ബഹ്‌റയ്ന്‍ ഉച്ചകോടിയില്‍ ഇസ്രായേല്‍ പങ്കെടുക്കുമെന്ന് ബെഞ്ചമിന്‍ നെതന്യാഹു
ബഹ്‌റെയ്‌നില്‍ അടുത്തിടെ നടക്കുന്ന സുപ്രധാന ഉച്ചകോടിയില്‍ ഇസ്രായേല്‍ തീര്‍ച്ചയായും പങ്കെടുക്കുമെന്ന് തെല്‍ അവീവില്‍ നടന്ന ചടങ്ങില്‍ നെതന്യാഹു പറഞ്ഞു. ബഹ്‌റയ്ന്‍ തലസ്ഥാനമായ മനാമയില്‍ ഈ മാസം 25, 26 തിയ്യതികളിലായി ട്രംപ് ഭരണകൂടമാണ് ഉച്ചകോടി സംഘടിപ്പിക്കുന്നത്.
തെല്‍ അവീവ്: പശ്ചിമേഷ്യയിലെ സംഘര്‍ഷങ്ങള്‍ക്ക് അറുതിവരുത്താനുള്ള യുഎസിന്റെ സമാധാന പദ്ധതികളുടെ ഭാഗമായി അടുത്താഴ്ച ബഹ്‌റയ്‌നില്‍ നടക്കുന്ന ഉച്ചകോടിയില്‍ ഇസ്രായേല്‍ പങ്കെടുക്കുമെന്ന് പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു.
ബഹ്‌റെയ്‌നില്‍ അടുത്തിടെ നടക്കുന്ന സുപ്രധാന ഉച്ചകോടിയില്‍ ഇസ്രായേല്‍ തീര്‍ച്ചയായും പങ്കെടുക്കുമെന്ന് തെല്‍ അവീവില്‍ നടന്ന ചടങ്ങില്‍ നെതന്യാഹു പറഞ്ഞു. ബഹ്‌റയ്ന്‍ തലസ്ഥാനമായ മനാമയില്‍ ഈ മാസം 25, 26 തിയ്യതികളിലായി ട്രംപ് ഭരണകൂടമാണ് ഉച്ചകോടി സംഘടിപ്പിക്കുന്നത്. യുഎസ് സമാധാന പദ്ധതിയുടെ സാമ്പത്തിക ഘടകങ്ങള്‍ അനാവരണം ചെയ്യുന്നതാണ് ഉച്ചകോടി. ട്രംപിന്റെ മരുകന്‍ ജാറെദ് കുഷ്‌നര്‍ തയ്യാറാക്കിയതാണ് പദ്ധതി. എന്നാല്‍, ഇസ്രായേലിനെ വന്‍ തോതില്‍ പ്രീതിപ്പെടുത്തുന്നതാണെന്നു ചൂണ്ടിക്കാട്ടി ഫലസ്തീന്‍ ഈ പദ്ധതിയെ എതിര്‍ക്കുകയാണ്.ഫലസ്തീനികള്‍ക്ക് സാമ്പത്തിക അവസരങ്ങള്‍ പ്രദാനം ചെയ്യുകയെന്ന ലക്ഷ്യത്തോടെയാണ് പദ്ധതി, എന്നാല്‍ പലസ്തീന്‍ രാഷ്ട്രം സൃഷ്ടിക്കുന്നതിനുള്ള അന്താരാഷ്ട്ര ആഹ്വാനങ്ങളെ അംഗീകരിക്കില്ലെന്ന് കുഷ്‌നര്‍ സൂചന നല്‍കിയിരുന്നു.
മികച്ച ഭാവിക്കായി പ്രാദേശികമായി പരിഹാരം നല്‍കാനുള്ള യുഎസ് ശ്രമങ്ങളെ സ്വാഗതം ചെയ്യുന്നതായും നെതന്യാഹു പറഞ്ഞു.സമ്മേളനത്തില്‍ ഇസ്രയേലിനെ പ്രതിനിധീകരിക്കുമെന്ന് വിദേശകാര്യ മന്ത്രി ഇസ്രായേല്‍ കാറ്റ്‌സ് തിങ്കളാഴ്ച പറഞ്ഞു. യുഎസ് സഖ്യകക്ഷികളായ യുഎഇയും സൗദി അറേബ്യയും പങ്കെടുക്കും. അതേസമയം, ഈജിപ്ത്, ജോര്‍ദാന്‍, മൊറോക്കോ എന്നീ രാജ്യങ്ങള്‍ പങ്കെടുക്കുമോയെന്ന കാര്യത്തില്‍ സ്ഥിരീകരണം നല്‍കിയിട്ടില്ല.
യുഎസിന്റെ നേതൃത്വത്തിലുള്ള സമാധാന സമ്മേളനം ബഹിഷ്‌കരിക്കുമെന്ന് പലസ്തീന്‍ നേതൃത്വം അറിയിച്ചിട്ടുണ്ട്. നിരവധി പ്രമുഖ പലസ്തീന്‍ വ്യവസായികളും ക്ഷണം നിരസിച്ചു. 2017 ഡിസംബറില്‍ ജറുസലേമിനെ ഇസ്രായേലിന്റെ തലസ്ഥാനമായി അംഗീകരിച്ചതിനുശേഷം പലസ്തീനികള്‍ യുഎസ് ഭരണത്തെ ബഹിഷ്‌കരിച്ച് വരികയാണ്.