ഹര്‍ത്താലില്‍ ജാമ്യമില്ല വകുപ്പില്‍ അറസ്റ്റ്: പോലിസിന് കോടതിയുടെ രൂക്ഷ വിമര്‍ശനം
പരപ്പനങ്ങാടി ചിറമംഗലം പടിഞ്ഞാറ് താമസിക്കുന്ന എസ്ഡിപിഐ പ്രവര്‍ത്തകന്‍ മുഹമ്മദ് അഷ്‌റഫിനെ ഹാജരാക്കിയപ്പോഴാണ് പോലിസ് നടപടിക്കെതിരേ പരപ്പനങ്ങാടി മജിസ്‌ട്രേറ്റ് താക്കീത് നല്‍കിയത്.
പരപ്പനങ്ങാടി: ഇന്നലെ നടന്ന ഹര്‍ത്താലില്‍ ജാമ്യമില്ല വകുപ്പ് ചുമത്തി അറസ്റ്റ് ചെയ്ത യുവാവിനെ ഹാജരാക്കിയപ്പോള്‍ പോലിസിന് കോടതിയുടെ രൂക്ഷ വിമര്‍ശനം. തിരൂരങ്ങാടി പോലിസ് അറസ്റ്റ് ചെയ്ത പരപ്പനങ്ങാടി ചിറമംഗലം പടിഞ്ഞാറ് താമസിക്കുന്ന എസ്ഡിപിഐ പ്രവര്‍ത്തകന്‍ മുഹമ്മദ് അഷ്‌റഫിനെ ഹാജരാക്കിയപ്പോഴാണ് പോലിസ് നടപടിക്കെതിരേ പരപ്പനങ്ങാടി മജിസ്‌ട്രേറ്റ് താക്കീത് നല്‍കിയത്.
പാലത്തിങ്ങല്‍ പള്ളിപടിയില്‍ ഹര്‍ത്താലിനെ പിന്തുണച്ചെത്തിയ അശ്‌റഫിനെയും സംഘത്തേയും തിരൂരങ്ങാടി സിഐയുടെ നേതൃത്വത്തിലെത്തിയ സംഘം ഭീതി സൃഷ്ടിച്ച് പിടികൂടുകയുമായിരുന്നു. അഷ്‌റഫടക്കമുള്ളവര്‍ ബൈക്കില്‍ തിരിച്ചുപോവുന്നതിനിടെ പോലിസ് പിന്തുടര്‍ന്നു പിടികൂടുകയായിരുന്നു.
ഇതിനിടെ, അഷ്‌റഫും ഒരു പോലിസുകാരനും നെല്‍ പാടത്തെ ചളിയില്‍ വീണതാണ് പോലീസിനെ പ്രകോപിപ്പിച്ചത്.പിന്നീട് അഷ്‌റഫിനേയും ഇദ്ദേഹം സഞ്ചരിച്ച ബൈക്കും പോലിസ് കസ്റ്റഡിയിലെടുത്തു. ഹര്‍ത്താലില്‍ തിരൂരങ്ങാടി സ്‌റ്റേഷന്‍ പരിധിയില്‍ നിന്ന് പിടികൂടിയ ആളുകളെ വൈകീട്ടോടെ പോലിസ് വിട്ടയച്ചെങ്കിലും അഷ്‌റഫിനെ വിട്ടയക്കാന്‍ തയ്യാറായില്ല. മാത്രമല്ല ജാമ്യമില്ല വകുപ്പ് കളടക്കം ചുമത്തി ജാമ്യം ലഭിക്കാതിരിക്കാന്‍ ഇന്നലെ രാത്രി 10ന് കോടതിയില്‍ ഹാജരാക്കുകയായിരുന്നു.
സമാധാനപരമായി ജനാതിപത്യ രീതിയില്‍ പ്രതിഷേധിച്ച തങ്ങളെ പോലിസ് വാഹനത്തില്‍ അപകടകരമാം വിധം പിന്തുടര്‍ന്ന് പിടികൂടുകയായിരുന്നുവെന്ന് അഷ്‌റഫ് മജിസ്‌ട്രേറ്റിന് മുന്നില്‍ മൊഴി നല്‍കിയതോടെയാണ് അകമ്പടി വന്ന തിരൂരങ്ങാടി പോലിസിനെ മജിസ്‌ട്രേറ്റ് രൂക്ഷമായി വിമര്‍ശിച്ചത്.ഇത്തരത്തില്‍ പിടികൂടുന്നതിനിടെ എന്തെങ്കിലും സംഭവിച്ചാല്‍ ആര് സമാധാനം പറയുമെന്ന് കോടതി ചോദിച്ചു.
ഇയാള്‍ സഞ്ചരിച്ച ഇരുചക്രവാഹനത്തിലെ നമ്പര്‍ മറച്ചിരുന്നുവെന്ന പോലിസ് ഭാഷ്യം കോടതി തള്ളുകയും ഹര്‍ത്താലുപോലുള്ള സമരമാവുമ്പോള്‍ അതൊക്കെയുണ്ടാകുമെന്നും അതിനെ ഭീകരവത്കരിക്കുന്നത് നല്ലതല്ലന്നും കോടതി താക്കീത് നല്‍കി. കൂടാതെ, രാത്രി 11 ഓടെ അഷ്‌റഫിന് ജാമ്യം നല്‍കുകയും ചെയ്തു.
കോടതി ഇടപെടല്‍ കള്ള കേസുകള്‍ ചമയ്ക്കുന്ന പോലിസ് ഉദ്യോഗസ്ഥര്‍ക്കെതിരായ ശക്തമായ താക്കീതാണെന്ന് ജാമ്യം ലഭിച്ച് പുറത്ത് വന്ന അഷ്ഫിനെ സ്വീകരിച്ച എസ്ഡിപിഐ തിരൂരങ്ങാടി മണ്ഡലം പ്രസിഡന്റ് ഹമീദ് പരപ്പനങ്ങാടിയും മുന്‍സിപ്പല്‍ പ്രസിഡന്റ് സിദ്ധീഖ് കിഴക്കിനിയകത്തും പറഞ്ഞു
.