കള്ളപ്പണം വെളുപ്പിക്കല്‍ കേസ്: ഫാറൂഖ് അബ്ദുല്ലക്കെതിരേ കുറ്റപത്രം സമര്‍പ്പിച്ച് ഇഡി

Update: 2022-07-26 12:19 GMT

ന്യൂഡല്‍ഹി: ജമ്മു കശ്മീര്‍ ക്രിക്കറ്റ് അസോസിയേഷനിലെ സാമ്പത്തിക ക്രമക്കേടുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ജമ്മു കശ്മീര്‍ മുന്‍ മുഖ്യമന്ത്രി ഫാറൂഖ് അബ്ദുല്ലയ്‌ക്കെതിരേ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കുറ്റപത്രം സമര്‍പ്പിച്ചു. ക്രിക്കറ്റ് അസോസിയേഷന്‍ ചെയര്‍മാനായിരുന്ന സമയത്ത് ഫാറൂഖ് അബ്ദുല്ല അസോസിയേഷന്റെ ഫണ്ട് ഭാരവാഹികളുള്‍പ്പടെയുള്ളവരുടെ വ്യക്തിഗത അക്കൗണ്ടുകളിലേക്ക് വകമാറ്റിയെന്നതാണ് കേസ്.

അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കുന്നതിന് ജമ്മു കശ്മീര്‍ ക്രിക്കറ്റ് അസോസിയേഷന് 2002 മുതല്‍ 2011 വരെ ബിസിസിഐ 113 കോടി രൂപ ഗ്രാന്റായി നല്‍കിയിരുന്നു. ഇതില്‍ 43.69 കോടി രൂപ ദുരുപയോഗം ചെയ്തുവെന്നാണ് ആരോപണം. കേസുമായി ബന്ധപ്പെട്ട് ഒമര്‍ അബ്ദുല്ലയെ ഇഡി മെയ് 31ന് ശ്രീനഗറില്‍ മൂന്ന് മണിക്കൂര്‍ ചോദ്യം ചെയ്തിരുന്നു. 2015ല്‍ ജമ്മു കശ്മീര്‍ ഹൈകോടതി സിബിഐയ്ക്ക് കേസ് കൈമാറുകയും 2018ല്‍ ഫാറൂഖ് അബ്ദുല്ല അടക്കം നാലു പേരെ പ്രതിയാക്കി സിബിഐ കുറ്റപത്രം സമര്‍പ്പിക്കുകയും ചെയ്തിരുന്നു. ഇതിന്റെ ഭാഗമായുള്ള കള്ളപ്പണം വെളുപ്പിക്കല്‍ കേസാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അന്വേഷിക്കുന്നത്.

കേസില്‍ 84കാരനായ ഫാറൂഖ് അബ്ദുല്ലയെ ഇഡി നിരവധി തവണ ചോദ്യം ചെയ്തിരുന്നു. കഴിഞ്ഞ മെയ് 31നായിരുന്നു ഏറ്റവുമവസാനം ചോദ്യം ചെയ്തത്. ശ്രീനഗറില്‍ വച്ചുള്ള ചോദ്യം ചെയ്യല്‍ മൂന്ന് മണിക്കൂര്‍ നീണ്ടുനിന്നു. 2019ലും ഫാറൂഖിന്റെ മൊഴി ഇഡി രേഖപ്പെടുത്തിയിരുന്നു. 2020 ഡിസംബറില്‍ അബ്ദുല്ലയുടെ 11.86 കോടി വിലവരുന്ന സ്വത്തുവഹകള്‍ അന്വേഷണ ഏജന്‍സി ജപ്തി ചെയ്തിരുന്നു.

Tags:    

Similar News