മലേഗാവ് സ്‌ഫോടനക്കേസ്: പ്രജ്ഞാ സിങ്ങും കൂട്ടുപ്രതികളും ആഴ്ചയിലൊരിക്കല്‍ കോടതിയില്‍ ഹാജരാവാന്‍ ഉത്തരവ്
ഭോപ്പാലിലെ ബിജെപി സ്ഥാനാര്‍ഥി പ്രജ്ഞാ സിങ്, ലഫ്.കേണല്‍ ശ്രീകാന്ത് പുരോഹിത് ഉള്‍പ്പടെ കേസില്‍ ഏഴ് പ്രതികളാണുള്ളത്. പ്രതികള്‍ ഹാജരാവാത്തതിലും കേസ് നടപടികളില്‍ പ്രതികളുടെ അസാന്നിധ്യമുണ്ടാവുന്നതിലും കോടതി അതൃപ്തി പ്രകടിപ്പിച്ചു.
മുംബൈ: 2008 ലെ മലേഗാവ് സ്‌ഫോടനക്കേസുമായി ബന്ധപ്പെട്ട് പ്രജ്ഞാ സിങ് താക്കൂര്‍ ഉള്‍പ്പടെയുള്ള പ്രതികള്‍ ആഴ്ചയിലൊരിക്കലെങ്കിലും കോടതിയില്‍ ഹാജരാവണമെന്ന് മുംബൈയിലെ പ്രത്യേക എന്‍ഐഎ കോടതി ഉത്തരവിട്ടു. ഭോപ്പാലിലെ ബിജെപി സ്ഥാനാര്‍ഥി പ്രജ്ഞാ സിങ്, ലഫ്.കേണല്‍ ശ്രീകാന്ത് പുരോഹിത് ഉള്‍പ്പടെ കേസില്‍ ഏഴ് പ്രതികളാണുള്ളത്. പ്രതികള്‍ ഹാജരാവാത്തതിലും കേസ് നടപടികളില്‍ പ്രതികളുടെ അസാന്നിധ്യമുണ്ടാവുന്നതിലും കോടതി അതൃപ്തി പ്രകടിപ്പിച്ചു.
കോടതിയില്‍ ഹാജരാവാത്തതിന് പ്രതികള്‍ ഉന്നയിച്ച കാരണങ്ങള്‍ തൃപ്തികരമല്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. ഈമാസം 20നാണ് കേസ് വീണ്ടും പരിഗണിക്കുന്നത്. 2008 സപ്തംബര്‍ 29ന് മലേഗാവില്‍ നടന്ന രണ്ട് സ്‌ഫോടനങ്ങളിലായി ആറുപേര്‍ കൊല്ലപ്പെടുകയും നൂറോളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. തീവ്രഹിന്ദുത്വ സംഘടനയായ അഭിനവ് ഭാരതാണ് സ്‌ഫോടനത്തിന് പിന്നിലെന്ന് മഹാരാഷ്ട്ര എടിഎസ് കണ്ടെത്തിയിരുന്നു. സ്‌ഫോടനം നടന്ന വര്‍ഷംതന്നെ പ്രജ്ഞാ സിങ് താക്കൂറും ലഫ്റ്റനന്റ് കേണല്‍ ശ്രീകാന്ത് പുരോഹിതും അറസ്റ്റിലായിരുന്നു.
14 പ്രതികള്‍ക്കെതിരേ കുറ്റപത്രവും സമര്‍പ്പിച്ചു. 2017ല്‍ ഏപ്രിലില്‍ പ്രജ്ഞാ സിങ്ങിന് മുംബൈ ഹൈക്കോടതി ജാമ്യം നല്‍കി. പുരോഹിതിന് ഹൈക്കോടതി ജാമ്യം നിഷേധിച്ചെങ്കിലും നാലുമാസത്തിനുശേഷം സുപ്രിംകോടതി ജാമ്യം അനുവദിച്ചു. മഹാരാഷ്ട്ര എടിഎസ് അന്വേഷിച്ചിരുന്ന കേസ് 2011ലാണ് എന്‍ഐഎ ഏറ്റെടുക്കുന്നത്. കേസുമായി ബന്ധപ്പെട്ട് ഡോക്ടര്‍മാര്‍, പോലിസ് ഉദ്യോഗസ്ഥര്‍, ഫോറന്‍സിക് വിദഗ്ധര്‍ അടക്കം 286 സാക്ഷികളും 200 ലധികം രേഖകളുമാണ് എന്‍ഐഎ കോടതിയില്‍ സമര്‍പ്പിച്ചിരിക്കുന്നത്.