പെണ്‍കുട്ടികള്‍ക്ക് ജന്‍മം നല്‍കി; യുപിയില്‍ യുവതിയെ ഭര്‍തൃവീട്ടുകാര്‍ തല്ലിച്ചതച്ചു (വീഡിയോ)

Update: 2022-06-04 10:04 GMT

ലഖ്‌നോ: പെണ്‍കുട്ടികള്‍ക്ക് ജന്‍മം നല്‍കിയതിന്റെ പേരില്‍ ഉത്തര്‍പ്രദേശില്‍ യുവതിയെ തല്ലിച്ചതച്ച് ഭര്‍ത്താവും ഭര്‍തൃസഹോദരിമാരും. ഉത്തര്‍പ്രദേശിലെ മഹോബ ജില്ലയിലാണ് സംഭവം. ആണ്‍കുട്ടി ജനിക്കാത്തതിന് ഭര്‍ത്താവും ഭര്‍ത്താവിന്റെ സഹോദരിമാരും നിരന്തരം ക്രൂരമായി മര്‍ദ്ദിക്കുകയും അവഹേൡക്കുകയും ചെയ്തിട്ടുണ്ടെന്ന് യുവതി ആരോപിക്കുന്നു. രണ്ട് പെണ്‍കുട്ടികളാണ് യുവതിക്ക്. ഭര്‍ത്താവിനും ബന്ധുക്കള്‍ക്കും ആണ്‍കുട്ടി വേണമെന്നായിരുന്നു ആഗ്രഹം.

രണ്ടാമതും പെണ്‍കുട്ടിക്ക് ജന്‍മം നല്‍കിയതോടെയാണ് പീഡനം വര്‍ധിച്ചതെന്നു യുവതി പറഞ്ഞു. ഇക്കാര്യം പറഞ്ഞ് തന്നെ പട്ടിണിക്കിടാറുണ്ടായിരുന്നു. ഇതെത്തുടര്‍ന്ന് കൂലിവേലയ്ക്ക് പോവാന്‍ തുടങ്ങിയെന്നും യുവതി പറയുന്നു. ക്രൂരമര്‍ദ്ദനത്തിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. രണ്ട് സ്ത്രീകള്‍ ചേര്‍ന്ന് യുവതിയെ അസഭ്യം പറയുകയും ചവിട്ടുകയും മര്‍ദ്ദിക്കുകയും ചെയ്യുന്നതാണ് ദൃശ്യങ്ങളിലുള്ളത്.

മര്‍ദ്ദനമേറ്റ് അവശയായ യുവതി കരഞ്ഞുകൊണ്ട് അവരോട് നിര്‍ത്താന്‍ ആവശ്യപ്പെടുകയും ചെയ്യുന്നുണ്ട്. തറയില്‍നിന്നും എഴുന്നേറ്റുപോവാന്‍ ശ്രമിച്ച യുവതിയെ വീണ്ടും ചവിട്ടുന്നതും അടിക്കുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്. എന്നാല്‍, ഇതൊന്നും ചെവികൊള്ളാതെ സ്ത്രീകള്‍ മര്‍ദ്ദനം തുടരുകയായിരുന്നു. മര്‍ദ്ദനമേറ്റ യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി പോലിസ് പറഞ്ഞു. ഞങ്ങള്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. പ്രതികള്‍ക്കെതിരെ ഉചിതമായ നടപടി സ്വീകരിക്കും- മഹോബയിലെ പോലിസ് സൂപ്രണ്ട് സുധ സിങ് പറഞ്ഞു.

Tags:    

Similar News