ഡല്‍ഹികലാപം: യുവാവിനെ ജനക്കൂട്ടം കൊല്ലുന്നത് കണ്ടുവെന്ന് ദൃക്‌സാക്ഷി
2020 ഫെബ്രുവരി 25 അംബേദ്കര്‍ കോളജിനടുത്ത് വച്ച് ദീപക് എന്ന യുവാവിനെ സംഘം ചേര്‍ന്ന് അടിച്ചും കുത്തിയും കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് കേസ്
ന്യൂഡല്‍ഹി: ഡല്‍ഹി കലാപക്കേസില്‍ ജനക്കൂട്ടം യുവാവിനെ വളഞ്ഞിട്ട് മര്‍ദ്ദിച്ച് കൊലപ്പെടുത്തുന്നതായി താന്‍ കണ്ടുവെന്ന് ദൃക്‌സാക്ഷി കോടതിയില്‍ മൊഴി നല്‍കി. ഡല്‍ഹിയിലേത് ആസൂത്രിത ആക്രമണമായിരുന്നുവെന്ന ചൂണ്ടിക്കാട്ടിയ ഡല്‍ഹി കോടതി കൊലപാതകം, കലാപം, ഗൂഡാലോചന, ആസൂത്രിത കൊലപാതകം എന്നിവ നടത്തിയതായി നാലുപേര്‍ക്കെതിരേ കുറ്റം ചുമത്തി. അന്‍വര്‍ ഹുസെയ്ന്‍, ഖാസിം, ശാരൂഖ്,ഖാലിദ് അന്‍സാരി എന്നിവര്‍ക്കെതിരെയാണ് കോടതി കുറ്റം ചുമത്തിയത്. 2020 ഫെബ്രുവരി 25 അംബേദ്കര്‍ കോളജിനടുത്ത് വച്ച് ദീപക് എന്ന യുവാവിനെ ഇവര്‍ സംഘം ചേര്‍ന്ന് അടിച്ചും കുത്തിയും കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് കേസ്.
പ്രതികള്‍ കുറ്റകൃത്യം ചെയ്യുന്നത് ചുമരിന്റെ വിടവിലൂടെയാണ് താന്‍ കണ്ടെതെന്ന് സാക്ഷി മൊഴി നല്‍കിയിട്ടുണ്ട്. പ്രതികള്‍ കുറ്റക്കാരല്ലെന്നും വിചാരണ ഒഴിവാക്കി തരണമെന്നും കാണിച്ച് നല്‍കിയ ഹരജിയിലാണ് അഡീഷനല്‍ സെഷന്‍സ് ജഡ്ജ് അമിതാഭ് റാവത്ത് വിചിത്രമായ തീരുമാനമെടുത്തത്. സിഎഎ സമരവുമായി ബന്ധപ്പെട്ട് കലാപം ആസൂത്രണം ചെയ്തതും നടപ്പാക്കിയതും ഹിന്ദുത്വരാണെന്ന് പരക്കെ അറിയപ്പെടുന്ന വസ്തുതയാണ്. അമ്പതിലേറെ ആളുകള്‍ കൊല്ലപ്പെടുകയും നിരവധി ഭവനങ്ങളും മസ്ജിദുകളും തകര്‍ക്കപ്പെടുകയും കൊള്ള ചെയ്യപ്പെടുകയും ചെയ്ത സംഭവത്തില്‍ യാഥാര്‍ഥ കുറ്റക്കാരെ രക്ഷപ്പെടുത്താനാണ് ഡല്‍ഹി പോലിസ് ശ്രമിച്ചിരുന്നത്. ഇതിനിടെ കലാപകാരികള്‍ക്കെതിരെ പ്രദേശവാസികളില്‍ ചിലര്‍ സംഘടിച്ച് പ്രതിരോധിച്ചിരുന്നു. ഇതിനെ കലാപമായും ആസൂത്രിത ഗൂഡാലോചനയായും ചിത്രീകരിക്കാനാണ് പോലിസും നീതിന്യായ സംവിധാനവും ഇപ്പോഴും ശ്രമിക്കുന്നത്.