്ടര്‍ ഫൈനലില്‍ സ്പെയിനിനു വേണ്ടി സിംഗിള്‍സിലാണ് അദ്ദേഹം അവസാനമായി റാക്കറ്റേന്തിയത്. പക്ഷെ നെതര്‍ലാന്‍ഡ്സുമായുള്ള പോരാട്ടത്തില്‍ ബോട്ടിച്ച് വാന്‍ഡെ സാല്‍ഡ്ഷുല്‍പ്പിനോടു നദാല്‍ 4-6, 4-6നു കീഴടങ്ങുകയായിരുന്നു.
കഴിഞ്ഞ പാരീസ് ഒളിംപിക്സില്‍ സെര്‍ബിയന്‍ സൂപ്പര്‍ താരം നൊവാക് ജോകോവിച്ചിനോടേറ്റ പരാജയത്തിനു ശേഷം നദാല്‍ ആദ്യമായി റാക്കറ്റേന്തിയ മല്‍സരം കൂടിയായിരുന്നു ഇത്. ഡേവിസ് കപ്പിലേറ്റ തോല്‍വിക്കു ശേഷം വളരെയധികം വികാരധീനനായിട്ടാണ് അദ്ദേഹം കാണപ്പെട്ടത്. ഒരു പൈതൃകം അവശേഷിപ്പിച്ചുവെന്ന മനസമാധാനത്തോടെയാണ് ഞാന്‍ വിടവാങ്ങുന്നത്. അതു വെറും കായികപരമായിട്ടുള്ള മാത്രമല്ല, വ്യക്തിപരമായിട്ടുള്ളതു കൂടിയാണെന്നു തനിക്കു തോന്നുന്നതായും 22 ഗ്രാന്റസ്ലാമുകള്‍ക്കു അവകാശിയായിട്ടുള്ള നദാല്‍ പറഞ്ഞു.
എനിക്കു ലഭിച്ചിട്ടുള്ള സ്നേഹത്തെക്കുറിച്ചു ഞാന്‍ മനസിലാക്കുന്നു. കിരീടങ്ങളും നമ്പറുകളുമെല്ലാം അവിടെയുണ്ട്. ആളുകള്‍ക്കു അവയെല്ലാം അറിയുകയും ചെയ്യാം. പക്ഷെ ഒരു മയോര്‍ക്കയെന്ന ചെറിയ ഗ്രാമത്തില്‍ നിന്നുള്ള നല്ലൊരു വ്യക്തിയായി ഓര്‍മിക്കപ്പെടാനാണ് ഞാന്‍ കൂടുതല്‍ ആഗ്രഹിക്കുന്നതെന്നും നദാല്‍ വ്യക്തമാക്കി.
വളരെ ചെറിയ കുട്ടിയായിരിക്കുമ്പോള്‍ തന്നെ ടെന്നീസ് കോച്ച് കൂടിയായ എന്റെ അമ്മാവന്‍ ഗ്രാമത്തിലുണ്ടായിരുന്നത് ഭാഗ്യമായിട്ടു കാണുന്നു. കൂടാതെ ഓരോ നിമിഷവും കുടുംബത്തില്‍ നിന്നും വലിയ പിന്തുണയും എനിക്കു ലഭിച്ചു. നല്ലൊരു വ്യക്തിയായി ഓര്‍മിക്കപ്പെടണമെന്ന ആഗ്രഹം മാത്രമേ തനിക്കുള്ളൂവെന്നു നദാല്‍ കൂട്ടിച്ചേര്‍ത്തു.സോഷ്യല്‍ മീഡിയയില്‍ തങ്ങളുടെ ഹീറോയായ റാഫേല്‍ നദാലിനെ വാനോളം പുകഴ്ത്തുകയാണ് ആരാധകര്‍. റാഫേല്‍ നദാല്‍ നിങ്ങളൊരു പോരാളിയാണ്. ടെന്നീസ് ലോകത്തിനു നിങ്ങള്‍ നല്‍കിയിട്ടുള്ള സംഭാവനകള്‍ എക്കാലവും ഓര്‍മിക്കപ്പെടും. കളികമണ്‍ കോര്‍ട്ടില്‍ നിങ്ങളെ വെല്ലാന്‍ ഇനിയൊരു താരം പിറവിയെടുക്കില്ലെന്നും ആരാധകര്‍ കുറിക്കുന്നു.