നയപ്രഖ്യാപന പ്രസംഗത്തിന്റെ കരട് അംഗീകരിച്ച് മന്ത്രിസഭായോഗം

Update: 2023-01-19 08:02 GMT

തിരുവനന്തപുരം: ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗത്തിന്റെ കരടിന് മന്ത്രിസഭായോഗം അംഗീകാരം നല്‍കി. കൂടുതല്‍ കൂട്ടിച്ചേര്‍ക്കലിന് മുഖ്യമന്ത്രിയെ ചുമതലപ്പെടുത്തി. മന്ത്രിസഭാ ഉപസമിതി തയ്യാറാക്കിയ കരടാണ് കാബിനറ്റ് അംഗീകരിച്ചത്. കടമെടുപ്പ് പരിധിയില്‍ ഇളവ് നല്‍കുന്നതിലടക്കം വിവിധ വിഷയങ്ങളില്‍ കേന്ദ്രസര്‍ക്കാരിനെതിരെയുള്ള വിമര്‍ശനം പ്രസംഗത്തില്‍ ഉള്‍പ്പെടുത്തിയേക്കും. എന്നാല്‍, കേന്ദ്രത്തിനെതിരായ വിമര്‍ശനങ്ങള്‍ ഗവര്‍ണര്‍ വായിക്കുമോ എന്ന് വ്യക്തമല്ല. ഈ മാസം 23ന് നയപ്രഖ്യാപന പ്രസംഗത്തോടെയാണ് നിയമസഭാ സമ്മേളനം ആരംഭിക്കുക.

നിയമസഭയില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ നടത്തുന്ന നയപ്രഖ്യാപന പ്രസംഗത്തിന്റെ നന്ദിപ്രമേയ ചര്‍ച്ച രണ്ടുദിവസമാക്കി ചുരുക്കാനാണ് ആലോചന. 25നു നിയമസഭ ചേരില്ല. 23നു ഗവര്‍ണറുടെ നയപ്രഖ്യാപനത്തിനുശേഷം ചേരുന്ന കാര്യോപദേശക സമിതി യോഗമാണ് അന്തിമ തീരുമാനമെടുക്കുക. 26ന് റിപ്പബ്ലിക് ദിനത്തില്‍ മന്ത്രിമാര്‍ക്ക് ജില്ലകളില്‍ പതാക ഉയര്‍ത്താന്‍ പോവേണ്ടതിനാല്‍ 25ന് ഒരുദിവസം മാത്രമായി നിയമസഭ ചേരേണ്ടെന്നാണ് പൊതു അഭിപ്രായം. ഈ സാഹചര്യത്തില്‍ ഫെബ്രുവരി ഒന്ന്, രണ്ട് തിയ്യതികളില്‍ കൂടുതല്‍ സമയമെടുത്തു നന്ദിപ്രമേയ ചര്‍ച്ച പൂര്‍ത്തിയാക്കാനാണു ധാരണ. ഫെബ്രുവരി മൂന്നിനു ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ ബജറ്റ് അവതരിപ്പിക്കും.

Tags:    

Similar News