ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരായ ഡോക്യുമെന്ററി വിവാദങ്ങള്‍ക്കിടെ ബിബിസി ഓഫിസുകളില്‍ ആദായനികുതി വകുപ്പിന്റെ റെയ്ഡ്. ഡല്‍ഹി, മുംബൈ ഓഫിസുകളിലാണ് റെയ്ഡ് നടക്കുന്നത്. ചൊവ്വാഴ്ച രാവിലെ പതിനൊന്നരയോടെയാണ് പരിശോധന തുടങ്ങിയത്. മാധ്യമപ്രവര്‍ത്തകരുടെത് ഉള്‍പ്പെടെ ജീവനക്കാരുടെ ഫോണുകളും ഓഫിസിലെ ഇലക്ട്രോണിക് ഉപകരണങ്ങളും പിടിച്ചെടുത്തതായാണ് റിപോര്‍ട്ടുകള്‍. ഡല്‍ഹിയില്‍ കസ്തൂര്‍ബ ഗാന്ധി മാര്‍ഗിലെ ഓഫിസിലായിരുന്നു റെയ്ഡ്.
70 പേരടങ്ങിയ സംഘമാണ് പരിശോധനയ്‌ക്കെത്തിയത്. മോദിയെക്കുറിച്ചുള്ള ഡോക്യുമെന്ററിയും 2002ലെ ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട ആരോപണങ്ങളും ഉന്നയിച്ച് ഇന്ത്യയില്‍ ബിബിസി നിരോധിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹരജി സുപ്രിംകോടതി തള്ളിയിരുന്നു. 'മോദി: ദി ഇന്ത്യ ക്വസ്റ്റിയന്‍' എന്ന ബിബിസി ഡോക്യുമെന്ററി രണ്ട് ഭാഗങ്ങളായാണ് പുറത്തുവന്നത്. ആദ്യഭാഗം ഗുജറാത്ത് വംശഹത്യയെക്കുറിച്ചുള്ളതായിരുന്നു. ഗുജറാത്ത് വംശഹത്യയില്‍ മോദിക്ക് നേരിട്ട് ഉത്തരവാദിത്തമുണ്ടെന്ന് ചൂണ്ടിക്കാട്ടുന്നതായിരുന്നു ഡോക്യുമെന്ററി.
രണ്ടാം ഭാഗത്തില്‍ നരേന്ദ്രമോദി പ്രധാനമന്ത്രിയായതിന് ശേഷമുള്ള സംഭവവികാസങ്ങളാണ് വിശദീകരിച്ചിരിക്കുന്നത്. ഹിന്ദുത്വ കേന്ദ്രങ്ങള്‍ ബിബിസിക്കെതിരേ വ്യാപക വിമര്‍ശനമുയര്‍ത്തുന്ന പശ്ചാത്തലത്തിലാണ് ആദായനികുതി വകുപ്പിന്റെ പരിശോധന നടക്കുന്നത്.
രാജ്യത്ത് അപ്രഖ്യാപിത അടിയന്തരാവസ്ഥയാണെന്ന് കോണ്‍ഗ്രസ് പ്രതികരിച്ചു. ബിബിസി ഡോക്യുമെന്ററി പുറത്തിറക്കിയപ്പോള്‍ അത് നിരോധിച്ചു. ഇപ്പോഴിതാ ഓഫിസ് റെയ്ഡ് ചെയ്യുന്നു. അപ്രഖ്യാപിത അടിയന്തരാവസ്ഥയാണ് രാജ്യത്തെന്ന് കോണ്‍ഗ്രസ് ട്വിറ്ററില്‍ പറഞ്ഞു. കേന്ദ്രസര്‍ക്കാര്‍ നടപടിയെ പരിഹസിച്ചുകൊണ്ട് തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മെഹുവ മൊയ്ത്ര ട്വീറ്റ് ചെയ്തു. 'അപ്രതീക്ഷിതം' എന്നായിരുന്നു മെഹുവയുടെ പരിഹാസം.