ഗോവ സര്‍വകലാശാലയില്‍ അഫ്ഗാന്‍ വിദ്യാര്‍ഥിക്ക് കുത്തേറ്റു
അഫ്ഗാന്‍ സ്വദേശിയും ഗോവ ബിസിനസ് സ്‌കൂളില്‍ എംകോം വിദ്യാര്‍ഥിയുമായ മതീഉല്ല അരിയ(24)യ്ക്കാണു കുത്തേറ്റത്
പനാജി: ഗോവ സര്‍വകലാശാല മൈതാനത്ത് അഫ്ഗാന്‍ വിദ്യാര്‍ഥിയെ കുത്തിപ്പരിക്കേല്‍പ്പിച്ചു. അഫ്ഗാന്‍ സ്വദേശിയും ഗോവ ബിസിനസ് സ്‌കൂളില്‍ എംകോം വിദ്യാര്‍ഥിയുമായ മതീഉല്ല അരിയ(24)യ്ക്കാണു കുത്തേറ്റത്. വിദ്യാര്‍ഥിയെ സമീപത്തെ സ്വകാര്യ ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ മഹാരാഷ്ട്ര തലേഗാവ് സ്വദേശി സതീഷ് നിലകാന്തെ എന്ന യുവാവിനെ പനാജി പോലിസ് അറസ്റ്റ് ചെയ്തു. മൂന്ന് പ്രതികളെ കണ്ടെത്താന്‍ പോലിസ് അന്വേഷണം ഊര്‍ജ്ജിതമാക്കിയതായി സബ് ഇന്‍സ്‌പെക്ടര്‍ അക്ഷയ് പര്‍സേക്കര്‍ പറഞ്ഞു. പ്രതികള്‍ക്കെതിരേ ഐപിസി സെക്്ഷന്‍ 326 പ്രകാരമാണ് കേസെടുത്തത്.
സംഭവത്തെക്കുറിച്ച് നാഷനല്‍ സ്റ്റുഡന്റ്‌സ് യൂനിയന്‍ ഓഫ് ഇന്ത്യ(എന്‍എസ്‌യുഐ) ഗോവ മേധാവി അഹ്‌റാസ് മുല്ല ഗവര്‍ണര്‍ സത്യപാല്‍ മല്ലിക്ക്, മുഖ്യമന്ത്രി പ്രമോദ് സാവന്ത്, മാനവ വിഭവശേഷി വികസന മന്ത്രാലയം(എച്ച്ആര്‍ഡി) എന്നിവര്‍ക്ക് കത്തയച്ചു. സര്‍വകലാശാലയിലെ ഐക്യം തകര്‍ക്കാന്‍ ശ്രമിക്കുന്നവര്‍ക്കതിരേ കര്‍ശന നടപടി സ്വീകരിക്കണമെന്ന് കത്തില്‍ ആവശ്യപ്പെട്ടു. ഇത്തരം ആക്രമണങ്ങള്‍ ശ്രദ്ധയില്‍ പെടുമ്പോള്‍ ജെഎന്‍യു സര്‍വകലാശാലയിലെ അവസ്ഥയിലേക്ക് ഗോവ സര്‍വകലാശാലയും എത്തിച്ചേരുമോ എന്ന് വിദ്യാര്‍ത്ഥികള്‍ ഭയപ്പെടുകയാണ്. ഗോവയിലെ അഫ്ഗാനി വിദ്യാര്‍ത്ഥിക്ക് നേരെയുള്ള ആക്രമണം പഠനത്തിനായി വരുന്ന വിദേശ വിദ്യാര്‍ഥികളുടെ സുരക്ഷയെ ചോദ്യം ചെയ്യുന്നതാണ്. രാജ്യത്തിന്റെ ക്രമസമാധാനം സംബന്ധിച്ച് ലോകമെമ്പാടുമുളള വിദ്യാര്‍ഥികള്‍ക്ക് മോശം അഭിപ്രായമായിരിക്കും ഉണ്ടാവുക. ഗോവ സര്‍വകലാശാലയിലെ ക്രമസമാധാനപാലനത്തിന് കാംപസില്‍ എബിവിപിയെ നിരോധിക്കണമെന്നും അഹറാസ് മുല്ല കത്തില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.