ഫോണ്‍ ചോര്‍ത്തലിനെച്ചൊല്ലി പ്രതിപക്ഷ ബഹളം; ലോക്‌സഭ രണ്ടുമണി വരെ നിര്‍ത്തിവച്ചു
വര്‍ഷകാല സമ്മേളനത്തിന്റെ ആദ്യദിനം പുതിയ അംഗങ്ങളുടെ സത്യപ്രതിജ്ഞാ ചടങ്ങുകള്‍ക്ക് പിന്നാലെ പ്രധാനമന്ത്രി സംസാരിക്കാന്‍ തുടങ്ങിയപ്പോഴാണ് പ്രതിപക്ഷ അംഗങ്ങള്‍ ബഹളം തുടങ്ങിയത്. ഫോണ്‍ ചോര്‍ത്തല്‍ സംഭവത്തില്‍ കേന്ദ്രസര്‍ക്കാര്‍ വിശദീകരണം നല്‍കണമെന്നായിരുന്നു പ്രതിപക്ഷ അംഗങ്ങളുടെ ആവശ്യം.
ന്യൂഡല്‍ഹി: പ്രമുഖരുടെ ഫോണ്‍ ചോര്‍ത്തല്‍ വിവാദത്തെച്ചൊല്ലിയുള്ള പ്രതിപക്ഷ ബഹളത്തെത്തുടര്‍ന്ന് ലോക്‌സഭ താത്കാലികമായി പിരിഞ്ഞു. ഉച്ചയ്ക്കുശേഷം രണ്ടുമണിക്ക് സഭ വീണ്ടും ചേരും. വര്‍ഷകാല സമ്മേളനത്തിന്റെ ആദ്യദിനം പുതിയ അംഗങ്ങളുടെ സത്യപ്രതിജ്ഞാ ചടങ്ങുകള്‍ക്ക് പിന്നാലെ പ്രധാനമന്ത്രി സംസാരിക്കാന്‍ തുടങ്ങിയപ്പോഴാണ് പ്രതിപക്ഷ അംഗങ്ങള്‍ ബഹളം തുടങ്ങിയത്. ഫോണ്‍ ചോര്‍ത്തല്‍ സംഭവത്തില്‍ കേന്ദ്രസര്‍ക്കാര്‍ വിശദീകരണം നല്‍കണമെന്നായിരുന്നു പ്രതിപക്ഷ അംഗങ്ങളുടെ ആവശ്യം. പ്രധാനമന്ത്രി പ്രസംഗിക്കുന്നതിനിടെ പ്രതിപക്ഷം ബഹളമുണ്ടാക്കുകയും പ്ലക്കാര്‍ഡുമായി നടുത്തളത്തിലിറങ്ങി പ്രതിഷേധിക്കുകയുമായിരുന്നു.
പ്രതിപക്ഷം സഭാനടപടികളുമായി സഹകരിക്കണമെന്ന് സ്പീക്കര്‍ ഓം ബിര്‍ള അഭ്യര്‍ഥിച്ചു. പ്രതിപക്ഷ പ്രതിഷേധം ജനാധിപത്യത്തിന് ചേര്‍ന്നതല്ലെന്നും അദ്ദേഹം പറഞ്ഞു. ചര്‍ച്ചകള്‍ക്ക് അവസരമൊരുക്കണമെന്ന പ്രധാനമന്ത്രിയുടെ അഭ്യര്‍ഥനയും പ്രതിപക്ഷം ചെവിക്കൊണ്ടില്ല. ബഹളം രൂക്ഷമായതോടെ സഭ നിര്‍ത്തിവയ്ക്കാന്‍ സ്പീക്കര്‍ നിര്‍ബന്ധിതനായി. പുതിയ മന്ത്രിമാരെ പ്രധാനമന്ത്രി മോദി പരിചയപ്പെടുത്തിയ സമയത്ത് പ്രതിപക്ഷം ബഹളമുണ്ടാക്കിയതിനെതിനെ പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് രൂക്ഷമായി വിമര്‍ശിച്ചു. വനിത, ദലിത്, കര്‍പിന്നാക്ക വിഭാഗങ്ങളില്‍നിന്ന് മന്ത്രിമാര്‍ വന്നത് ചിലര്‍ക്ക് ഇഷ്ടപ്പെട്ടില്ലെന്ന് പ്രതിപക്ഷ ബഹളത്തോട് പ്രധാനമന്ത്രി പ്രതികരിച്ചു.
ഇസ്രായേല്‍ ചാര സോഫ്റ്റ്‌വെയര്‍ ഉപയോഗിച്ച് രാജ്യത്തെ പ്രമുഖരുടെ ഫോണ്‍ ചോര്‍ത്തിയെന്ന ആരോപണം ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് പാര്‍ലമെന്റില്‍ പ്രതിപക്ഷം അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കിയിരുന്നു. ബിനോയ് വിശ്വം എംപി രാജ്യസഭയിലും എന്‍ കെ പ്രേമചന്ദ്രന്‍ എംപി ലോക്‌സഭയിലും നോട്ടീസ് നല്‍കി. വിഷയത്തില്‍ സ്വതന്ത്ര അന്വേഷണം വേണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു. ഏറ്റവും രൂക്ഷമായ ചോദ്യങ്ങള്‍ പാര്‍ലമെന്റില്‍ ഉന്നയിക്കാമെന്നും എന്നാല്‍ അവയ്ക്ക് സമാധാനപരമായ അന്തരീക്ഷത്തില്‍ മറുപടി പറയാനുള്ള അവസരം സര്‍ക്കാരിന് നല്‍കണമെന്നും മോദി സമ്മേളനത്തിന് മുമ്പായി ആവശ്യപ്പെട്ടിരുന്നു.
ഇസ്രായേലി ചാര സോഫ്റ്റ്‌വെയര്‍ 'പെഗാസസ്' ഉപയോഗിച്ച് കേന്ദ്ര മന്ത്രിമാരുടെയും പ്രതിപക്ഷ നേതാക്കളുടെയും മാധ്യമപ്രവര്‍ത്തകരുടെയും ഫോണുകള്‍ ചോര്‍ത്തിയ സംഭവമാണ് ലോക്‌സഭയിലും പ്രതിഷേധത്തിന് വഴിവച്ചത്. ഫോണ്‍ ചോര്‍ത്തല്‍ ആരോപണങ്ങള്‍ക്ക് യാതൊരു അടിസ്ഥാനവും സത്യവുമില്ലെന്നായിരുന്നു സര്‍ക്കാര്‍ വാദം. നമ്മുടെ ദേശീയ സുരക്ഷ അപകടത്തിലാണ്. ഞാന്‍ തീര്‍ച്ചയായും ഈ വിഷയം സഭയില്‍ ഉന്നയിക്കും- ലോക്‌സഭയിലെ കോണ്‍ഗ്രസ് നേതാവ് ആദിര്‍ രഞ്ജന്‍ ചൗധരി വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു.