വെടിവച്ച് കൊന്ന എട്ടുപേരും മാവോവാദികളല്ല; വ്യാജ ഏറ്റുമുട്ടലെന്ന് ജുഡീഷ്യല്‍ റിപോര്‍ട്ട്

മാവോവാദികള്‍ വെടിയുതിര്‍ത്തതിനെ തുടര്‍ന്നാണ് ഏറ്റുമുട്ടലുണ്ടായതെന്ന് സേന അവകാശപ്പെട്ടിരുന്നു. സേന സ്വയം പ്രതിരോധത്തിനല്ല വെടിയുതിര്‍ത്തതെന്ന് റിപോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.

Update: 2022-03-16 13:39 GMT

ന്യൂഡല്‍ഹി: ഛത്തീസ്ഗഡിലെ ബിജാപൂര്‍ ജില്ലയിലെ എഡെസ്‌മെട്ടയില്‍ 2013ല്‍ സേന നടത്തിയ വെടിവയ്പില്‍ കൊല്ലപ്പെട്ടവരും പരിക്കേറ്റവരും നിരായുധരാണെന്നും ഇവരില്‍ ആര്‍ക്കും മാവോവാദി ബന്ധമില്ലെന്നും ജുഡീഷ്യല്‍ അന്വേഷണ കമ്മീഷന്‍ റിപോര്‍ട്ട്.

മാര്‍ച്ച് 14 ന് മുഖ്യമന്ത്രി ഭൂപേഷ് ബാഗേല്‍, ഏകാംഗ ജുഡീഷ്യല്‍ പാനലിന്റെ കണ്ടെത്തലുകളും സ്വീകരിച്ച നടപടികളും റിപോര്‍ട്ടിനൊപ്പം നിയമസഭയില്‍ വെച്ചു.

2013 മെയ് 17, 18 തീയതികളില്‍ പ്രായപൂര്‍ത്തിയാകാത്ത നാല് പേര്‍ ഉള്‍പ്പെടെ എട്ട് പേര്‍ കൊല്ലപ്പെടുകയും നാല് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. സേന തന്നെ പരസ്പരം ഫയറിങ് നടത്തിയതായി അന്വേഷണ റിപോര്‍ട്ടില്‍ പറയുന്നു.

'സംഭവ ദിവസം രാത്രി ഏഴ് ഗ്രാമീണര്‍ കൊല്ലപ്പെട്ടു: കരം പാണ്ഡു (പൂജാരി), കരം സോംലു, പുനെം സോമു, പ്രായപൂര്‍ത്തിയാകാത്തവരായ കരം ഗുഡ്ഡു, പുനെം ലക്കു, കരം ബദ്രു, കരം മാസ എന്നിവരാണ് കൊല്ലപ്പെട്ടത്. സിആര്‍പിഎഫ് കോണ്‍സ്റ്റബിള്‍ ദേവ് പ്രകാശിന്റെ മൃതദേഹം കരം മാസയുടെ തൊട്ടടുത്താണ് കണ്ടെത്തിയത്. ഗ്രാമവാസികള്‍ പറയുന്നതനുസരിച്ച്, അതേ വെടിവയ്പ്പില്‍ അദ്ദേഹം കൊല്ലപ്പെടുകയായിരുന്നു. വെടിവയ്പ്പ് നിര്‍ത്തിയ ശേഷം, ഗുരുതരമായി പരിക്കേറ്റ കരം ജോഗ വെള്ളത്തിനായി കേഴുന്നത് കേട്ടെങ്കിലും ആശുപത്രിയിലെത്തിക്കാത്തതിനാല്‍ മരണപ്പെടുകയായിരുന്നു.

മാവോവാദികള്‍ വെടിയുതിര്‍ത്തതിനെ തുടര്‍ന്നാണ് ഏറ്റുമുട്ടലുണ്ടായതെന്ന് സേന അവകാശപ്പെട്ടിരുന്നു. രമണ്‍ സിങ്ങിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ ജസ്റ്റിസ് (റിട്ടയേര്‍ഡ്) വി കെ അഗര്‍വാള്‍ സംഭവത്തെക്കുറിച്ച് അന്വേഷിക്കുമെന്ന് അന്ന് തന്നെ പ്രഖ്യാപിച്ചിരുന്നു.

മാവോവാദികളുമായുള്ള ഏറ്റുമുട്ടല്‍ നടന്നതായി സ്ഥിരീകരിച്ചിട്ടില്ലെന്ന് കമ്മീഷന്‍ റിപോര്‍ട്ടില്‍ ചൂണ്ടിക്കാട്ടി. 'എഡെസ്‌മെട്ടയ്ക്ക് സമീപം കാംപ് ഫയറിന് സമാനമായി ആളുകള്‍ വട്ടംകൂടിയിരിക്കുന്നത് കണ്ട് സേന ഉദ്യോഗസ്ഥര്‍ വെടിയുതിര്‍ക്കുകയായിരുന്നു. പരിഭ്രാന്തരായാണ് സൈന്യം വെടിയുതിര്‍ത്തതെന്നും റിപോര്‍ട്ടില്‍ പറയുന്നു. സേന സ്വയം പ്രതിരോധത്തിനല്ല വെടിയുതിര്‍ത്തതെന്ന് റിപോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.

കുറ്റവാളികള്‍ക്കെതിരേ കുറ്റം ചുമത്തണമെന്ന് മനുഷ്യാവകാശ പ്രവര്‍ത്തകയും അഭിഭാഷകയുമായ ബേല ഭാട്ടിയ ആവശ്യപ്പെട്ടു. സംഭവത്തെത്തുടര്‍ന്ന് സേന ഗ്രാമീണര്‍ക്ക് നേരെ മര്‍ദനം അഴിച്ചുവിടുകയും ഭക്ഷണം നിഷേധിക്കലും ഉള്‍പ്പെടെയുള്ള അസാധാരണവും ക്രൂരമായ പെരുമാറ്റം ഉണ്ടായതായും നേരത്തെ റിപോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.

ഇക്കാര്യത്തില്‍ തൃപ്തികരമായ തെളിവുകളില്ലാത്തതിനാല്‍ കൊല്ലപ്പെട്ടവരോ പരിക്കേറ്റവരോ മാവോവാദി സംഘടനയുമായി ബന്ധമുണ്ടെന്ന് തെളിയിക്കപ്പെട്ടിട്ടില്ലെന്നും റിപോര്‍ട്ടില്‍ പറയുന്നു. മരിച്ചവരുടെ ബന്ധുക്കള്‍ക്കും പരിക്കേറ്റവര്‍ക്കും സംസ്ഥാന സര്‍ക്കാര്‍ നഷ്ടപരിഹാരം നല്‍കിയിട്ടുണ്ട്.

അവിടെ ഗ്രാമീണാഘോഷങ്ങള്‍ക്ക് ഒത്തുചേര്‍ന്നവര്‍ തോക്കുകളുമായി എത്തിയിരുന്നതായി കാണിക്കാന്‍ യാതൊരു തെളിവുകളും ഇല്ലെന്ന് റിപോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. അതിനാല്‍ അവര്‍ തോക്കുകള്‍ ഉപയോഗിച്ചുവെന്ന ചോദ്യം ഉയരുന്നില്ല. കോബ്ര കമാന്‍ഡോ കോണ്‍സ്റ്റബിളായ ദേവ് പ്രകാശിന് മാരകമായ പരിക്കിന് കാരണമായത് സ്വന്തം സ്‌ക്വാഡ് അംഗങ്ങളുടെ വെടിവയ്പ്പിലാണ്.

ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍, ബസ്തറിന്റെ സാമൂഹിക സാഹചര്യങ്ങള്‍, മതപരമായ ഉല്‍സവങ്ങള്‍, ഭൂമിശാസ്ത്രപരമായ അവസ്ഥ എന്നിവയെക്കുറിച്ച് അറിയാന്‍ ഉദ്യോഗസ്ഥര്‍ക്ക് പരിശീലനം നല്‍കണമെന്ന് ലോക്കല്‍ പോലിസ് നടത്തിയ അന്വേഷണത്തിലെ വീഴ്ചകള്‍ ചൂണ്ടിക്കാട്ടിയ റിപോര്‍ട്ടില്‍ പറയുന്നു.

Similar News