ഉക്രെയ്ന്‍ സംഘര്‍ഷം: എംബസി ജീവനക്കാരുടെ കുടുംബങ്ങളോട് രാജ്യം വിടാന്‍ ആവശ്യപ്പെട്ട് യുഎസ്
കീവ്: സംഘര്‍ഷം രൂക്ഷമായ സാഹചര്യത്തില്‍ ഉക്രെയ്‌നിലെ എംബസി ജീവനക്കാരുടെ കുടുംബങ്ങളോട് രാജ്യം വിടാന്‍ അമേരിക്ക ഉത്തരവിട്ടു. അവശ്യം വേണ്ട ജീവനക്കാര്‍ അല്ലാത്തവരും ഉക്രെയ്ന്‍ വിടണമെന്നും ആവശ്യപ്പെട്ടു. ഉക്രെയ്ന്‍ വിടാന്‍ തങ്ങളുടെ പൗരന്‍മാരോടും യുഎസ് അഭ്യര്‍ഥിച്ചിട്ടുണ്ട്. ഉക്രെയ്‌നെതിരേ റഷ്യ സൈനിക നടപടിക്ക് ഒരുങ്ങുന്നതായി റിപോര്‍ട്ടുകളുണ്ടെന്ന് യുഎസ് പ്രസ്താവനയില്‍ പറയുന്നു. നിലവിലെ സംഘര്‍ഷവും യുഎസ് പൗരന്‍മാര്‍ക്കെതിരായ പീഡനത്തിനുള്ള സാധ്യതയും കണക്കിലെടുത്ത് ഉക്രെയ്‌നിലേക്കും റഷ്യയിലേക്കും യാത്ര ചെയ്യരുതെന്ന് യുഎസ് സ്‌റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് മുന്നറിയിപ്പ് നല്‍കി.
റഷ്യ ഉക്രെയ്‌നെതിരേ കാര്യമായ സൈനിക നടപടിക്ക് പദ്ധതിയിടുന്നതായി റിപോര്‍ട്ടുകള്‍ ഉണ്ട്- സ്‌റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് വ്യക്തമാക്കുന്നു. എംബസി തുറന്നിരിക്കുകയാണെങ്കിലും 'എപ്പോള്‍ വേണമെങ്കിലും' ഒരു അധിനിവേശമുണ്ടാവാമെന്ന് വൈറ്റ് ഹൗസില്‍നിന്നുള്ള ആവര്‍ത്തിച്ചുള്ള മുന്നറിയിപ്പുകളുണ്ടെന്ന് സ്‌റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് ഉദ്യോഗസ്ഥന്‍ എഎഫ്പി വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു. അത്തരമൊരു സാഹചര്യത്തില്‍ യുഎസ് പൗരന്‍മാരെ ഒഴിപ്പിക്കാന്‍ സര്‍ക്കാരിന് കഴിയില്ലെന്നും ഉദ്യോഗസ്ഥന്‍ പറയുന്നു.
എന്നാല്‍, ഉക്രെയ്‌നില്‍ തങ്ങള്‍ അധിനിവേശത്തിന് പദ്ധതിയിടുന്നുവെന്ന യുഎസ്സിന്റെ ആരോപണം റഷ്യ നിഷേധിച്ചിട്ടുണ്ട്. ഉക്രെയ്ന്‍ ഭരണകൂടത്തെ താഴെയിറക്കി റഷ്യന്‍ നിയന്ത്രിത സര്‍ക്കാരുണ്ടാക്കാന്‍ റഷ്യ ശ്രമിക്കുന്നതായി ബ്രിട്ടനും മുന്നറിയിപ്പ് നല്‍കി. ഉക്രെയ്ന്‍ മുന്‍ എംപി യെഹ്‌നി മുറായെവിനെ ഭരണത്തിലെത്തിക്കാണ് റഷ്യയുടെ ശ്രമം. റഷ്യന്‍ അനുകൂല നാഷി പാര്‍ട്ടിയുടെ തലവനാണ് മുറായെവ്. നിലവില്‍ ഈ പാര്‍ട്ടിക്ക് പാര്‍ലമെന്റില്‍ പ്രാതിനിധ്യമില്ല. ഉക്രെയ്‌നില്‍ നടക്കുന്ന വിമതനീക്കത്തിനു പിന്നില്‍ റഷ്യയാണെന്ന് ബ്രിട്ടീഷ് ഇന്റലിജന്‍സ് വെളിപ്പെടുത്തി.
എന്നാല്‍, അനുകൂല സര്‍ക്കാരിനെ കീവിലെത്തിച്ചാല്‍ അതുകൊണ്ട് റഷ്യയ്ക്കുള്ള നേട്ടം എന്താണെന്ന് അറിയില്ലെന്നും ബ്രിട്ടീഷ് വിദേശകാര്യമന്ത്രാലയം പറഞ്ഞു. കൃത്യമായ ഇന്റലിജന്‍സ് വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പ്രസ്താവന നടത്തുന്നതെന്ന് ബ്രിട്ടീഷ് വിദേശകാര്യ സെക്രട്ടറി ലിസ് ട്രസ് പറഞ്ഞു. ഉക്രെയ്ന്‍ സര്‍ക്കാരിനെ അട്ടിമറിക്കുന്നതിനുള്ള നയതന്ത്ര നീക്കങ്ങളാണ് റഷ്യ നടത്തുന്നത്. സൈനിക നടപടിയിലേക്ക് നീങ്ങിയാല്‍ അത് അബദ്ധമായിരിക്കുമെന്നും ബ്രിട്ടന്‍ പറഞ്ഞു. റഷ്യന്‍ നീക്കം ചെറുക്കുമെന്നും ബ്രിട്ടന്‍ വെളിപ്പെടുത്തി.
ഉക്രെയ്‌നിലേക്കുള്ള റഷ്യന്‍ കടന്നുകയറ്റം തടയുന്നതിന്റെ ഭാഗമായി ടാങ്ക് വേധ ആയുധങ്ങള്‍ ഉക്രെയ്‌നില്‍ അതിര്‍ത്തിയിലേക്ക് ബ്രിട്ടന്‍ അയച്ചിട്ടുണ്ട്. ഉക്രെയ്ന്‍ പ്രതിസന്ധി നയതന്ത്ര ചര്‍ച്ചകളിലൂടെ പരിഹരിക്കുന്നതിനും ശ്രമം നടക്കുന്നുണ്ട്. ബ്രിട്ടീഷ് പ്രതിരോധ സെക്രട്ടറി ബെന്‍ വാലന്‍സ് റഷ്യന്‍ പ്രതിരോധ മന്ത്രി സെര്‍ജി ഷോയിഗുമായി കൂടിക്കാഴ്ച നടത്താനും സാധ്യതയുണ്ട്. ഉക്രെയ്‌നിലേക്കുള്ള റഷ്യന്‍ കടന്നുകയറ്റം തടയുന്നതിനായി യൂറോപ്യന്‍ രാജ്യങ്ങളെ ബ്രിട്ടന്റെ നേതൃത്വത്തില്‍ ഏകോപിക്കുന്നുണ്ട്. ഉക്രെയ്‌നില്‍ തിരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരിനൊപ്പാണെന്ന് അമേരിക്കയും നിലപാടെടുത്തിട്ടുണ്ട്.