പി പി അബ്ദുര്‍റഹ്്മാന്‍ പെരിങ്ങാടി
ലക്കം 1330ലെ പ്രേംചന്ദിന്റെ ഓര്‍മചിത്രങ്ങള്‍ എന്ന പരമ്പരയിലെ മേല്‍ ശീര്‍ഷകം ചിന്തോദീപകമാണ്. ഭരണാധികാരികള്‍ ഭരണീയരെ പറ്റി കാര്യമായി ചിന്തിക്കാതെ 'സ്വന്തം കാര്യം സിന്ദാബാദ്' എന്ന ലൈനിലേക്ക് ഗുരുതരമാംവിധം വ്യതിചലിച്ചിട്ട് കാലം കുറെയായി. ഇതില്‍ ഇടത് വലതു വ്യത്യാസമേതുമില്ല. നാട്ടില്‍ ജനകോടികള്‍ ദുരിതമനുഭവിക്കുമ്പോള്‍ തങ്ങളുടെ ആനുകൂല്യങ്ങളും സൗകര്യങ്ങളും പരമാവധി വര്‍ധിപ്പിക്കാനും വിഹിതമായും അവിഹിതമായും പലനിലയ്ക്കും സമ്പാദിച്ചുകൂട്ടാനും ഇടത് വലത് നേതാക്കളും അവരുടെ ശിങ്കിടികളും കാണിക്കുന്ന അതീവ താല്‍പര്യവും സാമര്‍ഥ്യങ്ങളും ജനാധിപത്യം ഒരു ദുരന്തമായി മാറുന്നിടത്ത് എത്തിയിരിക്കുന്നു.
ഒരു ടേമില്‍ എംഎല്‍എ ആയവര്‍ക്ക് നല്‍കുന്ന ദീര്‍ഘകാല പെന്‍ഷന്‍, യാത്ര പാസ് മറ്റ് ഇതര സൗജന്യങ്ങള്‍ നിഷ്‌കൃഷ്ടമായ വിശകലനത്തിന് വിധേയമാക്കേണ്ടതുണ്ട്. ഒരു പബ്ലിക് ഓഡിറ്റിങ് വേണ്ടും വിധം നടക്കുന്നില്ല. മന്ത്രിമാരുടെ ആഡംബര യാത്ര, ആവശ്യത്തിലധികമുള്ള സെക്യൂരിറ്റി, കുടുംബസമേതമുള്ള വിദേശയാത്രകള്‍, വിദേശ ചികില്‍സ, മുന്‍ മന്ത്രിമാരുടെ ചികില്‍സ, ഏതെങ്കിലും പദവികളില്‍ കുടിയിരുത്തി സൗജന്യങ്ങളും സൗകര്യങ്ങളും മറ്റും വാരിക്കോരി നല്‍കല്‍(ഉദാ: വിഎസ് അച്യുതാനന്ദന്റെ ഭരണപരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാന്‍ പദവി) വേണ്ടപ്പെട്ടവരെ കുടിയിരുത്തി പ്രീതിപ്പെടുത്താനുള്ള പറയത്തക്ക വലിയ പ്രയോജനമൊന്നുമില്ലാത്ത കുറേ സമിതികള്‍, ബോര്‍ഡുകള്‍ മറ്റിതര സംവിധാനങ്ങള്‍ അവവഴി നടക്കുന്ന ധൂര്‍ത്തും ധാരാളിത്തങ്ങളും.... ഇതൊക്കെ കര്‍ശനമായ അവലോകനത്തിനും പുനരാലോചനകള്‍ക്കും വിധേയമാക്കേണ്ടതുണ്ട്. മന്ത്രിമാരുടെ പേഴ്‌സനല്‍ സ്റ്റാഫില്‍ രണ്ടുവര്‍ഷം ജോലി ചെയ്താല്‍ ജീവിതം മുഴുവന്‍ പെന്‍ഷനും മറ്റു ആനുകൂല്യങ്ങളും ലഭ്യമാക്കുന്ന വ്യവസ്ഥയെ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ചോദ്യം ചെയ്തതിനെ അദ്ദേഹത്തോടുള്ള മറ്റ് വിയോജിപ്പുകള്‍ നിലനിര്‍ത്തിക്കൊണ്ട് ധാരാളം ആളുകള്‍ യോജിപ്പ് രേഖപ്പെടുത്തുകയുണ്ടായി.
'1957ല്‍ കേരളത്തില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നേതൃത്വത്തില്‍ ഒരു മന്ത്രിസഭ രൂപീകരിച്ചപ്പോള്‍ ആ മന്ത്രിസഭയുടെ പ്രവര്‍ത്തനം ദേശീയ സ്വാതന്ത്ര്യ സമരത്തില്‍ നിന്ന് ഉയര്‍കൊണ്ട പല നല്ല പാരമ്പര്യങ്ങളും നിലനിര്‍ത്തിയിരുന്നു. അന്ന് കമ്മ്യൂണിസ്റ്റ് മന്ത്രിമാര്‍ എല്ലാവരും മാസം മൂന്നുറ്റിഅമ്പത് രൂപ മാത്രമാണ് ശമ്പളം പറ്റിക്കൊണ്ടിരുന്നത്, നിയമപ്രകാരം 500 രൂപ വരെ വ്യവസ്ഥ ഉണ്ടായിട്ടുപോലും... അവിടെ നിന്നൊക്കെ നാം എത്രയോ ദൂരം പോന്നു! എത്ര ദൂരം എന്നറിയണമെങ്കില്‍ ഇപ്പോഴത്തെ മന്ത്രിമാരുടെ എംഎല്‍എമാരുടെ ശമ്പളം, അലവന്‍സ് തുടങ്ങിയവ ക്രമീകരിക്കുന്ന നിയമത്തിലെ വ്യവസ്ഥകള്‍ നോക്കിയാല്‍ മാത്രം മതി.പ്രസ്തുത ബില്‍ പാസാക്കി എടുക്കുന്ന കാര്യത്തില്‍ കോണ്‍ഗ്രസ്, കമ്മ്യൂണിസ്റ്റ്, ജനത, ലീഗ് എന്ന് തുടങ്ങിയ വ്യത്യാസങ്ങളോ ഭരണകക്ഷി പ്രതിപക്ഷ വ്യത്യാസമോ ഇല്ലായിരുന്നുവെന്ന് പ്രത്യേകം എടുത്തു പറയേണ്ട കാര്യമില്ല'. മുന്‍ മുഖ്യമന്ത്രി സി അച്യുതമേനോന്റെ ഈ വാക്കുകള്‍ ഇപ്പോള്‍ കൂടുതല്‍ പ്രസക്തമാണ്. അച്യുതമേനോന്‍ തുടര്‍ന്ന് പറഞ്ഞതു കൂടി കാണുക: 'നമ്മുടെ എംഎല്‍എമാരെയും എംപിമാരെയും എല്ലാം പൊതുവേ ബാധിച്ചു കൊണ്ടിരിക്കുന്ന ഒരു രോഗത്തിന്റെ ലക്ഷണമാണ്, ആ രോഗം ഏതാണെന്ന് ചോദിച്ചാല്‍ അവര്‍ ജനപ്രതിനിധികളോ ജനസേവകരോ ആവുന്നതിനു പകരം ജനങ്ങളുടെ മേല്‍ അധികാരം നടത്തുന്ന ഒരു പ്രത്യേക വര്‍ഗം ആയിത്തീര്‍ന്നു കൊണ്ടിരിക്കുന്നു.'
ജനപ്രതിനിധികളിലെ ഒരുതരം പൗരോഹിത്യത്തിലേക്ക് വിരല്‍ ചൂണ്ടിക്കൊണ്ട് എന്‍ വി കൃഷ്ണവാര്യര്‍ എഴുതിയത് കാണുക :'എംഎല്‍എ എന്ന ബ്രാഹ്മണ വിഭാഗത്തിന് എന്തെല്ലാം അധികാരങ്ങളാണ് ഉള്ളത്. ഒന്നാമതായി നിയമം നിര്‍മിക്കുവാനും ഭേദഗതി ചെയ്യാനും വ്യാഖ്യാനിക്കാനും വേണമെങ്കില്‍ നിയമം റദ്ദാക്കാനും ഇവര്‍ക്കാണ് അധികാരം. മുമ്പ് ബ്രാഹ്മണര്‍ക്ക് ഇതിന് തുല്യമായ അധികാരമണല്ലോ? നിയമം നിര്‍മിക്കുന്നത് ഇവരാകയാല്‍ ഇവര്‍ നിയമത്തിന് അതീതരുമാണ്. തങ്ങള്‍ ഉണ്ടാക്കിയ നിയമം എംഎല്‍എമാര്‍ക്ക് ലംഘിക്കാമെന്ന് നിയമമില്ലെങ്കിലും വഴക്കം അതാണ്. വഴക്കത്തിന് നിയമത്തെക്കാള്‍ പ്രാബല്യമുണ്ട്. സ്വന്തം നെഞ്ചൂക്കും ആശ്രിതരുടെ കൈയൂക്കും അനുസരിച്ച് എംഎല്‍എയ്ക്ക് ഇവിടെ എന്തും ചെയ്യാം... ഇന്ത്യയിലെ ജനസംഖ്യയില്‍ എക്കാലത്തും ബ്രാഹ്മണര്‍ ഒരു ന്യൂനപക്ഷമായിരുന്നു. എങ്കിലും രാജാക്കന്മാരില്‍ സ്വാധീനം ചെലുത്തി ഈ വിശാല ഭൂഖണ്ഡത്തെയാകെ സ്വന്തം ഇഷ്ടപ്രകാരം ഭരിക്കാന്‍ ഈ ന്യൂനപക്ഷത്തിന് സാധിച്ചിരുന്നു. എംഎല്‍എമാരും ഒരു ന്യൂനപക്ഷമാണ് പക്ഷേ അത്ര നിസ്സാരമല്ല. അവരുടെ സംഖ്യാ ബലം ആണ്ടുതോറും ഈ സംഖ്യ വര്‍ധിച്ചുവരികയാണ്.
ബ്രാഹ്മണരില്‍ യാഗം ചെയ്തവരാണല്ലോ അക്കിത്തിരി, അടിതിരി, ചോമാതിരി മുതലായവര്‍. മറ്റ് ബ്രാഹ്മണര്‍ക്ക് ഇല്ലാത്ത പല ആനുകൂല്യങ്ങളും ഇവര്‍ക്ക് ഉണ്ടായിരുന്നു. എംഎല്‍എമാരിലെ അക്കിത്തിരികളും, അടിത്തിരികളും ചോമതിരികളുമാണ് മുന്‍മന്ത്രിമാര്‍.(വെല്ലുവിളികള്‍, പ്രതികരണങ്ങള്‍ എന്ന സമാഹാരത്തില്‍ നിന്ന്).
എംഎല്‍എമാരുടെയും എംപിമാരുടെയും മുന്‍ എംഎല്‍എ, മുന്‍ എംപി എന്നിവരുടെയും അതുപോലുള്ള മറ്റു പലരുടെയും ആനുകൂല്യങ്ങള്‍ കുറച്ചൊന്ന് കുറച്ചാല്‍ എന്താണ് കുഴപ്പം? പൂച്ചയ്ക്ക് ആര് മണികെട്ടും?.