അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ക്കുള്ള വിലക്ക് സപ്തംബര്‍ 30 വരെ നീട്ടി ഇന്ത്യ
കൊവിഡ് മൂന്നാം തരംഗ ഭീഷണി നിലനില്‍ക്കുന്നതിന്റെ പശ്ചാത്തലത്തിലാണ് തീരുമാനം. ഞായറാഴ്ചയാണ് ഇതുസംബന്ധിച്ച് ഡിജിസിഎ പുതിയ ഉത്തരവിറക്കിയത്. അന്താരാഷ്ട്ര വിമാനങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ വിലക്ക് ആഗസ്ത് 31ന് അവസാനിക്കാനിരിക്കെയാണ് വിലക്ക് നീട്ടിയത്.
ന്യൂഡല്‍ഹി: കൊവിഡ് സാഹചര്യത്തില്‍ അന്താരാഷ്ട്ര വിമാനസര്‍വീസുകള്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന വിലക്ക് ഇന്ത്യ നീട്ടി. രാജ്യത്തിനകത്തേക്കും പുറത്തേക്കുമുള്ള അന്താരാഷ്ട്ര വാണിജ്യ, പാസഞ്ചര്‍ വിമാന സര്‍വീസുകളുടെ വിലക്ക് സപ്തംബര്‍ 30 വരെയാണ് കേന്ദ്രസര്‍ക്കാര്‍ ദീര്‍ഘിപ്പിച്ചത്. കൊവിഡ് മൂന്നാം തരംഗ ഭീഷണി നിലനില്‍ക്കുന്നതിന്റെ പശ്ചാത്തലത്തിലാണ് തീരുമാനം. ഞായറാഴ്ചയാണ് ഇതുസംബന്ധിച്ച് ഡിജിസിഎ പുതിയ ഉത്തരവിറക്കിയത്. അന്താരാഷ്ട്ര വിമാനങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ വിലക്ക് ആഗസ്ത് 31ന് അവസാനിക്കാനിരിക്കെയാണ് വിലക്ക് നീട്ടിയത്.
അന്താരാഷ്ട്ര കാര്‍ഗോ വിമാനങ്ങളെയും ഡിജിസിഎ അംഗീകാരമുള്ള ചില വിമാന സര്‍വീസുകളെയും നിയന്ത്രണങ്ങളില്‍നിന്നും ഒഴിവാക്കിയിട്ടുണ്ട്. കേസുകള്‍ കുറയുന്ന മുറയ്ക്ക് അന്താരാഷ്ട്ര വിമാനങ്ങള്‍ ചില പാതകളില്‍ സര്‍വീസ് നടത്തുമെന്നും ഉത്തരവില്‍ പറയുന്നു. കൊവിഡ് മഹാമാരി മൂലം കഴിഞ്ഞ വര്‍ഷം മാര്‍ച്ച് 23നാണ് അന്താരാഷ്ട്ര വിമാനസര്‍വീസുകള്‍ക്ക് വിലക്കേര്‍പ്പെടുത്തിയത്. എന്നാല്‍, അതിര്‍ത്തികള്‍ അടച്ചതിനെത്തുടര്‍ന്ന് പല രാജ്യങ്ങളിലായി കുടുങ്ങിക്കിടക്കുന്ന പൗരന്‍മാരെ തിരിച്ചെത്തിക്കാന്‍ ഇന്ത്യയുടെ വ്യോമയാന മന്ത്രാലയം 28 രാജ്യങ്ങളുമായി എയര്‍ ബബിള്‍ ഉടമ്പടിയില്‍ ഏര്‍പ്പെട്ടിട്ടുണ്ട്.
2020 മെയ് മുതല്‍ വന്ദേ ഭാരത് മിഷന്‍ വഴിയും 2020 ജൂലൈ മുതല്‍ എയര്‍ ബബിള്‍ ഉടമ്പടി വഴിയും സര്‍വീസ് നടത്തുന്നുണ്ട്. ഉടമ്പടിയില്‍ യുകെ, യുഎസ്, യുഎഇ, കാനഡ തുടങ്ങിയ രാജ്യങ്ങളുണ്ടെങ്കിലും രണ്ടാം തരംഗത്തെ മുന്‍നിര്‍ത്തി ഈ രാജ്യങ്ങള്‍ ഇന്ത്യയില്‍നിന്നുള്ള വിമാനങ്ങള്‍ക്ക് പ്രവേശന അനുമതി നിഷേധിച്ചിരിക്കുകയാണ്. അതേസമയം, ആഭ്യന്തര എയര്‍ പാസഞ്ചര്‍ ട്രാഫിക് ജൂലൈയില്‍ 57 ശതമാനം ഉയര്‍ന്ന് 49 ലക്ഷമായി ഉയര്‍ന്നു.