ഫലസ്തീന്‍ പ്രശ്‌നപരിഹാരം കൂടാതെ പശ്ചിമേഷ്യന്‍ സംഘര്‍ഷം അവസാനിക്കില്ലെന്ന് റഷ്യയും ഇറാനും

Update: 2024-04-16 17:37 GMT

മോസ്‌കോ: റഷ്യന്‍ പ്രസിഡന്റ് വഌഡ്മിര്‍ പുടിനും ഇറാന്‍ പ്രസിഡന്റ് ഇബ്രാഹിം റഈസിയും ഫോണില്‍ സംസാരിച്ചു. ഫലസ്തീന്‍ പ്രശ്‌നപരിഹാരം കൂടാതെ പശ്ചിമേഷ്യന്‍ സംഘര്‍ഷം അവസാനിക്കില്ലെന്നും ഗസയില്‍ അടിയന്തര വെടിനിര്‍ത്തല്‍ അനിവാര്യമാണെന്നും ഇരുനേതാക്കളും അഭിപ്രായപ്പെട്ടു.

അതേസമയം പശ്ചിമേഷ്യയില്‍ ഇനിയും സംഘര്‍ഷം തുടര്‍ന്നാല്‍ വിനാശകരമായ പ്രത്യാഘാതങ്ങള്‍ക്ക് ഇടയാക്കുമെന്ന് പുടിന്‍ മുന്നറിയിപ്പ് നല്‍കി. എല്ലാ കക്ഷികളും സംയമനം പാലിക്കുമെന്ന പ്രതീക്ഷയും അദ്ദേഹം പങ്കുവെച്ചു. കഴിഞ്ഞ വാരാന്ത്യത്തില്‍ ഇസ്രായേലിനെ ലക്ഷ്യമാക്കി ഡ്രോണുകളും മിസൈലുകളും ഇറാന്‍ തൊടുത്തതോടെയാണ് സ്ഥിതി വഷളായത്. 300ലധികം മിസൈലുകളാണ് ഇറാന്‍ തൊടുത്തത്. സിറിയയിലെ കോണ്‍സുലേറ്റിന് നേരെ ഇസ്രായേല്‍ നടത്തിയ മാരകമായ വ്യോമാക്രമണത്തിന് തിരിച്ചടിയായിട്ടായിരുന്നു ഇറാന്റെ മിസൈലാക്രമണം.

ഇസ്രായേലി പാര്‍ലമെന്റിന് സമീപം മിസൈലുകള്‍ വരുന്നതും, അതിനെ സൈന്യം നിര്‍വീര്യമാക്കുന്നതിന്റെയുമെല്ലാം വീഡിയോകള്‍ പുറത്തുവന്നിരുന്നു. എന്നാല്‍, ഇറാന്റെ ആക്രമണത്തില്‍, ചെറിയ നാശനഷ്ടങ്ങള്‍ മാത്രമാണ് ഉണ്ടായതെന്നാണ് ഇസ്രായേല്‍ അവകാശപ്പെടുന്നത്.

അതേസമയം ഇസ്രായേല്‍ ക്ഷണിച്ചുവരുത്തിയതാണ് ഈ ആക്രമണമെന്ന് റഈസി പുടിനുമായുള്ള സംസാരത്തില്‍ വ്യക്തമാക്കി. സംഘര്‍ഷം ഇനിയും മുന്നോട്ടുകൊണ്ടുപോകാന്‍ താല്‍പര്യപ്പെടുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. റഷ്യയും ഇറാനും അടുത്ത സൈനിക, രാഷ്ട്രീയ സഖ്യകക്ഷികളാണെന്നും ഇറാന്റെ അഭ്യര്‍ത്ഥന മാനിച്ചാണ് പുടിന്‍ ഫോണില്‍ സംസാരിച്ചതെന്നുമാണ് റിപ്പോര്‍ട്ടുകള്‍.






Similar News