ഐഎസ്എൽ കിരീടം മോഹൻ ബഗാന്; എക്സ്ട്രാ ടൈമിൽ ബെംഗളൂരു വീണു

Update: 2025-04-12 18:17 GMT
ഐഎസ്എൽ  കിരീടം  മോഹൻ ബഗാന്; എക്സ്ട്രാ ടൈമിൽ ബെംഗളൂരു വീണു

കൊല്‍ക്കത്ത: ഐ എസ് എല്ലിൽ ചരിത്രമെഴുതി മോഹൻ ബഗാൻ. ബെം​ഗളൂരുവിനെ കീഴടക്കി മോഹൻ ബ​ഗാൻ ഐഎസ്എൽ കിരീടത്തിൽ മുത്തമിട്ടു. എക്സ്ട്രാടൈമിലേക്ക് കടന്ന മത്സരത്തിൽ ഒന്നിനെതിരേ രണ്ടു​ഗോളുകൾക്കാണ് ബ​ഗാൻ‌ ജയിച്ചത്. മുഴുവൻ സമയം അവസാനിച്ചപ്പോൾ ഇരുടീമുകളും ഓരോ​​ഗോൾ വീതം നേടി സമനിലയിലായിരുന്നു. എന്നാൽ 96-ാം മിനിറ്റിൽ വലകുലുക്കി മക്ലാരൻ ബ​ഗാനെ കിരീടത്തിലേക്ക് നയിച്ചു.

ജയത്തോടെ ലീഗ് വിന്നേഴ്‌സ് ഷീൽഡിനൊപ്പം ഐഎസ്എൽ കപ്പും മോഹൻ ബ​ഗാൻ സ്വന്തമാക്കി. സൂപ്പർലീഗിന്റെ ചരിത്രത്തിൽ ഇതുവരെ ഒരു ക്ലബ്ബും ലീഗ് വിന്നേഴ്‌സ് ഷീൽഡും ഐഎസ്എൽ കപ്പും ഒരുമിച്ചു നേടിയിട്ടില്ല. ഈ ചരിത്രനേട്ടമാണ് മോഹൻ ബ​ഗാൻ സ്വന്തമാക്കിയത്. ഐഎസ്എൽ ചരിത്രത്തിൽ രണ്ടാം കിരീടമാണ് ബ​ഗാന്റേത്. മുൻപ്‌ എടികെ മോഹൻബഗാൻ എന്നപേരിൽ ടീം കിരീടം നേടിയിട്ടുണ്ട്. കൊൽക്കത്ത ടീമിന്റെ മുൻ ക്ലബ്ബായ എടികെ മൂന്നുതവണ കപ്പുയർത്തിയിട്ടുണ്ട്.

സാള്‍ട്ട്‌ലേക്ക് സ്‌റ്റേഡിയത്തില്‍ കൊല്‍ക്കത്തയുടെ ആക്രമണങ്ങളോടെയാണ് മത്സരം ആരംഭിച്ചത്. മന്‍വീര്‍ സിങ്ങും ജെയ്മി മക്ലാരനും ബെംഗളൂരു ബോക്‌സിലേക്ക് പലകുറി ഇരച്ചെത്തി. എന്നാല്‍ പ്രതിരോധക്കോട്ട മറികടക്കാനായില്ല. മറുവശത്ത് ബെംഗളൂരുവും വിട്ടുകൊടുക്കാന്‍ തയ്യാറായില്ല. ബഗാന്റെ പോസ്റ്റിലേക്ക് ബെംഗളൂരുവും മുന്നേറ്റങ്ങള്‍ നടത്തി. 20-ാം മിനിറ്റില്‍ ലഭിച്ച മികച്ച അവസരം ബെംഗളൂരുവിന് മുതലാക്കാനായില്ല. പിന്നാലെ പന്തടക്കത്തിലും ബെംഗളൂരു മുന്നിലെത്തി. പ്രതിരോധം ശക്തമാക്കിയ ബഗാന്‍ ഗോള്‍ശ്രമങ്ങള്‍ വിഫലമാക്കിയതോടെ ആദ്യപകുതി ​ഗോൾരഹിതമായി അവസാനിച്ചു.

രണ്ടാംപകുതിയിൽ ​ഗോൾ ലക്ഷ്യമിട്ടാണ് ഇരുടീമുകളും കളത്തിലിറങ്ങിയത്. ആക്രമണങ്ങൾക്ക് മൂർച്ചകൂടിയതോടെ കളി മാറി. 49-ാം മിനിറ്റില്‍ ബഗാനെ ഞെട്ടിച്ച് ബെംഗളൂരു ലീഡുമെടുത്തു. ക്രോസ്സ് തടയാന്‍ ശ്രമിച്ച ബഗാന്‍ പ്രതിരോധതാരം ആല്‍ബര്‍ട്ടോ റോഡ്രിഗസിന് പിഴച്ചു. പന്ത് ബഗാന്‍ ഗോളി വിശാല്‍ കെയ്ത്തിനെയും മറികടന്ന് വലയിലെത്തി. ഗോള്‍ വീണതിന് പിന്നാലെയും ബെംഗളൂരു ആക്രമണങ്ങള്‍ തുടര്‍ന്നു. എന്നാല്‍ ബഗാനും അവസരങ്ങള്‍ സൃഷ്ടിച്ച് മുന്നേറി.

അതിനിടെ ബഗാന്റെ തിരിച്ചടിയുമെത്തി. 72-ാം മിനിറ്റില്‍ ലഭിച്ച പെനാല്‍റ്റി ജേസണ്‍ കമ്മിങ്‌സ് പിഴയ്ക്കാതെ വലയിലെത്തിച്ചു. അതോടെ സ്‌കോര്‍ സമനിലയിലായി. അവസാനനിമിഷം ബ​ഗാൻ നടത്തിയ മുന്നേറ്റങ്ങൾ ബെം​ഗളൂരു പ്രതിരോധിച്ചതോടെ കളി എക്സ്ട്രാടൈമിലേക്ക് നീണ്ടു. എക്സ്ട്രാം ആരംഭിച്ച് ആരാം മിനിറ്റിൽ മോഹൻ ​ബ​ഗാൻ മുന്നിലെത്തി. പെനാൽറ്റി ബോക്സിനുള്ളിൽ നിന്നുള്ള തകർപ്പൻ ഷോട്ടിലൂടെ ജെയ്മി മക്ലാരൻ ബെം​ഗളൂരു വലകുലുക്കി. പിന്നീട് മത്സരത്തിലേക്ക് തിരിച്ചുവരാൻ ബെം​ഗളൂരുവിനായില്ല. അതോടെ ഐഎസ്എൽ കിരീടത്തിൽ മോഹൻ ബ​ഗാൻ മുത്തമിട്ടു.


Tags:    

Similar News