യുവതിയെ ഭര്‍ത്താവ് മണ്ണെണ്ണയൊഴിച്ച് തീകൊളുത്തി; വധ ശ്രമം ഭാര്യ ജോലി ചെയ്യുന്ന മെഡിക്കല്‍ ഷോപ്പിലെത്തി

കാര്യങ്കോട് സ്വദേശി വിനിഷ പൊള്ളലേറ്റ് ചികിത്സയില്‍. തീകൊളുത്താനുള്ള ശ്രമത്തിനിടെ ഭര്‍ത്താവ് പ്രദീപനും പൊള്ളലേറ്റു. ഇയാള്‍ പോലിസ് കസ്റ്റഡിയിലാണ്.

Update: 2022-07-31 01:47 GMT

കാസര്‍കോട്: ചെറുവത്തൂരില്‍ യുവതിയെ ഭര്‍ത്താവ് മണ്ണെണ്ണ ഒഴിച്ച് കൊല്ലാന്‍ ശ്രമിച്ചു. കാര്യങ്കോട് സ്വദേശി വിനിഷ പൊള്ളലേറ്റ് ചികിത്സയില്‍. തീകൊളുത്താനുള്ള ശ്രമത്തിനിടെ ഭര്‍ത്താവ് പ്രദീപനും പൊള്ളലേറ്റു. ഇയാള്‍ പോലിസ് കസ്റ്റഡിയിലാണ്. ഉച്ചയ്ക്ക് രണ്ടരയോടെയാണ് സംഭവം. കാര്യങ്കോട് സ്വദേശി വിനിഷയെ ആണ് ഭര്‍ത്താവ് പ്രദീപന്‍ മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തിയത്. യുവതി ജോലി ചെയ്യുന്ന ചെറുവത്തൂരിലെ മെഡിക്കല്‍ ഷോപ്പിലെത്തിയായിരുന്നു ആക്രമണം. യുവതിക്ക് കൈകാലുകള്‍ക്കും മുഖത്തും പൊള്ളലേറ്റു.

തീകൊളുത്താനുള്ള ശ്രമത്തിനിടെ ഭര്‍ത്താവ് പ്രമോദിനും പൊള്ളലേറ്റിട്ടുണ്ട്. ഭാര്യയ്ക്ക് മറ്റൊരാളുമായി അടുപ്പമുണ്ട് എന്ന് ആരോപിച്ചാണ് ആക്രമണം. മെഡിക്കല്‍ ഷോപ്പിന് പുറകിലുള്ള വാതില്‍ വഴി യുവതി പുറത്തേക്ക് ഓടിയതിനാലാണ് കൂടുതല്‍ തീപ്പൊള്ളലേല്‍ക്കാതെ രക്ഷപ്പെട്ടത്. മെഡിക്കല്‍ ഷോപ്പിന് ഉള്ളിലേക്കും തീ പടര്‍ന്ന് നാശനഷ്ടങ്ങള്‍ ഉണ്ടായിട്ടുണ്ട്. മെഡിക്കല്‍ ഷോപ്പില്‍ യുവതി മാത്രം ഉണ്ടായിരുന്ന സമയത്താണ് ആക്രമണം.

ഓട്ടോറിക്ഷ ഡ്രൈവറാണ് പ്രദീപന്‍. കൃത്യത്തിന് ശേഷം തന്റെ ഓട്ടോയില്‍ രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ നാട്ടുകാര്‍ തടഞ്ഞ് വച്ച് പോലിസില്‍ ഏല്‍പ്പിക്കുകയായിരുന്നു. 18 ശതമാനം പൊള്ളലേറ്റ ഇയാള്‍ ആശുപത്രിയില്‍ ചികിത്സയിലാണിപ്പോള്‍. യുവതിക്ക് പത്ത് ശതമാനം പൊള്ളലേറ്റിട്ടുണ്ടെന്നാണ് ആശുപത്രി അധികൃതര്‍ പറയുന്നത്. ദമ്പതികള്‍ക്ക് പത്ത്, എട്ട് ക്ലാസുകളില്‍ പഠിക്കുന്ന രണ്ട് പെണ്‍മക്കളുണ്ട്.

Tags:    

Similar News