ഇടുക്കി: ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ച വാഹനം കൊക്കയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തില്‍ മരിച്ചവരുടെ എണ്ണം എട്ടായി. ഇടുക്കിലെ കുമളിക്ക് സമീപം തമിഴ്‌നാട് അതിര്‍ത്തിയിലാണ് അപകടമുണ്ടായത്. തമിഴ്‌നാട്ടില്‍ നിന്നുള്ള തീര്‍ത്ഥാടകരാണ് വാഹനത്തിലുണ്ടായിരുന്നത്. പോലിസ് നല്‍കുന്ന വിവരമനുസരിച്ച് വാഹനത്തില്‍ ഒരു കുട്ടിയടക്കം ഒമ്പതുപേരുണ്ടായിരുന്നു. ഇതില്‍ പരിക്കേറ്റ രണ്ട് പേരെ കുമളിയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ഇതില്‍ ഒരാളാണ് മരിച്ചത്. ഒരാളുടെ നില ഗുരുതരമായി തുടരുകയാണ്.
ആണ്ടിപ്പെട്ടി സ്വദേശികളായ നാഗരാജ് (46), ദേവദാസ് (55),ശിവകുമാര്‍ (45), ചക്കംപെട്ടി സ്വദേശി മുനിയാണ്ടി (55), മറവപ്പെട്ടി സ്വദേശി കന്നി സ്വാമി (60), ഷണ്മുഖ സുന്ദര പുരം സ്വദേശി വിനോദ് കുമാര്‍ (43) എന്നിവര്‍ മരിച്ചവരില്‍ ഉള്‍പ്പെടുന്നു. കേരള- തമിഴ്‌നാട് അതിത്തിയായ കുമളിയില്‍ നിന്നും മൂന്നുകിലോമീറ്റര്‍ അകലെ രാത്രി ഒമ്പതരയോടെയാണ് അപകടം നടന്നത്. നിയന്ത്രണം വിട്ട വാഹനം കൊട്ടാരക്കര ദിണ്ഡിക്കല്‍ ദേശീയ പാതയിലെ പാലത്തില്‍ നിന്നും താഴേക്ക് പതിക്കുകയായിരുന്നു. മുല്ലപ്പെരിയാറില്‍ നിന്നും തമിഴ് നാട്ടിലേക്ക് വെള്ളം കൊണ്ടുപോവുന്ന പെന്‍ സ്‌റ്റോക്കുകളിലൊന്നിനു മുകളിലേക്കാണ് കാര്‍ വീണത്.