ഇറാന്റെ ആളില്ലാ വിമാനങ്ങളും മിസൈലുകളും വെടിവെച്ചിടാന്‍ ഉപയോഗിച്ച ഇന്റര്‍സെപ്റ്ററുകള്‍, ജെറ്റ് ഇന്ധനം എന്നിവക്ക് ഏകദേശം നാല് ബില്യണ്‍ മുതല്‍ അഞ്ച് ബില്യണ്‍ ഷെക്കല്‍ വരെ ചെലവായി.
പ്രാദേശിക മാധ്യമമായ യെനെറ്റ് ന്യൂസാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. ആക്രമണം ചെറുക്കുന്നതിന് വേണ്ടി ഇസ്രായേല്‍ നേരിട്ട് നടത്തിയ പ്രവര്‍ത്തനങ്ങളുടെ കണക്കുകള്‍ മാത്രമാണിത്. എന്നാല്‍ യു.എസും മറ്റ് സഖ്യകക്ഷികളും ചെലവാക്കിയതിന്റെ കണക്കുകള്‍ ഇതില്‍ ഉള്‍പ്പെടില്ലെന്നും ഇസ്രായേല്‍ അധികൃതര്‍ പറഞ്ഞു.
ഇറാനെ ചെറുക്കാന്‍ ഉപയോഗിച്ച ഇന്റര്‍സെപ്റ്റര്‍ മിസൈലുകള്‍ക്ക് 3.5 മില്യണ്‍ ഡോളര്‍ വരെ വില വരുമെന്നാണ് ഐ.ഡി.എഫിന്റെ മുഖ്യ ഉപദേഷ്ടാവ് കൂടിയായ അമിനോച്ച് പറഞ്ഞത്. അതേസമയം, ഇറാന്‍ തൊടുത്തുവിട്ട 300ലധികം ഡ്രോണുകളിലും മിസൈലുകളിലും 99 ശതമാനവും തകര്‍ക്കാന്‍ സാധിച്ചെന്നാണ് ഐ.ഡി.എഫ് അവകാശപ്പെടുന്നത്.
എല്ലാ യു.എ.വികളും ക്രൂയിസ് മിസൈലുകളും വെടിവച്ചിട്ടതായി ഇസ്രായേല്‍ സൈനിക വക്താവ് ഡാനിയല്‍ ഹഗാരി പറഞ്ഞു. അതേസമയം കുറച്ച് ബാലിസ്റ്റിക് മിസൈലുകള്‍ ഇസ്രായേലില്‍ പതിച്ചതായും അവര്‍ സമ്മതിച്ചു.മിസൈലുകളില്‍ ചിലത് ഇസ്രായേലിന്റെ ചില സൈനിക കേന്ദ്രങ്ങളില്‍ പതിച്ചതായും സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാല്‍ ആക്രമണത്തില്‍ ആര്‍ക്കും ആളപായം ഉണ്ടായിട്ടില്ല.