സഞ്ജയ് റാവത്തിനെ ആഗസ്ത് നാല് വരെ ഇഡി കസ്റ്റഡിയില്‍ വിട്ട് കോടതി

രാഷ്ട്രീയ പകപോക്കലിന്റെ ഭാഗമായാണ് നടപടിയെന്ന് വാദത്തിനിടെ റാവത്തിന്റെ അഭിഭാഷകന്‍ പറഞ്ഞു.

Update: 2022-08-01 13:00 GMT

മുംബൈ: കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ അറസ്റ്റിലായ ശിവസേന നേതാവ് സഞ്ജയ് റാവത്തിനെ കോടതി ഇഡി കസ്റ്റഡിയില്‍ വിട്ടു. ആഗസ്റ്റ് നാല് വരെയാണ് കസ്റ്റഡിയില്‍ വിട്ടത്. രാഷ്ട്രീയ പകപോക്കലിന്റെ ഭാഗമായാണ് നടപടിയെന്ന് വാദത്തിനിടെ റാവത്തിന്റെ അഭിഭാഷകന്‍ പറഞ്ഞു.

തിങ്കളാഴ്ച പുലര്‍ച്ചെ 12.40നാണ് അറസ്റ്റ് രേഖപ്പെടുത്തിയതെങ്കിലും ഞായറാഴ്ച രാവിലെ 7.30 മുതല്‍ അദ്ദേഹം ഇഡിയുടെ തടവിലായിരുന്നു. രേഖകളില്ലാതെയാണ് അദ്ദേഹത്തെ തടവില്‍ വച്ചതെന്നും പുറത്തിറങ്ങാന്‍ അനുവദിച്ചില്ലെന്നും അഭിഭാഷകന്‍ പറഞ്ഞു. റാവത്ത് ഹൃദ്‌രോഗിയാണെന്നും ആരോഗ്യനില മോശമാകുന്നതിനാല്‍ രാത്രി ഏറെ നേരം ചോദ്യം ചെയ്യരുതെന്നും അഭിഭാഷകന്‍ കോടതിയെ അറിയിച്ചു.

ഇന്നലെയാണ് റാവത്തിന്റെ വീട്ടില്‍ ഇഡി റെയ്ഡ് നടത്തിയത്. തുടര്‍ന്ന് ആറുമണിക്കൂര്‍ ചോദ്യം ചെയ്തശേഷം സഹകരിക്കുന്നില്ലെന്ന് ആരോപിച്ച് വൈകീട്ട് അഞ്ചോടെ കസ്റ്റഡിയിലെടുത്ത് മുംബൈ ഇഡി ഓഫിസിലെത്തിച്ചു. അര്‍ധരാത്രിക്കുശേഷം 60കാരനായ സഞ്ജയ് റാവത്തിന്റെ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. വീട്ടില്‍ നടത്തിയ പരിശോധനയില്‍ 11.5 ലക്ഷം രൂപയും സംഘം പിടിച്ചെടുത്തതായി ഉദ്യോഗസ്ഥര്‍ പറഞ്ഞു.

മുംബൈയിലെ ഗോരേഗാവില്‍ 47 ഏക്കര്‍ വരുന്ന പത്ര ചൗള്‍ ഭൂമി കുംഭകോണവുമായി ബന്ധപ്പെട്ട കള്ളപ്പണക്കേസിലാണ് ഇഡി സംഘം സഞ്ജയ് റാവത്തിന്റെ വസതിയില്‍ റെയ്ഡ് നടത്തിയത്. കേസുമായി ബന്ധപ്പെട്ട് ജൂലൈ ഒന്നിന് ഇഡി റാവത്തിനെ 10 മണിക്കൂര്‍ ചോദ്യം ചെയ്തിരുന്നു. പിന്നീട് രണ്ടു തവണ ഹാജരാകാന്‍ ആവശ്യപ്പെട്ട് ഇഡി നോട്ടിസ് അയച്ചെങ്കിലും പാര്‍ലമെന്റ് സമ്മേളനം ചൂണ്ടിക്കാട്ടി ഹാജരാകാന്‍ സാധിക്കില്ലെന്ന് അറിയിക്കുകയായിരുന്നു.

കുറ്റമൊന്നും ചെയ്തിട്ടില്ലെന്നും കള്ളക്കേസും വ്യാജ തെളിവുകളുമാണ് ഇഡി കൈവശമുള്ളതെന്നും തലപോയാലും കേന്ദ്രത്തിന് കീഴടങ്ങില്ലെന്നും റാവത്ത് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ഇഡി നടപടി പാര്‍ട്ടിയെ തകര്‍ക്കാനുള്ള ഗൂഢാലോചനയാണെന്ന് ശിവസേന ആരോപിച്ചു.

Tags:    

Similar News