യുപിയില്‍ മുസ്‌ലിം ഗൃഹനാഥനെ വീട് കയറി ആക്രമിച്ച് കൊലപ്പെടുത്തിയ സംഭവം: ബിജെപി നേതാവ് ഉള്‍പ്പെടെ 22 പേര്‍ അറസ്റ്റില്‍
പ്രാദേശിക മുനിസിപ്പാലിറ്റിയുടെ തലവനായി സേവനമനുഷ്ഠിക്കുന്ന അശോക് കുമാര്‍ ജയ്‌സ്വാളാണ് അറസ്റ്റിലായ ബിജെപി നേതാവ്.
ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ ഭദോഹിയില്‍ മുസ്‌ലിം ഗൃഹനാഥനെ കൊലപ്പെടുത്തിയ കേസില്‍ ബിജെപി നേതാവ് ഉള്‍പ്പെടെ 22 പേര്‍ അറസ്റ്റില്‍. ബുധനാഴ്ചയാണ് കേസിനാസ്പദമായ സംഭവം. 55കാരനായ മുസ്തഖീം ആണ് കൊല്ലപ്പെട്ടത്. പ്രാദേശിക മുനിസിപ്പാലിറ്റിയുടെ തലവനായി സേവനമനുഷ്ഠിക്കുന്ന അശോക് കുമാര്‍ ജയ്‌സ്വാളാണ് അറസ്റ്റിലായ ബിജെപി നേതാവ്. ഇയാള്‍ക്കെതിരേ ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 304ാം വകുപ്പ് പ്രകാരമാണ് പോലിസ് കേസെടുത്തിരിക്കുന്നത്.
ചൊവ്വാഴ്ച മുസ്തഖീമിന്റെ ആട് അയല്‍വാസിയായ സന്ദീപിന്റെ പറമ്പില്‍ അലഞ്ഞുതിരിഞ്ഞതിനു പിന്നാലെ ഇരു വിഭാഗവും തമ്മില്‍ തര്‍ക്കമുണ്ടാവുകയും അന്നു വൈകീട്ട് ജയ്‌സ്വാളിന്റെ നേതൃത്വത്തില്‍ ഒരു സംഘം കത്ര ബസാര്‍ മേഖലയിലെ മുസ്‌കീമിന്റെ വീട്ടില്‍ അതിക്രമിച്ചു കയറി ക്രൂരമായ ആക്രമണം അഴിച്ചുവിടുകയായിരുന്നു.
ആക്രമണത്തിനിടെയുണ്ടായ ആന്തരിക മുറിവുകളെ തുടര്‍ന്നാണ് മുസ്‌കിം മരിച്ചത്. അദ്ദേഹത്തിന്റെ രണ്ട് ആണ്‍മക്കള്‍ക്കും പെണ്‍മക്കള്‍ക്കും ആക്രമണത്തില്‍ പരിക്കേറ്റതായി പിടിഐ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇവര്‍ ആശുപത്രിയില്‍ ചികില്‍സയിലാണ്്. അപ്രതീക്ഷിത സംഭവങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ മേഖലയില്‍ കൂടുതല്‍ സേനയെ വിന്യസിച്ചിട്ടുണ്ട്.