നിരപരാധികളുടെ മോചനത്തിനു വേണ്ടി പോരാടിയ മൗലാനാ ഗുല്‍സാര്‍ അഹ് മദ് ഖാസിമി അന്തരിച്ചു

Update: 2023-08-21 05:24 GMT
മുംബൈ: ഭീകരവാദ-തീവ്രവാദ മുദ്ര കുത്തി കെട്ടിച്ചമച്ച കേസുകളിലെ നിരപരാധികളുടെ മോചനത്തിനു വേണ്ടി പ്രവര്‍ത്തിച്ചിരുന്ന പണ്ഡിതനും ജംഇയ്യത്തുല്‍ ഉലമായെ ഹിന്ദ് മഹാരാഷ്ട്ര ഘടകം ജനറല്‍ സെക്രട്ടറിയുമായിരുന്ന മൗലാനാ ഗുല്‍സാര്‍ അഹ്്മദ് ഖാസിമി അന്തരിച്ചു. നൂറുകണക്കിന് നിരപരാധികളെ കുറ്റവിമുക്തരാക്കി ജയില്‍ മോചിതരാക്കിയ ജംഇയ്യത്ത് ലീഗല്‍ എയ്ഡ് സെല്‍ തലവനായിരുന്ന ഗുല്‍സാര്‍ അഹ്്മദ് ഖാസിമി 1970 ലെ ഭീവണ്ടി, ജല്‍ഗാവ് കലാപങ്ങളോടെയാണ് ഈ രംഗത്തെത്തുന്നത്. മുന്നൂറോളം മുസ് ലിംകള്‍ അറസ്റ്റ് ചെയ്യപ്പെട്ട സ്ഥലത്തെത്തി നിരപരാധികളുടെ മോചനത്തിനു വേണ്ടി പ്രവര്‍ത്തിച്ചു. ഇത്തരത്തില്‍ ജയിലില്‍ കഴിയുന്നവര്‍ക്കു വേണ്ടിയുള്ള നിയമപോരാട്ടങ്ങള്‍ക്കു വേണ്ടി ജംഇയ്യത്ത് ഉലമ എ ഹിന്ദ് രൂപീകരിച്ച സമിതിയിലെ അംഗങ്ങളില്‍ ഒരാളായിരുന്നു. 1993 ലെ മുംബൈ കലാപം, 2007ല്‍ മഹാരാഷ്ട്ര എടിഎസിന്റെ വ്യാജ ഭീകരവദക്കേസുകള്‍ക്കിരയായവരുടെ മോചനം, ഡല്‍ഹി, അഹ്മദാബാദ് സ്‌ഫോടനക്കേസുകള്‍, ഹിരണ്‍ പാണ്ഡ്യ വധക്കേസ്, മുംബൈ സ്‌ഫോടന പരമ്പര കേസുകള്‍ തുടങ്ങി പ്രമാദമായ വിവിധ കേസുകളിലും സിമി, ഇന്ത്യന്‍ മുജാഹിദീന്‍ ചാപ്പ ചുമത്തി ജയിലിലടക്കപ്പെട്ടവരുടെ വിവിധ കേസുകള്‍, യുഎപിഎ, മക്കോക്ക, രാജ്യദ്രോഹം തുടങ്ങിയ കേസുകള്‍ ചുമത്തപ്പെട്ടവരുടെ മോചനം എന്നിവയ്ക്കു വേണ്ടിയും ഏറെ പ്രയത്‌നിച്ചിരുന്നു. 2011ലെ മലേഗാവ് സ്‌ഫോടനക്കേസിലെ 11 പേരെ കുറ്റവിമുക്തരാക്കിയ നിയമപോരാട്ടം

    ജംഇയ്യത്ത് നിയമസഹായ സമിതിയുടെയും ഗുല്‍സാര്‍ ഖാസിമിയുടെയും പോരാട്ടത്തിലെ നാഴികക്കല്ലായിരുന്നു. അക്ഷര്‍ധാം ആക്രമണക്കേസില്‍ വധശിക്ഷക്ക് വിധിക്കപ്പെട്ട മുഫ്തി അബ്ദുല്‍ ഖയ്യൂം ഉള്‍പ്പെടെയുള്ളവരെ കുറ്റവിമുക്തരാക്കിയ നിയമ പോരാട്ടം നയിച്ചതും ഇദ്ദേഹമാണ്. മഹാരാഷ്ട്ര, ഗുജറാത്ത്, മധ്യപ്രദേശ്, ഡല്‍ഹി, രാജസ്ഥാന്‍, ഉത്തര്‍പ്രദേശ്, പശ്ചിമ ബംഗാള്‍, കര്‍ണാടക, കേരളം തുടങ്ങി വിവിധ സംസ്ഥാനങ്ങളില്‍ നടന്നുവരുന്ന 56ലേറെ കേസുകളില്‍ പ്രതികളാക്കപ്പെട്ട 410ലധികം പേര്‍ക്ക് ജംഇയ്യത്ത് ലീഗല്‍ സെല്‍ നിയമ സഹായം നല്‍കുന്നുണ്ട്.    

    2002 മുതല്‍ രാജ്യത്ത് നടന്ന സ്‌ഫോടനക്കേസുകള്‍ പുനരന്വേഷിക്കണമെന്നും ഹിന്ദുത്വ സംഘടനകളുടെ പങ്ക് അന്വേഷിക്കണമെന്നും ആവശ്യപ്പെട്ട് 2012ല്‍ അദ്ദേഹം സുപ്രിം കോടതിയെ സമീപിച്ചിരുന്നു. മുസ് ലിം യുവാക്കളെ കള്ളക്കേസില്‍ കുടുക്കി ജയിലിലടയ്ക്കാന്‍ ഗൂഡാലോചന നടത്തുന്ന കേന്ദ്ര-സംസ്ഥാന അന്വേഷണ ഏജന്‍സികളിലെ ഉദ്യോഗസ്ഥരെ മാതൃകാപരമായി ശിക്ഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു. മൗലാനാ മുഫ്തി അബ്ദുല്‍ ഖയ്യൂം ആണ് ജംഇയ്യത്തിന്റെ അഹ്മദാബാദിലെ നിയപോരാട്ടങ്ങള്‍ക്ക് ഇപ്പോള്‍ നേതൃത്വം നല്‍കുന്നത്.




Tags:    

Similar News