ഡെല്‍റ്റ, ഒമിക്രോണ്‍ വകഭേദങ്ങള്‍ ചേര്‍ന്ന 'ഡെല്‍റ്റക്രോണ്‍' സ്ഥിരീകരിച്ചതായി ഗവേഷകര്‍
ഈ വകഭേദം കൂടുതല്‍ ഗുരുതരമാണോ വ്യാപനശേഷി കൂടിയതാണോ എന്നെല്ലാമുള്ള വിലയിരുത്തല്‍ നടന്നു വരികയാണ്
ന്യൂഡല്‍ഹി: കൊറോണ വൈറസിന്റെ ഡെല്‍റ്റ,ഒമിക്രോണ്‍ വകഭേദങ്ങള്‍ ചേര്‍ന്ന പുതിയ വകഭേദം കണ്ടെത്തിയതായി റിപ്പോര്‍ട്ടുകള്‍.ഡെല്‍റ്റക്രോണ്‍ എന്നാണ് ഇതിനു പേരു നല്‍കിയിരിക്കുന്നത്. സൈപ്രസിലാണ് പുതിയ വകഭേദം കണ്ടെത്തിയിരിക്കുന്നത്.25 പേരിലാണ് പുതിയ വകഭേദമായ 'ഡെല്‍റ്റക്രോണ്‍' സ്ഥിരീകരിച്ചിരിക്കുന്നത്.
സൈപ്രസ് യൂണിവേഴ്‌സിറ്റിയിലെ പ്രൊഫസര്‍ ലിയോണ്‍ഡിയോസ് കോസ്ട്രികിസ് ആണ് ഇത് സംബന്ധിച്ച വിവരം പുറത്തുവിട്ടത്.ഒമിക്രോണും ഡെല്‍റ്റയും കൂടിച്ചേര്‍ന്നതാണ് ഈ പുതിയ വകഭേദമെന്ന് അദ്ദേഹം പറഞ്ഞു.ഡെല്‍റ്റയുടെ ജീനോമില്‍ ഒമിക്രോണിന്റേതുപോലുള്ള ജനിതകം കണ്ടെത്തിയതിനാലാണ് ഈ പേരിട്ടതെന്നും ലിയോണ്‍ഡിയോസ് കോസ്റ്റികിസ് പറഞ്ഞു.അതേസമയം വകഭേദത്തിന്റെ തീവ്രതയും വ്യാപനശേഷിയും തിരിച്ചറിയാന്‍ കൂടുതല്‍ പരിശോധനകള്‍ ആവശ്യമാണെന്ന് അദ്ദേഹം പറഞ്ഞു.
ഡെല്‍റ്റക്രോണ്‍ ഇതുവരെ അന്താരാഷ്ട്ര ആരോഗ്യ സംഘടനകള്‍ അംഗീകരിക്കുകയോ സ്ഥിരീകരിക്കുകയോ ചെയ്തിട്ടില്ല. കൂടുതല്‍ പഠനങ്ങള്‍ക്കായി ഡെല്‍റ്റാക്രോണിന്റെ സാമ്പിളുകള്‍ ജര്‍മ്മനിയിലേക്ക് അയച്ചിരിക്കുകയാണ്. 'ഡെല്‍റ്റാക്രോണ്‍' ഒരു പുതിയ വകഭേദമല്ലെന്ന് ചില വൈറോളജിസ്റ്റുകള്‍ പറഞ്ഞു.