പ്രതിഷേധം ശക്തമായി; പീഡനക്കേസില്‍ പ്രതിയായ സന്യാസിക്കെതിരേ ലുക്ക് ഔട്ട് നോട്ടിസ്

ഹൈസ്‌കൂള്‍ വിദ്യാര്‍ഥിനികളെ പീഡിപ്പിച്ചെന്ന പരാതിയിലാണ് പോലിസിന്റെ നടപടി. ലിംഗായത്ത് മഠം നടത്തുന്ന സ്‌കൂളിലെ വിദ്യാര്‍ഥിനികളെയാണ് സന്യാസി പീഡിപ്പിച്ചത്.

Update: 2022-09-01 16:50 GMT

ബെംഗളൂരു: പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടികളെ പീഡിപ്പിച്ച കേസില്‍ സന്യാസിക്കെതിരേ ലുക്ക് ഔട്ട് നോട്ടിസ്. ലിംഗായത്ത് സന്യാസി ശിവമൂര്‍ത്തി മുരുക ശരണാരുവിനെതിരേയാണ് കര്‍ണാടക പോലിസ് ലുക്കൗട്ട് നോട്ടിസ് പുറപ്പെടുവിച്ചത്. ഹൈസ്‌കൂള്‍ വിദ്യാര്‍ഥിനികളെ പീഡിപ്പിച്ചെന്ന പരാതിയിലാണ് പോലിസിന്റെ നടപടി. ലിംഗായത്ത് മഠം നടത്തുന്ന സ്‌കൂളിലെ വിദ്യാര്‍ഥിനികളെയാണ് സന്യാസി പീഡിപ്പിച്ചത്.

ലിംഗായത്ത് മഠം നടത്തുന്ന സ്‌കൂളിലെ 15, 16 വയസ്സുള്ള വിദ്യാര്‍ഥിനികളെ മൂന്നര വര്‍ഷത്തോളം ഹോസ്റ്റലില്‍ വച്ച് പീഡിപ്പിച്ചെന്നാണ് കേസ്. ഹോസ്റ്റല്‍ വിട്ടിറങ്ങിയ പെണ്‍കുട്ടികള്‍ ബെംഗളൂരു ആസ്ഥാനമായ എന്‍ജിഒയെ സമീപിച്ചതോടെയാണ് പീഡന വിവരം പുറത്തറിയുന്നത്. പിന്നീട് ശിശുസംരക്ഷണ സമിതി വഴി പോലിസിനെ സമീപിച്ചതോടെ സന്യാസിക്കെതിരേ കേസെടുത്തു. എന്നാല്‍ ഇതുവരെയും സന്യാസിയെ കസ്റ്റിഡിയിലെടുത്തിട്ടില്ല. ഒളിവിലാണെന്നാണ് പോലിസ് വാദം.

അറസ്റ്റ് വൈകുന്നതില്‍ പ്രതിഷേധം കനക്കുന്നതിനിടെയാണ് ലുക്കൗട്ട് നോട്ടിസ് പുറപ്പെടുവിക്കാന്‍ പോലിസ് തയ്യാറായത്. കര്‍ണാടകത്തിലെ നിര്‍ണായക വോട്ടു ബാങ്കാണ് ലിംഗായത്ത്. ബിജെപി, കോണ്‍ഗ്രസ്, ജെഡിഎസ് നേതൃത്വങ്ങള്‍ വലിയ അടുപ്പമാണ് മഠവുമായി പുലര്‍ത്തുന്നത്. കര്‍ണാടകത്തില്‍ തിരഞ്ഞെടുപ്പ് കൂടി അടുത്തിരിക്കേ ലിംഗായത്ത് വിഭാഗത്തിലെ സന്യാസിക്ക് എതിരെ നടപടിക്ക് സര്‍ക്കാര്‍ തയാറാകുമോ എന്ന ചോദ്യം ബാക്കിയാണ്. ഇത് മുന്നില്‍ക്കണ്ട് ഉന്നത രാഷ്ട്രീയസാമുദായിക ബന്ധമുള്ള മഠത്തിലെ സന്യാസിയെ പോലിസ് തന്നെയാണ് സംരക്ഷിക്കുന്നതെന്ന് ആക്ഷേപം ശക്തമാണ്.

Tags:    

Similar News