അര്‍ബുദമില്ലാത്ത യുവതിക്ക് കീമോ: ഡോക്ടര്‍മാര്‍ക്കും സ്വകാര്യ ലാബിനും വീഴ്ച പറ്റിയെന്ന് അന്വേഷണ റിപോര്‍ട്ട്
മെഡിക്കല്‍ വിദ്യാഭ്യാസ ജോയിന്റ് ഡയറക്ടര്‍ക്ക് നല്‍കിയ റിപോര്‍ട്ട് ഇന്ന് ആരോഗ്യവകുപ്പ് സെക്രട്ടറിക്ക് കൈമാറും. തുടര്‍ന്ന് വീഴ്ച പറ്റിയ ഡോക്ടര്‍മാര്‍ക്കെതിരേ എടുക്കേണ്ട നടപടിയും തീരുമാനിക്കും.
കോട്ടയം: അര്‍ബുദമില്ലാത്ത രോഗിക്ക് കീമോ തെറാപ്പി ചെയ്ത സംഭവത്തില്‍ കോട്ടയം മെഡിക്കല്‍ കോളജിലെ ഡോക്ടര്‍മാര്‍ക്കും സ്വകാര്യ ലാബിനും വീഴ്ച പറ്റിയതായി അന്വേഷണ റിപോര്‍ട്ട്. ഡോക്ടര്‍ കെ വി വിശ്വാനാഥന്റെ നേതൃത്വത്തിലുള്ള അന്വേഷണ കമ്മീഷന്‍ ഇതുസംബന്ധിച്ച റിപോര്‍ട്ട് തയ്യാറാക്കിയത്.
നേരത്തെ കോട്ടയം മെഡിക്കല്‍ കോളജിലെ ഡോക്ടര്‍മാര്‍ക്ക് ആഭ്യന്തര അന്വേഷണ സമിതി ശുദ്ധിപത്രം നല്‍കിയത് വന്‍ വിവാദമായതിനെതുടര്‍ന്നാണ് സര്‍ക്കാര്‍ പുറത്തുള്ള അന്വേഷണ സംഘത്തെ നിയോഗിച്ചത്. ആലപ്പുഴ കുടശനാട് സ്വദേശി രജനിയെ സ്വകാര്യ ലാബിലേക്ക് അയച്ചത് മെഡിക്കല്‍ കോളജിലെ ഡോക്ടര്‍മാരുടെ വീഴ്ചയാണെന്നാണ് ഡോ. കെ വിശ്വനാഥന്‍ അധ്യക്ഷനായ കമ്മീഷന്‍ കണ്ടെത്തി. അപൂര്‍വ്വ രോഗാവസ്ഥ ആയതിനാല്‍ രണ്ടാമതൊരു അഭിപ്രായമായി സര്‍ക്കാര്‍ ലാബിലെ ഫലം കൂടി കാക്കാമായിരുന്നുവെന്നും എന്നാല്‍ മാനദണ്ഡങ്ങള്‍ പാലിച്ചായിരുന്നു കീമോ നല്‍കിയതെന്നും റിപോര്‍ട്ടില്‍ പറയുന്നുണ്ട്. കോട്ടയത്തെ ഡയനോവ ലാബിലെ പതോളജിസ്റ്റിന് രോഗം നിര്‍ണയിക്കുന്നതില്‍ വീഴ്ച പറ്റിയതായും റിപോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.അവ്യക്തമായ റിപ്പോര്‍ട്ട് കിട്ടിയപ്പോഴെങ്കിലും സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ വേണ്ടത്ര ജാഗ്രത കാണിക്കാമായിരുന്നുവെന്നും റിപോര്‍ട്ട് വ്യക്തമാക്കുന്നു. കോട്ടയം മെഡിക്കല്‍ കോളജിലെ പതോളജിസ്റ്റ് വിഭാഗം ശക്തിപ്പെടുത്താനും ശുപാര്‍ശയുണ്ട്. ഡോ. വിശ്വനാഥന്റെ നേതൃത്വത്തിലുള്ള മൂന്നഗം സംഘം രജനിയുടേയും മെഡിക്കല്‍ കോളജിലെ ഡോക്ടര്‍മാരുടേയും മൊഴി രേഖപ്പെടുത്തിയ ശേഷമാണ് റിപോര്‍ട്ട് തയ്യാറാക്കിയത്. മെഡിക്കല്‍ വിദ്യാഭ്യാസ ജോയിന്റ് ഡയറക്ടര്‍ക്ക് നല്‍കിയ റിപോര്‍ട്ട് ഇന്ന് ആരോഗ്യവകുപ്പ് സെക്രട്ടറിക്ക് കൈമാറും. തുടര്‍ന്ന് വീഴ്ച പറ്റിയ ഡോക്ടര്‍മാര്‍ക്കെതിരേ എടുക്കേണ്ട നടപടിയും തീരുമാനിക്കും. മാര്‍ച്ച് നാലിനാണ് കുടശനാട് സ്വദേശി രജനി മെഡിക്കല്‍ കോളജില്‍ ചികില്‍സയ്‌ക്കെത്തിയത്.
മെഡിക്കല്‍ കോളജിലെ ലാബില്‍ ബയോപ്‌സി ചെയ്യുന്നതിനൊപ്പം സ്വകാര്യലാബിലും പരിശോധന നടത്താന്‍ ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചു. സ്വകാര്യലാബിലെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കീമോ തുടങ്ങി. എന്നാല്‍ മെഡിക്കല്‍ കോളേജിലെ റിപ്പോര്‍ട്ടില്‍ രജനി അര്‍ബുദബാധിതയല്ലെന്നു കണ്ടെത്തിയിരുന്നു.സംഭവത്തില്‍ പോലിസും അന്വേഷണം നടത്തി വരികയാണ്.