കാമറ ദൃശ്യങ്ങള്‍ പരിശോധിക്കൂ, താന്‍ ആക്രമിക്കാന്‍ ശ്രമിച്ചിട്ടില്ല; ഗവര്‍ണറുടെ ആരോപണം നിഷേധിച്ച് ഇര്‍ഫാന്‍ ഹബീബ്

. ആരിഫ് മുഹമ്മദ് ഖാനുമായി മുന്‍പ് വേദി പങ്കിട്ടിട്ടില്ല. അദ്ദേഹം മന്ത്രിയായിരുന്നപ്പോള്‍ പലതവണ കണ്ടിട്ടുണ്ട്. താന്‍ അധ്യാപകന്‍ ആയിരുന്നപ്പോള്‍ സര്‍വകലാശാലയില്‍ അദ്ദേഹം വിദ്യാര്‍ത്ഥിയായിരുന്നുവെന്നും ചരിത്രകാരന്‍ ഇര്‍ഫാന്‍ ഹബീബ് വ്യക്തമാക്കി.

Update: 2022-09-19 14:10 GMT

ന്യൂഡല്‍ഹി: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ ആരോപണം നിഷേധിച്ച് ചരിത്രകാരന്‍ ഇര്‍ഫാന്‍ ഹബീബ്. താന്‍ ഗവര്‍ണറെ ആക്രമിക്കാന്‍ ശ്രമിച്ചിട്ടില്ലെന്ന് ഇര്‍ഫാന്‍ ഹബീബ് സ്വകാര്യ ചാനലിനോട് പറഞ്ഞു.ദൃശ്യങ്ങള്‍ പരിശോധിച്ചാല്‍ അത് വ്യക്തമാകുമെന്നും എല്ലാം സംഭവിച്ചത് ക്യാമറകള്‍ക്ക് മുന്നിലാണെന്നും അദ്ദേഹം പറഞ്ഞു.

സംശയമുള്ള ആര്‍ക്കും കാമറ ദൃശ്യങ്ങള്‍ പരിശോധിക്കാം. താന്‍ ഡല്‍ഹി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ആളല്ല. അതിനാല്‍ ഡല്‍ഹി ഗൂഡലോചയില്‍ തനിക്ക് പങ്കില്ല. സാധാരണ ജനങ്ങള്‍ക്കില്ലാത്ത സുരക്ഷാ പ്രോട്ടൊക്കോള്‍ ഗവര്‍ണര്‍മാര്‍ക്ക് ഉള്ള രാജ്യമല്ല താന്‍ ആഗ്രഹിച്ചത്.

ആരിഫ് മുഹമ്മദ് ഖാനുമായി മുന്‍പ് വേദി പങ്കിട്ടിട്ടില്ല. അദ്ദേഹം മന്ത്രിയായിരുന്നപ്പോള്‍ പലതവണ കണ്ടിട്ടുണ്ട്. താന്‍ അധ്യാപകന്‍ ആയിരുന്നപ്പോള്‍ സര്‍വകലാശാലയില്‍ അദ്ദേഹം വിദ്യാര്‍ത്ഥിയായിരുന്നുവെന്നും ചരിത്രകാരന്‍ ഇര്‍ഫാന്‍ ഹബീബ് വ്യക്തമാക്കി.

തന്റെ ഇരിപ്പിടത്തില്‍ നിന്നും എഴുന്നേറ്റ് ഇര്‍ഫാന്‍ ഹബീബ് തനിക്ക് നേരെ വരുമ്പോള്‍ അത് തന്നെ ആക്രമിക്കാനാണെന്ന് അനുമാനിച്ചുകൂടേയെന്നായിരുന്നു ഗവര്‍ണറുടെ ചോദ്യം. ഇര്‍ഫാന്‍ ഹബീബ് എന്തിന് തനിക്ക് നേരെ നടന്നടുത്തു. പ്രതിഷേധിക്കാനാണെങ്കില്‍ വേദിയിലാണോ ചെയ്യേണ്ടത്. തന്നെ ബാധിച്ച വിഷയമെന്ന നിലയിലാണ് ഇതുവരെ താന്‍ നേരിട്ട് നടപടികള്‍ ആവശ്യപ്പെടാതിരുന്നത്. വേദിയിലിരിക്കുന്നവര്‍ക്ക് വേദി വിട്ടിറങ്ങണമെങ്കില്‍ ഗവര്‍ണര്‍ ആദ്യം വേദി വിടണം. അതാണ് സുരക്ഷാ പ്രോട്ടോക്കോളെന്നും ആരിഫ് മുഹമ്മദ് ഖാന്‍ പറഞ്ഞിരുന്നു.

Tags:    

Similar News