'ജമാഅത്തെ ഇസ്‌ലാമിയെ മുന്‍നിര്‍ത്തി ഇസ്‌ലാമോ ഫോബിയ വളര്‍ത്തി രക്ഷപ്പെടാനാണ് സിപിഎം ശ്രമിക്കുന്നത്'
സില്‍വര്‍ലൈന്‍ പദ്ധതിയുടെ അപകടം മലയാളികള്‍ക്ക് വ്യക്തമാക്കിക്കൊടുത്തത് ജമാഅത്തെ ഇസ്‌ലാമിയല്ല, മറിച്ച് പ്രതിപക്ഷ രാഷ്ട്രീയ കക്ഷികളോടൊപ്പം ഇടതുവേദികളായ ശാസ്ത്ര സാഹിത്യ പരിഷത്തും യുവകലാ സാഹിതിയുമാണ്
കോഴിക്കോട്: കെറെയിലിനെതിരേ ഉയരുന്ന പ്രതിപക്ഷ സമരങ്ങള്‍ക്കെതിരേ ജമാഅത്തെ ഇസ്‌ലാമിയെ മുന്‍നിര്‍ത്തി ഇസ്‌ലാമോ ഫോബിയ വളര്‍ത്തി രക്ഷപ്പെടാനാണ് സിപിഎം ശ്രമിക്കുന്നതെന്നും അതു വ്യാമോഹം മാത്രമാണെന്നും ജമാഅത്തെ ഇസ്‌ലാമി അസിസ്റ്റന്റ് അമീര്‍ പി മുജീബുറഹ്മാന്‍ പറഞ്ഞു. സില്‍വര്‍ ലൈനില്‍ ഇനിയും ഔദ്യോഗികമായി നിലപാട് പറയാത്ത ജമാഅത്തെ ഇസ്‌ലാമിയെ കോടിയേരിയും പിണറായിയും എല്ലാ ദിവസവും തെറിപറയുന്നത് ജനങ്ങളുയര്‍ത്തുന്ന മൗലിക ചോദ്യങ്ങളില്‍നിന്ന് ഒളിച്ചോടാനാണെന്നും അദ്ദേഹം വിമര്‍ശിച്ചു. പാര്‍ട്ടിക്കകത്തോ മുന്നണിക്കകത്തോ നിയമസഭക്കകത്തോ ചര്‍ച്ചയ്ക്കു വയ്ക്കാതെ, കൃത്യമായ സാധ്യതാ പഠനങ്ങള്‍ നടത്താതെ, സാമൂഹിക പാരിസ്ഥിതിക ആഘാതങ്ങളെക്കുറിച്ച ചോദ്യങ്ങള്‍ക്ക് മറുപടി പറയാതെ, കോര്‍പറേറ്റ് വികസന ഭ്രാന്തിനുവേണ്ടി ശുദ്ധവര്‍ഗീയത കളിക്കുകയാണിപ്പോള്‍ സിപിഎം ചെയ്യുന്നത്.
സില്‍വര്‍ലൈന്‍ പദ്ധതിയുടെ അപകടം മലയാളികള്‍ക്ക് വ്യക്തമാക്കിക്കൊടുത്തത് ജമാഅത്തെ ഇസ്‌ലാമിയല്ല, മറിച്ച് പ്രതിപക്ഷ രാഷ്ട്രീയ കക്ഷികളോടൊപ്പം ഇടതുവേദികളായ ശാസ്ത്ര സാഹിത്യ പരിഷത്തും യുവകലാ സാഹിതിയുമാണ്. ശാസ്ത്ര സാഹിത്യ പരിഷത്തിന്റെയും യുവകലാസാഹിതിയുടെയും ശരീരത്തിലും ജമാഅത്തെ ഇസ്‌ലാമിയുടെ ആത്മാവ് പ്രവേശിച്ചുവെന്നാണോ പിണറായികൊടിയേരി സഖാക്കള്‍ മനസ്സിലാക്കുന്നത്‌ഫേസ്ബുക്ക് കുറിപ്പില്‍ മുജീബുറഹ്മാന്‍ ചോദിച്ചു. കോര്‍പറേറ്റ് വികസന അജണ്ട നടപ്പാക്കാന്‍ സിപിഎം കാണിക്കുന്ന വര്‍ഗീയ കോപ്രായങ്ങള്‍ക്ക് മലയാളി വലിയ വിലകൊടുക്കേണ്ടി വരുമെന്നും അദ്ദേഹം ആക്ഷേപിച്ചു. ഇത്തരം വഴിവിട്ട രാഷ്ട്രീയത്തിലൂടെ സ്വന്തം സഖാക്കള്‍ക്ക് സംഘപരിവാറിലേക്കുള്ള വഴി എളുപ്പമാക്കിക്കൊടുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.