അസം ബോട്ടപകടം: ഒരാള്‍ മരിച്ചു; 87 പേരെ രക്ഷപ്പെടുത്തി, രണ്ടുപേര്‍ക്കായി തിരച്ചില്‍ തുടരുന്നു (വീഡിയോ)

അപകടത്തെക്കുറിച്ച് മജിസ്‌ട്രേറ്റുതല അന്വേഷണത്തിന് മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ ഉത്തരവിട്ടു. കൃത്യനിര്‍വഹണത്തില്‍ വീഴ്ചവരുത്തിയതിന് ഉള്‍നാടന്‍ ജലഗതാഗതവകുപ്പിലെ മൂന്ന് ഉദ്യോഗസ്ഥരെ സസ്‌പെന്റ് ചെയ്തു. ഇന്നലെയാണ് അസമിലെ മാജുലി ദ്വീപിലേക്ക് പോവുകയായിരുന്ന സ്വകാര്യബോട്ടും സര്‍ക്കാര്‍ ബോട്ടും കൂട്ടിയിടിച്ച് അപകടമുണ്ടായത്.

Update: 2021-09-09 10:40 GMT

ഗുവാഹത്തി: അസമില്‍ ബ്രഹ്മപുത്ര നദിയില്‍ യാത്രാബോട്ടുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചു. ഗുവാഹത്തി സ്വദേശി 30 വയസ്സുകാരി പരിമിത ദാസിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. കാണാതായ രണ്ടുപേര്‍ക്കായി തിരച്ചില്‍ തുടരുകയാണ്. 90 യാത്രക്കാരില്‍ 87 പേരെ രക്ഷപ്പെടുത്തിയതായാണ് റിപോര്‍ട്ടുകള്‍. അപകടത്തെക്കുറിച്ച് മജിസ്‌ട്രേറ്റുതല അന്വേഷണത്തിന് മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ ഉത്തരവിട്ടു. കൃത്യനിര്‍വഹണത്തില്‍ വീഴ്ചവരുത്തിയതിന് ഉള്‍നാടന്‍ ജലഗതാഗതവകുപ്പിലെ മൂന്ന് ഉദ്യോഗസ്ഥരെ സസ്‌പെന്റ് ചെയ്തു. ഇന്നലെയാണ് അസമിലെ മാജുലി ദ്വീപിലേക്ക് പോവുകയായിരുന്ന സ്വകാര്യബോട്ടും സര്‍ക്കാര്‍ ബോട്ടും കൂട്ടിയിടിച്ച് അപകടമുണ്ടായത്.

അപകടത്തിന് പിന്നാലെ മാജുലിയിലേക്കുള്ള ഒറ്റ എഞ്ചിന്‍ സ്വകാര്യബോട്ടുകള്‍ നിരോധിച്ചു. അതേസമയം, മറൈന്‍ എന്‍ജിന്‍ ബോട്ടുകള്‍ക്ക് സര്‍ക്കാര്‍ സബ്‌സിഡി നല്‍കും. കനത്ത മഴയെത്തുടര്‍ന്ന് ജലനിരപ്പുയര്‍ന്ന ബ്രഹ്മപുത്ര നദിയിലെ രക്ഷാപ്രവര്‍ത്തനം ദുഷ്‌കരമാണ്. ദേശീയ ദുരന്തനിവാരണ സേനയും സംസ്ഥാന ദുരന്തനിവാരണ സേനയും സംയുക്തമായാണ് രക്ഷാപ്രവര്‍ത്തനം തുടരുന്നത്. സേനാ വിഭാഗങ്ങളുടെ സഹായവുമുണ്ട്. കാഴ്ച പരിധി കുറഞ്ഞതിനെത്തുടര്‍ന്ന് പുലര്‍ച്ചെ 3 മണിയോടെ നിര്‍ത്തിവച്ച രക്ഷാപ്രവര്‍ത്തനം 6 മണിയോടെയാണ് പുനരാരംഭിച്ചത്. സര്‍ക്കാര്‍ ബോട്ടുമായി കൂട്ടിയിടിച്ച ശേഷം മറിഞ്ഞ സ്വകാര്യബോട്ടില്‍ 90ന് മുകളില്‍ യാത്രക്കാരുണ്ടായിരുന്നതായാണ് വിവരം.

ഭൂരിഭാഗം പേരെയും രക്ഷിക്കാനായി. സാരമായി പരിക്കേറ്റ എട്ടുപേര്‍ ജോര്‍ഹത്ത് മെഡിക്കല്‍ കോളജില്‍ ചികില്‍സയിലാണ്. സര്‍ക്കാര്‍ ബോട്ടിലുണ്ടായിരുന്നവരെല്ലാം നീന്തി രക്ഷപ്പെട്ടതായാണ് വിവരം. കൃത്യനിര്‍വഹണത്തില്‍ വീഴ്ചവരുത്തിയതായി കണ്ടെത്തിയതിനെത്തുടര്‍ന്ന് ഇന്‍ലാന്റ് വാട്ടര്‍ ട്രാസ്‌പോര്‍ട്ട് ഡിപ്പാര്‍ട്ട്‌മെന്റിലെ എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ ഇന്‍ ചാര്‍ജ്, അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ ഇന്‍ചാര്‍ജ്, ജൂനിയര്‍ എന്‍ജിനീയര്‍ എന്നിവരെയാണ് സസ്‌പെന്റ് ചെയ്തത്. അപകടത്തില്‍ ദു:ഖം രേഖപ്പെടുത്തിയ മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ ഇന്ന് സ്ഥലം സന്ദര്‍ശിച്ച് രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി. 'കുറഞ്ഞത് 90 പേരുണ്ടായിരുന്നു.

ഒരാള്‍ മരിക്കുകയും രണ്ടുപേരെ കാണാതായതായും റിപോര്‍ട്ടുണ്ട്. ഇതുവരെ 87 പേരെ രക്ഷിച്ചു,'- അപകടസ്ഥലം സന്ദര്‍ശിച്ച ശേഷം മാധ്യമപ്രവര്‍ത്തകരോട് ശര്‍മ പറഞ്ഞു. 'അപകടത്തില്‍ ക്രിമിനല്‍ കേസ് ഫയല്‍ ചെയ്യാന്‍ ജോര്‍ഹട്ട് പോലിസിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇന്ന് വൈകുന്നേരത്തോടെ അപകടത്തിന് പിന്നിലെ കാരണങ്ങള്‍ കണ്ടെത്താന്‍ ഉന്നതതല അന്വേഷണം പ്രഖ്യാപിക്കും- അദ്ദേഹം പറഞ്ഞു. രണ്ട് ബോട്ടുകളും കൂട്ടിയിടിക്കുന്ന നിമിഷം പകര്‍ത്തിയ വീഡിയോ കോണ്‍ഗ്രസ് അഖിലേന്ത്യാ അസംഘടിത തൊഴിലാളി കോണ്‍ഗ്രസ് പുറത്തുവിട്ടു.

സ്ത്രീകളടക്കം ഒരുബോട്ടിലെ യാത്രക്കാര്‍ ഭീതിയോടെ നിലവിളിക്കുകയും പിന്നീട് ബോട്ട് മറിയാന്‍ തുടങ്ങുമ്പോള്‍ നദിയിലേക്ക് ചാടുകയും ചെയ്യുന്നു. അവരില്‍ ചിലര്‍ മറ്റൊരു ബോട്ടിലേക്ക് നീന്താന്‍ ശ്രമിക്കുന്നത് കാണാം. ഏഴ് എസ്ഡിആര്‍എഫ് ആഴത്തിലുള്ള മുങ്ങല്‍ വിദഗ്ധര്‍ ഉള്‍പ്പെടെ 41 പേര്‍ ഏഴ് രക്ഷാപ്രവര്‍ത്തന ബോട്ടുകള്‍ ഉപയോഗിച്ച് തിരച്ചില്‍ നടത്തുകയാണ്. 24 രക്ഷാപ്രവര്‍ത്തന ബോട്ടുകളുമായി 167 ഉദ്യോഗസ്ഥരുടെ ഒരു എന്‍ഡിആര്‍എഫ് സംഘവും ഉള്‍പ്പെടുന്നുണ്ട്. വ്യോമസേന ബ്രഹ്മപുത്രയില്‍ താഴ്ന്ന പ്രദേശങ്ങളില്‍ ഹെലികോപ്റ്ററുകള്‍ ഉപയോഗിച്ച് വ്യോമനിരീക്ഷണം നടത്തുന്നുണ്ട്. രക്ഷാപ്രവര്‍ത്തനത്തില്‍ ദുരന്തപ്രതികരണ സംഘങ്ങളെ സഹായിക്കാന്‍ സൈന്യം മുങ്ങല്‍ വിദഗ്ധരുടെ ഒരു സംഘത്തെയും അയച്ചിട്ടുണ്ട്. അപകടത്തെത്തുടര്‍ന്ന് വിവരങ്ങള്‍ അറിയാന്‍ അസം എമര്‍ജന്‍സി നമ്പറുകള്‍ നല്‍കിയിട്ടുണ്ട്.

Tags:    

Similar News