ദുബയ്: വികസന കാര്യത്തില്‍ കേരളത്തിലെ പ്രതിപക്ഷം സര്‍ക്കാറിനൊപ്പമാണെന്ന് വ്യവസായനിയമ മന്ത്രി പി.രാജീവ്. ചില വിഷയങ്ങളില്‍ മാത്രമാണ് പ്രതിപക്ഷം എതിര്‍പ്പ് ഉന്നയിക്കുന്നത്. പ്രതിപക്ഷം പോസിറ്റീവ് ആയാണ് പൊതുവെ നിലപാട് സ്വീകരിക്കുന്നത്. കേരളം നിക്ഷേപ സൗഹൃദമാണെന്ന് പ്രതിപക്ഷം പറയുന്നു. വികസനവുമായി ബന്ധപ്പെട്ട യോഗങ്ങളില്‍ പ്രതിപക്ഷ നിലപാട് പൊതുവെ സര്‍ക്കാറിന് അനുകൂലമാണെന്നും അദ്ദേഹം പറഞ്ഞു. ദുബയ് എക്‌സ്‌പോയിലെ കേരള വാരാചരണത്തില്‍ കേരളത്തിലേക്ക് നിക്ഷേപകരെ ആകര്‍ഷിക്കാനുള്ള പ്രവര്‍ത്തനങ്ങളെ കുറിച്ച് വിശദീകരിക്കുകയായിരുന്നു അദ്ദേഹം.
കേരളത്തില്‍ ഭക്ഷ്യ സംസ്‌കരണ കേന്ദ്രം സ്ഥാപിക്കാന്‍ യുഎഇ ഭരണകൂടം താത്പര്യം കാണിച്ചുവെന്ന് വ്യവസായ മന്ത്രി വെളിപ്പെടുത്തി. യുഎഇ വിദേശവ്യാപാര മന്ത്രി ഡോ. ഥാനി ബിന്‍ അഹ്മദ് അല്‍ സിയൂദിയുമായുള്ള ചര്‍ച്ചയിലാണ് സാധ്യത ഉരുത്തിരിഞ്ഞു വന്നത്. കേരള സര്‍ക്കാര്‍ സ്ഥലം ഉള്‍പ്പെടെ അടിസ്ഥാന സൗകര്യമൊരുക്കും. ഇത് സംബന്ധിച്ച് പഠിക്കാന്‍ യുഎഇ ഉന്നതോദ്യോഗസ്ഥ സംഘം താമസിയാതെ കേരളത്തിലെത്തും. കേരളത്തില്‍ നിക്ഷേപ സാധ്യത തേടി പലരും എത്തുന്നുണ്ട്.
ഭക്ഷ്യ സംസ്‌കരണം, ലോജിസ്റ്റിക്‌സ്, ഫാര്‍മസ്യൂട്ടിക്കല്‍സ് തുടങ്ങിയ മേഖലകളില്‍ യുഎഇയില്‍ നിന്നുള്ള നിക്ഷേപകര്‍ താല്‍പര്യം പ്രകടിപ്പിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ട്രാന്‍സ് വേള്‍ഡ് കേരളത്തില്‍ കണ്ടെയ്‌നര്‍ നിര്‍മാണ ശാല തുടങ്ങാനും ആസ്റ്റര്‍ ഗ്രൂപ് തിരുവനന്തപുരത്തും കാസര്‍കോട്ടും സ്ഥാപനങ്ങള്‍ തുടങ്ങാനും സന്നദ്ധത അറിയിച്ചിട്ടുണ്ട്. ലുലു ഗ്രൂപ് ഭക്ഷ്യ സംസ്‌കരണ രംഗത്ത് കൂടുതല്‍ നിക്ഷേപം നടത്തും. ഇതിനുള്ള നടപടികള്‍ വേഗത്തിലാക്കുന്ന ചുമതല കെഎസ്‌ഐഡിസിയെ ഏല്‍പിച്ചിട്ടുണ്ട്. 2015ല്‍ എഫ്എംസി ഗ്രൂപ് മലപ്പുറത്ത് നടത്തിയ 100 കോടി നിക്ഷേപത്തിന്റെ തടസ്സങ്ങള്‍ നീക്കാനും ധാരണയായതായി മന്ത്രി പറഞ്ഞു.
വ്യവസായം തുടങ്ങാന്‍ എത്തുന്നവരെ സര്‍ക്കാര്‍ സംശയത്തോടെ കാണുന്ന രീതി ഇപ്പോഴില്ലെന്ന് പറഞ്ഞ മന്ത്രി, പണിമുടക്ക് മൂലം തൊഴില്‍ ദിനങ്ങള്‍ നഷ്ടപ്പെടുന്ന പ്രവണത കേരളത്തില്‍ കുറയുകയാണെന്നും ഉദ്യോഗസ്ഥര്‍ക്കെതിരെ ലഭിക്കുന്ന പരാതികള്‍ പരിഹരിക്കാന്‍ സംവിധാനങ്ങള്‍ ശക്തമാക്കിയിട്ടുണ്ടെന്നും വ്യക്തമാക്കി. ആന്തൂര്‍ പോലെയുള്ള സംഭവങ്ങള്‍ ഒറ്റപ്പെട്ടതാണ്. ഒറ്റപ്പെട്ട സംഭവങ്ങള്‍ ഉയര്‍ത്തിക്കാട്ടാതെ കേരളത്തെ കുറിച്ച് പോസിറ്റീവ് വാര്‍ത്തകള്‍ നല്‍കാന്‍ മാധ്യമങ്ങള്‍ തയാറാവണമെന്നും മന്ത്രി അഭ്യര്‍ത്ഥിച്ചു.
2022'23 സംരംഭക വര്‍ഷമായി കേരളം ആചരിക്കുകയാണെന്ന് മന്ത്രി പറഞ്ഞു. കൂടുതല്‍ സുഗമവും വേഗത്തിലുള്ളതുമായ നടപടികളാണ് സര്‍ക്കാര്‍ വാഗ്ദാനം ചെയ്യുന്നത്.
50 കോടിലധികമാണ് നിക്ഷേപിക്കാനുദ്ദേശിക്കുന്നതെങ്കില്‍ അപേക്ഷിച്ച് 7 ദിവസത്തിനകം ലൈസന്‍സ് നല്‍കും. ലോ റിസ്‌ക് സംരംഭങ്ങള്‍ക്ക് പരിശോധന ഉണ്ടാവില്ല. ഉദ്യോഗസ്ഥര്‍ വീഴ്ച വരുത്തിയാല്‍ 10,000 രൂപ പിഴ ചുമത്തും. വകുപ്പ് തല നടപടിയുമുണ്ടാകും.
കൂടുതല്‍ വ്യവസായങ്ങള്‍ക്ക് അനുമതി നല്‍കുന്ന പഞ്ചായത്തുകള്‍ക്ക് അവാര്‍ഡ് ഏര്‍പ്പെടുത്തിയിട്ടുണ്ട്.
വ്യവസായ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി എ.പി.എം മുഹമ്മദ് ഹനീഷ്, എംഡി എം.ജി രാജമാണിക്യം, നോര്‍ക വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. കെ ഇളങ്കോവന്‍, വ്യവസായ വകുപ്പ് ഡയറക്ടര്‍ എസ്.ഹരികിഷോര്‍ തുടങ്ങിയവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.