ഗ്രീസില്‍ ട്രെയിനുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടം; മരണസംഖ്യ 38 ആയി, ഗതാഗതമന്ത്രി രാജിവച്ചു

Update: 2023-03-02 01:46 GMT

ഏഥന്‍സ്: ഗ്രീസില്‍ ട്രെയിനുകള്‍ തമ്മില്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ മരണസംഖ്യ 38 ആയി ഉയര്‍ന്നു. രാത്രിയിലും രക്ഷാപ്രവര്‍ത്തനം തുടരുന്നുണ്ട്. അഗ്‌നിശമന സേനയുടെ 24 യൂനിറ്റുകള്‍ സ്ഥലത്തുണ്ട്. ഡിഎന്‍എ സാംപിളുകള്‍ ഉപയോഗിച്ചാണ് മരിച്ചവരെ തിരിച്ചറിയുന്നത്. മരിച്ചവരില്‍ കൂടുതലും വിദ്യാര്‍ഥികളാണ്. വാരാന്ത്യ അവധി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്ന യൂനിവേഴ്‌സിറ്റി വിദ്യാര്‍ഥികളാണ് കൊല്ലപ്പെട്ടവരില്‍ പലരും. മരണസംഖ്യ ഇനിയും ഉയരാന്‍ സാധ്യതയുണ്ടെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു ഗ്രീസ് പ്രധാനമന്ത്രി കിരിയാക്കോസ് മിത്സോതാകിസ് ദുരന്തസ്ഥലം സന്ദര്‍ശിച്ചു.

മനുഷ്യരുടെ ഭാഗത്തുനിന്നുള്ള അശ്രദ്ധ കൊണ്ടുണ്ടായ ദുരന്തമാണിതെന്ന് ഗ്രീക്ക് പ്രധാനമന്ത്രി കിരിയാക്കോസ് മിത്‌സോടാക്കിസ് കുറ്റപ്പെടുത്തി. അപകട സ്ഥലം സന്ദര്‍ശിച്ച ശേഷം ഏഥന്‍സില്‍ തിരിച്ചെത്തിയ ഗ്രീസ് ഗതാഗത മന്ത്രി കോസ്റ്റാസ് കരമാണ്‍ലിസ് തന്റെ രാജിക്കത്ത് പ്രധാനമന്ത്രിക്ക് നല്‍കി. ഇത്രയും ഖേദകരമായ ദുരന്തം സംഭവിച്ച സാഹചര്യത്തില്‍ താന്‍ അധികാരത്തില്‍ തുടരുന്നത് ശരിയല്ലെന്ന് കരമാണ്‍ലിസ് പ്രതികരിച്ചു. അപകടവുമായി ബന്ധപ്പെട്ട് ലാറിസ നഗരത്തിലെ ഒരു റെയില്‍വേ സ്‌റ്റേഷനിലെ സ്‌റ്റേഷന്‍ മാനേജരെ അറസ്റ്റുചെയ്തിട്ടുണ്ട്. 59 കാരനായ ഇയാള്‍ക്കെതിരേ അശ്രദ്ധമൂലം കൂട്ടമരണങ്ങള്‍ നടന്നതിന്റെ കുറ്റം ചുമത്തി.

അതേസമയം, സെന്‍ട്രല്‍ ഏഥന്‍സില്‍ ഗ്രീക്ക് റെയില്‍ കമ്പനിയായ ഹെല്ലനിക് ട്രെയിനിന്റെ ആസ്ഥാനത്തിന് പുറത്ത് പ്രതിഷേധക്കാരും പോലിസ് ഉദ്യോഗസ്ഥരും തമ്മില്‍ സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ടു. വടക്കന്‍ ഗ്രസീലെ ലാറിസയില്‍ ചൊവ്വാഴ്ച അര്‍ധരാത്രിയിലായിരുന്നു അപകടം. 72 പേര്‍ക്ക് പരിക്കേറ്റു. പാസഞ്ചര്‍ ട്രെയിന്‍ എതിരേ വന്ന ചരക്ക് ട്രെയിനുമായി കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ നിരവധി കോച്ചുകള്‍ പാളം തെറ്റി. മൂന്നെണ്ണം തീപ്പിടിച്ചുകത്തി.

തീപിടിച്ചതിനെത്തുടര്‍ന്ന് ഒരു തീവണ്ടിയിലെ താപനില 1,300 സെല്‍ഷ്യസ് ആയി ഉയര്‍ന്നു. പാസഞ്ചര്‍ ട്രെയിനിന്റെ ആദ്യത്തെ നാല് കോച്ചുകള്‍ പാളം തെറ്റി. ഇതില്‍ രണ്ട് എണ്ണം പൂര്‍ണമായും തകര്‍ന്നു. തെസ്സലോനിക്കിക്കും ലാറിസയ്ക്കുമിടയില്‍ സഞ്ചരിക്കുകയായിരുന്ന പാസഞ്ചര്‍ ട്രെയിനില്‍ 350 ഓളം പേരാണ് ഉണ്ടായിരുന്നത്. അപകടത്തിന്റെ കാരണം വ്യക്തമല്ല.

Tags:    

Similar News