ക്യൂബയെ കശക്കിയെറിഞ്ഞ് ലാന്‍ ചുഴലിക്കാറ്റ്; വൈദ്യുതി വിതരണം പൂര്‍ണമായും നിലച്ചു
ചുഴലിക്കാറ്റ് ഏറ്റവുമധികം ബാധിച്ചത് ക്യൂബയുടെ സമ്പത് വ്യവസ്ഥയുടെ നട്ടെല്ലായ പുകയില വ്യവസായത്തെയാണ്. ഭൂരിഭാഗം പുകയിലത്തോട്ടങ്ങളും നശിച്ചു. ആളപായം ഇതുവരെ റിപോര്‍ട്ട് ചെയ്തിട്ടില്ലെങ്കിലും പത്തുദശലക്ഷത്തോളം പേര്‍ വൈദ്യുതിയില്ലാതെ ബുദ്ധിമുട്ടുകയാണ്.
ഹവാന: ക്യൂബയില്‍ കനത്ത നാശംവിതച്ച് ലാന്‍ ചുഴലിക്കാറ്റ്. വൈദ്യുതി വിതരണ സംവാധാനം പൂര്‍ണമായും നിലച്ചു. ചുഴലിക്കാറ്റ് ഏറ്റവുമധികം ബാധിച്ചത് ക്യൂബയുടെ സമ്പത് വ്യവസ്ഥയുടെ നട്ടെല്ലായ പുകയില വ്യവസായത്തെയാണ്. ഭൂരിഭാഗം പുകയിലത്തോട്ടങ്ങളും നശിച്ചു. ആളപായം ഇതുവരെ റിപോര്‍ട്ട് ചെയ്തിട്ടില്ലെങ്കിലും പത്തുദശലക്ഷത്തോളം പേര്‍ വൈദ്യുതിയില്ലാതെ ബുദ്ധിമുട്ടുകയാണ്.
മണിക്കൂറില്‍ ഏകദേശം 209 കിലോമീറ്റര്‍ വേഗത്തിലാണ് ലാന്‍ വീശിയതെന്ന് യുഎസ് നാഷണല്‍ ഹുറികേന്‍ സെന്റര്‍ അറിയിച്ചു. കാറ്റിനെ തുടര്‍ന്നുണ്ടായ കനത്ത മഴയില്‍ പല പ്രദേശങ്ങളിലും വീടുകളും കൃഷിയിടങ്ങളും നശിച്ചു. ആയിരക്കണക്കിനാളുകളെ സുരക്ഷിത മേഖലയിലേക്ക് മാറ്റിപ്പാര്‍പ്പിച്ചു. നാശനഷ്ടങ്ങളുടെ കണക്ക് ഇനിയും ലഭ്യമായിട്ടില്ല.
ദുരിത ബാധിത മേഖല ക്യൂബന്‍ പ്രസിഡന്റ് മിഗ്വേല്‍ ഡയസ് കാനെല്‍ സന്ദര്‍ശിച്ചു. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണെന്നും അവശേഷിക്കുന്ന പുകയില പാടങ്ങള്‍ സംരക്ഷിക്കുന്നതിനുളള പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചതായും അധികൃതര്‍ അറിയിച്ചു.
മെക്‌സിക്കന്‍ കടലിടുക്കിലേക്ക് പ്രവേശിച്ച ലാന്‍ ചുഴലിക്കാറ്റ്, കാറ്റഗറി നാല് വിഭാഗത്തില്‍പ്പെട്ട അതിശക്ത ചുഴലിക്കാറ്റായി മാറുകയാണ്. മണിക്കൂറില്‍ 220 കിലോമീറ്റര്‍ വേഗത കൈവരിച്ച് ലാന്‍ അമേരിക്കയിലെ ഫ്‌ളോറിഡയെ സമീപിക്കുകയാണെന്ന് യുഎസ് കാലാവസ്ഥ ശാസ്ത്രജ്ഞര്‍ മുന്നറിയിപ്പ് നല്‍കി. ഇതിന്റെ മുന്നോടിയായി മേഖലയില്‍ ശക്തമായ മഴ ആരംഭിച്ചിരിക്കുകയാണ്. ചുഴലിക്കാറ്റിനൊപ്പം ഫ്‌ളോറിഡ മേഖലയില്‍ തിരമാലകള്‍ 12 അടി വരെ ഉയര്‍ന്നേക്കാമെന്നും മുന്നറിയിപ്പുണ്ട്. ആവശ്യമെങ്കില്‍ പ്രദേശവാസികളെ സുരക്ഷിത മേഖലയിലേക്ക് മാറ്റിപ്പാര്‍പ്പിക്കാനും അധികൃതര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.