ഡല്‍ഹിയില്‍ ബഹുനില കെട്ടിടത്തിലെ തീപ്പിടിത്തം; മരണം 27 ആയി

Update: 2022-05-14 01:09 GMT

ന്യൂഡല്‍ഹി: പടിഞ്ഞാറന്‍ ഡല്‍ഹിയിലെ മുണ്ട്ക മെട്രോ സ്റ്റേഷന് സമീപത്തെ നാല് നില കെട്ടിടത്തിലുണ്ടായ തീപ്പിടിത്തത്തില്‍ മരണപ്പെട്ടവരുടെ എണ്ണം 27 ആയി. 70 പേരെ രക്ഷപ്പെടുത്തി. 40 ഓളം പേര്‍ക്ക് പൊള്ളലേറ്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി പോലിസ് അറിയിച്ചു. മെട്രോ സ്‌റ്റേഷന് സമീപത്തുള്ള നാല് നില ഓഫിസ് കെട്ടിടത്തിലാണ് തീപ്പിടിത്തമുണ്ടായത്. കെട്ടിടത്തില്‍ നിന്ന് പുറത്തേക്ക് ചാടിയ പലര്‍ക്കും ഗുരുതരമായി പരിക്കേറ്റു. രക്ഷപ്പെടാനായി കെട്ടിടത്തില്‍ ചാടിയപ്പോള്‍ പരിക്കേറ്റാണ് കൂടുതല്‍ പേര്‍ മരിച്ചത്. പൊള്ളലേറ്റ് മരിച്ചവരേക്കാള്‍ കൂടുതല്‍ പേര്‍ ഇത്തരത്തില്‍ മരിച്ചവരാണ്. തീപ്പിടിത്തത്തിന് കാരണം ഷോര്‍ട്ട് സര്‍ക്യൂട്ടാണെന്നാണ് പ്രാഥമിക നിഗമനം.

24 ഫയര്‍ഫോഴ്‌സ് യൂനിറ്റുകള്‍ ചേര്‍ന്ന് രാത്രി വൈകിയാണ് തീ നിയന്ത്രണവിധേയമാക്കിയത്. എന്‍ഡിആര്‍എഫും രക്ഷാപ്രവര്‍ത്തനത്തിനിറങ്ങി. മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കാമെന്ന് ആശങ്കയുണ്ട്. കെട്ടിടത്തിനുള്ളില്‍ ഇനിയും ആളുകള്‍ കുടുങ്ങിക്കിടക്കുന്നുവെന്ന സംശയത്തിന്റെ അടിസ്ഥാനത്തില്‍ തിരച്ചില്‍ ഇപ്പോഴും തുടരുകയാണ്. കെട്ടിടത്തിന്റെ ഒരു നില മുഴുവന്‍ ഇനിയും തിരച്ചില്‍ നടത്താനുണ്ടെന്ന് അധികൃതര്‍ പറഞ്ഞു. തീ അണച്ചതിനാല്‍ രക്ഷാപ്രവര്‍ത്തനത്തിലാണ് ഇപ്പോള്‍ ശ്രദ്ധ. വൈകീട്ട് 4.45 ഓടെയാണ് കെട്ടിടത്തില്‍ തീപ്പിടുത്തമുണ്ടായത്.

കെട്ടിടത്തിന്റെ ജനലുകള്‍ തകര്‍ത്താണ് അകത്ത് കുടുങ്ങിയവരെ രക്ഷപ്പെടുത്തിയത്. സിസിടിവി കാമറയുടെയും റൂട്ടര്‍ നിര്‍മാണ കമ്പനിയുടെയും ഓഫിസ് പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിന്റെ ഒന്നാം നിലയില്‍ നിന്നാണ് തീ പടര്‍ന്നതെന്ന് ഡെപ്യൂട്ടി പോലിസ് കമ്മീഷണര്‍ (ഔട്ടര്‍) സമീര്‍ ശര്‍മ പറഞ്ഞു. ഇതൊരു സിസിടിവി ഗോഡൗണും ഓഫിസും ആയിരുന്നു. ഞങ്ങള്‍ അപ്പോള്‍ മുതല്‍ തിരച്ചില്‍ നടത്തുകയാണ്. പലരും അകത്ത് കുടുങ്ങിക്കിടക്കുന്നുണ്ടെന്ന് ആളുകള്‍ പറഞ്ഞു- ഡല്‍ഹി ഡെപ്യൂട്ടി ചീഫ് ഫയര്‍ ഓഫിസര്‍ സുനില്‍ ചൗധരി പറഞ്ഞു. അതേസമയം, കെട്ടിട ഉടമകളായ ഹരീഷ് ഗോയലിനെയും വരുണ്‍ ഗോയലിനെയും പോലിസ് കസ്റ്റഡിയിലെടുത്തു.

അപകടത്തില്‍പ്പെട്ടവര്‍ക്ക് പ്രധാനമന്ത്രി ധനസഹായം പ്രഖ്യാപിച്ചു. മരിച്ചവരുടെ കുടുംബത്തിന് രണ്ട് ലക്ഷവും പരുക്കേറ്റവരുടെ കുടുംബത്തിന് 50,000 രൂപയും നല്‍കുമെന്ന് പ്രധാനമന്ത്രി അറിയിച്ചു. ഡല്‍ഹി മന്ത്രി സത്യേന്ദ്ര ജയിന്‍ സംഭവ സ്ഥലത്തെത്തി. സംഭവത്തില്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദ് ദു:ഖം രേഖപ്പെടുത്തി. സംഭവത്തില്‍ ദു:ഖം രേഖപ്പെടുത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദി സംഭവിക്കാന്‍ പാടില്ലാത്തത് സംഭവിച്ചുവെന്ന് പ്രതികരിച്ചു. മരിച്ചവരുടെ കുടുംബത്തിനായി പ്രാര്‍ഥിക്കുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും ദു:ഖം രേഖപ്പെടുത്തി. ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍, ഹര്‍ദീപ് സിങ് പുരി, കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധി എന്നിവരും അനുശോചിച്ചു.

Tags:    

Similar News