ബ്രാഹ്മണരെ ബഹിഷ്‌കരിക്കണമെന്ന് ആഹ്വാനം; ഛത്തീസ്ഗഢ് മുഖ്യമന്ത്രിയുടെ പിതാവിനെതിരേ കേസ്
'ആരും നിയമത്തിന് അതീതരല്ല, ആ വ്യക്തി എന്റെ 86 വയസായ അച്ഛനാണെങ്കില്‍ പോലും. ഛത്തീസ്ഗഢ് സര്‍ക്കാര്‍ എല്ലാ മതങ്ങളെയും വിഭാഗങ്ങളെയും സമുദായങ്ങളെയും അവരുടെ വികാരങ്ങളെയും മാനിക്കുന്നു. ഒരു സമുദായത്തിനെതിരായ എന്റെ പിതാവ് നന്ദകുമാര്‍ ബാഘേലിന്റെ പരാമര്‍ശം സാമുദായിക സമാധാനം തകര്‍ത്തു.
റായ്പൂര്‍: ബ്രാഹ്മണരെ ബഹിഷ്‌കരിക്കാന്‍ ആഹ്വാനം ചെയ്ത പരാമര്‍ശങ്ങളുടെ പേരില്‍ ഛത്തിസ്ഗഢ് മുഖ്യമന്ത്രി ഭൂപേഷ്‌സിങ് ബാഘേലിന്റെ പിതാവ് നന്ദകുമാര്‍ ബാഘേലിനെതിരേ പോലിസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു. 'നിങ്ങളുടെ ഗ്രാമങ്ങളില്‍ ബ്രാഹ്മണരെ പ്രവേശിപ്പിക്കരുതെന്ന് ഇന്ത്യയിലെ എല്ലാ ഗ്രാമീണരോടും ഞാന്‍ അഭ്യര്‍ഥിക്കുന്നു. മറ്റെല്ലാ സമുദായങ്ങളോടും ഞാന്‍ സംസാരിക്കും, അങ്ങനെ അവരെ ബഹിഷ്‌കരിക്കാനാവും. അവര്‍ തിരികെ വോള്‍ഗ നദിയുടെ തീരത്തേക്ക് അയക്കണം'- നന്ദകുമാര്‍ ബാഘേല്‍ പറഞ്ഞു.
ഉത്തര്‍പ്രദേശില്‍ വച്ചാണ് ഭൂപേഷ് ബാഘേലിന്റെ പിതാവ് വിവാദപരാമര്‍ശം നടത്തിയത്. സര്‍വ ബ്രാഹ്മിണ്‍ സമാജിന്റെ പരാതിയെത്തുടര്‍ന്നാണ് ഡി ഡി നഗര്‍ പോലിസ് ശനിയാഴ്ച നന്ദകുമാര്‍ ബാഘേലിനെതിരേ കേസ് രജിസ്റ്റര്‍ ചെയ്തത്. 153 എ (വിവിധ ഗ്രൂപ്പുകള്‍ തമ്മില്‍ ശത്രുത വളര്‍ത്തല്‍), 505 (1) (ബി) തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് നന്ദകുമാര്‍ ബാഘേലിനെതിരേ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. ഉത്തര്‍പ്രദേശില്‍വച്ചാണ് ഭൂപേഷ് ബാഘേലിന്റെ പിതാവ് വിവാദപരാമര്‍ശം നടത്തിയതെന്ന് പരാതിയില്‍ പറയുന്നു.
നിയമമാണ് മുഖ്യമെന്നും തന്റെ സര്‍ക്കാര്‍ എല്ലാ വിഭാഗക്കാര്‍ക്കുമായാണ് നിലകൊള്ളുന്നതെന്നായിരുന്നു പിതാവിനെതിരേ കേസെടുത്തതിനെക്കുറിച്ചുള്ള മുഖ്യമന്ത്രിയുടെ പ്രതികരണം. 'ആരും നിയമത്തിന് അതീതരല്ല, ആ വ്യക്തി എന്റെ 86 വയസായ അച്ഛനാണെങ്കില്‍ പോലും. ഛത്തീസ്ഗഢ് സര്‍ക്കാര്‍ എല്ലാ മതങ്ങളെയും വിഭാഗങ്ങളെയും സമുദായങ്ങളെയും അവരുടെ വികാരങ്ങളെയും മാനിക്കുന്നു. ഒരു സമുദായത്തിനെതിരായ എന്റെ പിതാവ് നന്ദകുമാര്‍ ബാഘേലിന്റെ പരാമര്‍ശം സാമുദായിക സമാധാനം തകര്‍ത്തു.
അദ്ദേഹത്തിന്റെ പ്രസ്താവനയില്‍ എനിക്കും സങ്കടമുണ്ട്'- ഭൂപേഷ് സിങ് ബാഘേല്‍ മാധ്യമങ്ങളോട് പറഞ്ഞു. 'ഞങ്ങളുടെ രാഷ്ട്രീയ കാഴ്ചപ്പാടുകളും വിശ്വാസങ്ങളും വ്യത്യസ്തമാണ്. ഒരു മകനെന്ന നിലയില്‍ ഞാന്‍ അദ്ദേഹത്തെ ബഹുമാനിക്കുന്നു, പക്ഷേ, മുഖ്യമന്ത്രിയെന്ന നിലയില്‍ പൊതുക്രമം തകര്‍ക്കാന്‍ സാധ്യതയുള്ള അദ്ദേഹത്തിന്റെ തെറ്റ് എനിക്ക് ക്ഷമിക്കാന്‍ കഴിയില്ല,'- മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.