കശ്മീര്‍ പോസ്റ്റര്‍ കേസ്: റിന്‍ഷാദിനെതിരേ മുഖംമൂടി സംഘത്തിന്റെ ആക്രമണം; സംഘപരിവാരത്തിനെതിരേ ശബ്ദിച്ചാല്‍ നജീബിന്റെ ഗതി വരുമെന്ന് ഭീഷണി

ഇന്നലെ രാത്രി ഏഴോടെയാണ് ആക്രമണമുണ്ടായത്. വീട്ടില്‍ മറ്റാരുമില്ലാതിരുന്ന സമയത്ത് അതിക്രമിച്ച് കയറിയ മുഖംമൂടി സംഘം റിന്‍ഷാദിനെ മാരകായുധങ്ങള്‍ ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നു.

Update: 2019-03-26 12:15 GMT

മലപ്പുറം: ഗവണ്‍മെന്റ് കോളജില്‍ കശ്മീര്‍ വിഷയത്തില്‍ പോസ്റ്റര്‍ പതിച്ചതുമായി ബന്ധപ്പെട്ട് രാജ്യദ്രോഹക്കുറ്റം ചുമത്തി ജയിലിലടയ്ക്കപ്പെട്ട വിദ്യാര്‍ഥി റിന്‍ഷാദിനെതിരേ മുഖംമൂടി സംഘത്തിന്റെ ആക്രമണം. ഇന്നലെ രാത്രി ഏഴോടെയാണ് ആക്രമണമുണ്ടായത്. വീട്ടില്‍ മറ്റാരുമില്ലാതിരുന്ന സമയത്ത് അതിക്രമിച്ച് കയറിയ മുഖംമൂടി സംഘം റിന്‍ഷാദിനെ മാരകായുധങ്ങള്‍ ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നു.

ഇരുമ്പ് ദണ്ഡ്, വടി തുടങ്ങിയ മാരകായുധങ്ങളുമായെത്തിയ മൂന്നംഗസംഘമാണ് ആക്രമണത്തിനു പിന്നിലെന്ന് റിന്‍ഷാദ് പറഞ്ഞു. റിന്‍ഷാദിന്റെ കയ്യിലും കാലിലും ചതവ് പറ്റിയിട്ടുണ്ട്.

സംഘപരിവാറിനെതിരേ ഇനി ശബ്ദിച്ചാല്‍ നിനക്കും നജീബിന്റെ ഗതിവരുമെന്ന് സംഘം ഭീഷണിപ്പെടുത്തുകയും ചെയ്തു.സംഭവത്തില്‍ മേലാറ്റൂര്‍ പോലിസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു. ആക്രമണത്തിനെതിരേ

ഇന്ന് വൈകീട്ട് ഏഴിന് റിന്‍ഷാദിന്റെ നാട്ടില്‍ ജനകീയ പ്രതിഷേധ പരിപാടി നടക്കും. അതേസമയം തങ്ങളുടെ അറിവോടെയല്ല സംഭവം നടന്നതെന്ന് പ്രാദേശിക ബിജെപി നേതൃത്വം അറിയിച്ചതായി റിന്‍ഷാദിന്റെ ബന്ധു ജലാല്‍ പറഞ്ഞു. പ്രതിഷേധപരിപാടിയില്‍ ബിജെപിയും പങ്കെടുക്കുമെന്ന് അവര്‍ അറിയിച്ചതായും ജലാല്‍കൂട്ടിച്ചേര്‍ത്തു.

Tags:    

Similar News