ജാര്‍ഖണ്ഡില്‍ പാര്‍പ്പിട സമുച്ചയത്തില്‍ വന്‍ തീപ്പിടിത്തം; മൂന്ന് കുട്ടികള്‍ ഉള്‍പ്പെടെ 14 പേര്‍ വെന്തുമരിച്ചു
ധന്‍ബാദ്: ജാര്‍ഖണ്ഡിലെ ധന്‍ബാദില്‍ ബഹുനില പാര്‍പ്പിട സമുച്ചയത്തിലുണ്ടായ വന്‍ അഗ്‌നിബാധയില്‍ മൂന്ന് കുട്ടികള്‍ ഉള്‍പ്പെടെ 14 പേര്‍ വെന്തുമരിച്ചു. നിരവധി പേര്‍ക്ക് പരിക്കേറ്റു. സംസ്ഥാന തലസ്ഥാനമായ റാഞ്ചിയില്‍ നിന്ന് 160 കിലോമീറ്റര്‍ അകലെ ധന്ബാദിലെ ജോറാഫടക് ഏരിയയിലെ ആശിര്‍വാദ് ടവറിലാണ് തീപ്പിടിത്തമുണ്ടായത്. വൈകീട്ട് ആറോടെയായിരുന്നു സംഭവം. കെട്ടിടത്തില്‍ നിരവധി പേര്‍ കുടുങ്ങിക്കിടക്കുന്നതായി ആശങ്കയുണ്ട്. മരിച്ചവരില്‍ 10 പേര്‍ സ്ത്രീകളാണ്. 12 പേര്‍ക്ക് പരിക്കേറ്റു.
പരിക്കേറ്റവരെ സമീപത്തെ പാടലിപുത്ര നഴ്‌സിങ് ഹോമില്‍ പ്രവേശിപ്പിച്ചു. ഫഌറ്റുകളിലൊന്നിന്റെ നാലാമത്തെ നിലയിലാണ് തീ ആദ്യം പടര്‍ന്നത്. ഒരു വിവാഹ ചടങ്ങില്‍ പങ്കെടുക്കാന്‍ നിരവധി പേര്‍ അപ്പാര്‍ട്ട്‌മെന്റിലെത്തിയിരുന്നു. തീപ്പിടിത്തത്തിന്റെ കാരണം ഇതുവരെ അറിവായിട്ടില്ല. സ്ഥലത്ത് രക്ഷാപ്രവര്‍ത്തനം തുടരുകയാണെന്ന് ധന്‍ബാദ് ഡെപ്യൂട്ടി കമ്മീഷണര്‍ സന്ദീപ് സിങ് പറഞ്ഞു. ദാരുണമായ സംഭവത്തില്‍ മുഖ്യമന്ത്രി ഹേമന്ത് സോറന്‍ ദു:ഖം രേഖപ്പെടുത്തുകയും സ്ഥിതിഗതികള്‍ നിരീക്ഷിച്ചുവരികയാണെന്നും പറഞ്ഞു. ജില്ലാ ഭരണകൂടം യുദ്ധകാലാടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുകയും അപകടത്തില്‍ പരിക്കേറ്റവര്‍ക്ക് ചികില്‍സ നല്‍കുകയും ചെയ്യുന്നു- ഹിന്ദിയില്‍ ഒരു ട്വീറ്റില്‍ മുഖ്യമന്ത്രി പറഞ്ഞു.