ബിജെപി സര്‍ക്കാര്‍ പൗരന്‍മാരെ നിശബ്ദമാക്കി ജനാധിപത്യം കവര്‍ന്നെടുക്കുന്നു: എം കെ ഫൈസി
കോഴിക്കോട്: കേന്ദ്ര ബിജെപി സര്‍ക്കാര്‍ പൗരന്‍മാരെ നിശബ്ദമാക്കി ജനാധിപത്യം കവര്‍ന്നെടുത്തുകൊണ്ടിരിക്കുകയാണെന്ന് എസ്ഡിപിഐ ദേശീയ പ്രസിഡന്റ് എം കെ ഫൈസി. കോഴിക്കോട് എംഎസ്എസ് ഓഡിറ്റോറിയത്തില്‍ പാര്‍ട്ടി സംസ്ഥാന, ജില്ലാ നേതാക്കള്‍ പങ്കെടുത്ത ലീഡേഴ്‌സ് സമ്മിറ്റില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ബിജെപി അല്ലാത്ത ഒരു രാഷ്ട്രീയ പ്രസ്ഥാനവും സ്വതന്ത്രമായി പ്രവര്‍ത്തിക്കാന്‍ പാടില്ലെന്ന തീട്ടൂരമാണ്. അതിനായി ഇഡി, എന്‍ഐഎ, ഇന്‍കം ടാക്‌സ് തുടങ്ങിയ കേന്ദ്ര ഏജന്‍സികളെ ദുരുപയോഗം ചെയ്യുകയാണ്. ബിജെപി ഇതര പ്രസ്ഥാനങ്ങളെയും മാധ്യമ സ്ഥാപനങ്ങളെയും റെയ്ഡിലൂടെയും അറസ്റ്റിലൂടെയും നിശബ്ദമാക്കാനും വരുതിയിലാക്കാനുമാണ് ശ്രമിക്കുന്നത്.
ഗുജറാത്ത് വംശഹത്യയില്‍ മോദിയുടെ പങ്ക് വെളിപ്പെടുത്തുന്ന ഡോക്യുമെന്ററി പ്രക്ഷേപണം ചെയ്തതിന്റെ പേരില്‍ ബിബിസിയുടെ ഓഫീസില്‍ പോലും റെയ്ഡ് നടത്തിയത് ഉദാഹരണമാണ്. രാജ്യത്ത് ചങ്ങാത്ത മുതലാളിമാര്‍ക്കും സംഘപരിവാര അനുകൂലികള്‍ക്കും മാത്രമാണ് സുരക്ഷയുള്ളത്. ബിജെപിയെയും കേന്ദ്ര ഭരണത്തെയും വിമര്‍ശിച്ച ഒരു സ്ഥാപനവും പാര്‍ട്ടിയും അവരുടെ നീരാളി കൈകളില്‍ നിന്നു രക്ഷപ്പെട്ടിട്ടില്ല. ബിജെപിയുടെ അക്രമത്തിനും ഭീഷണിക്കും ഇരകളാക്കപ്പെടുന്നത് ഏതെങ്കിലും ഒരു മതവിഭാഗമോ പ്രസ്ഥാനമോ അല്ല.
മുസ്‌ലിംകളും ക്രൈസ്തവരും ദലിതരും ഉള്‍പ്പെടെ എല്ലാ വിഭാഗങ്ങളും അവരുടെ അക്രമങ്ങള്‍ക്ക് ഇരകളാക്കപ്പെടുന്നു. സാമൂഹിക ജനാധിപത്യം എന്ന ചരിത്ര ദൗത്യനിര്‍വഹണത്തിലൂടെ മാത്രമേ ഫാഷിസത്തിന്റെ അപകടത്തില്‍ നിന്നും രാജ്യത്തെ രക്ഷിക്കാന്‍ കഴിയൂ. സര്‍വ സംഹാരശക്തിയോടെ അധികാരം കൈയടക്കി മുന്നേറുമ്പോള്‍ തന്നെയാണ് ഹിറ്റ്‌ലര്‍ തകര്‍ന്നടിഞ്ഞതെന്ന ചരിത്ര സത്യം നാം തിരിച്ചറിയണം. ഇന്ത്യന്‍ ഫാഷിസത്തിന്റെ പരാജയവും വിദൂരമല്ലെന്നും ശുഭപ്രതീക്ഷയോടെ ജനാധിപത്യ മുന്നേറ്റങ്ങള്‍ തുടരണമെന്നും എംകെ ഫൈസി ഓര്‍മിപ്പിച്ചു.
സംസ്ഥാന പ്രസിഡന്റ് മൂവാറ്റുപുഴ അഷ്‌റഫ് മൗലവി അധ്യക്ഷത വഹിച്ചു. ദേശീയ ജനറല്‍ സെക്രട്ടറി പി അബ്ദുല്‍ മജീദ് ഫൈസി, ദേശീയ സമിതിയംഗങ്ങളായ സഹീര്‍ അബ്ബാസ്, സി പി എ ലത്തീഫ്, സംസ്ഥാന വൈസ് പ്രസിഡന്റ് പി അബ്ദുല്‍ ഹമീദ്, സംസ്ഥാന ജനറല്‍ സെക്രട്ടറിമാരായ റോയ് അറയ്ക്കല്‍, അജ്മല്‍ ഇസ്മായീല്‍, പി പി റഫീഖ്, സെക്രട്ടറിമാരായ പി ആര്‍ സിയാദ്, കെ കെ അബ്ദുല്‍ ജബ്ബാര്‍, കൃഷ്ണന്‍ എരഞ്ഞിക്കല്‍, പി ജമീല സംബന്ധിച്ചു.