ഇവരാണ് അവര്‍...!; ദുരന്തമുഖത്തെ കുഞ്ഞുങ്ങള്‍ക്കായി മുലപ്പാല്‍ കരുതിവച്ചവര്‍

These are they ...! Breast reserved for babies in the Wayanad tragedy

Update: 2024-08-01 10:49 GMT

മേപ്പാടി: വയനാട് ദുരന്തത്തില്‍ ദുരിതമനുഭവിക്കുന്ന ചെറിയ കുഞ്ഞുങ്ങള്‍ക്ക് മുലപ്പാല്‍ പോലും നല്‍കാന്‍ സന്നദ്ധരായ ദമ്പതികളുടെ കുറിപ്പ് കഴിഞ്ഞ ദിവസം വൈറലായിരുന്നു. മഹാപ്രളയത്തെയും കൊവിഡിനെയുമെല്ലാം കേരളം ഒറ്റക്കെട്ടായി ചേര്‍ത്തുപിടിച്ച് അതിജയിച്ചതിന്റെ മാതൃക പിന്തുടരുന്നതാണ് ഇപ്പോഴത്തെ വയനാട് ദുരന്തത്തിലും കാണുന്നത്. അതിലൊന്നായിരുന്നു മുലപ്പാല്‍ നല്‍കാന്‍ സന്നദ്ധത അറിയിച്ചുകൊണ്ടുള്ള വാട്‌സ് ആപ് സന്ദേശം. ആ സന്ദേശത്തിലെ ദമ്പതികളെ വെളിപ്പെടുത്തിയിരുക്കുകയാണ് യൂത്ത് ലീഗ് ദേശീയ വൈസ് പ്രസിഡന്റ് മുഫീദ തസ്‌നി. സുഹൃത്ത് അസീസ് വെള്ളമുണ്ടയും ഭാര്യ ഷാനിബയുമാണ് അവരെന്ന് മുഫീദ തസ്‌നി ഫേസ്ബുക്കില്‍ കുറിച്ചു. ഇവരടങ്ങുന്ന വാട്‌സ് ആപ് ഗ്രൂപ്പിലാണ് അസീസ് സന്ദേശം അയച്ചത്. പിന്നീട് ഇത് സാമൂഹിക മാധ്യമങ്ങളില്‍ വൈറലാവുകയായിരുന്നു.

    വയനാട് വെള്ളമുണ്ട സ്വദേശിയായ അസീസ് വയനാട് ജില്ലയിലെ സന്നദ്ധ സംഘടന ഗ്രൂപ്പിലാണ് സന്ദേശം പോസ്റ്റ് ചെയ്തത്. യൂത്ത് ലീഗ് മാനന്തവാടി നിയോജക മണ്ഡലം ഖജാഞ്ചിയും ജില്ലാ ലീഗല്‍ അതോറിറ്റി ജീവനക്കാരനുമായ അസീസ് ദുരിതാശ്വാസ ക്യാംപുകളിലെത്തിയപ്പോള്‍ നേരില്‍ക്കണ്ട ആഘാതം ഭാര്യയോട് പങ്കുവയ്ക്കുകയായിരുന്നു. അപ്പോഴാണ് മുലപ്പാല്‍ ആവശ്യമെങ്കില്‍ നല്‍കാന്‍ തയ്യാറാണെന്ന്

    ഭാര്യ ഷാനിബ മറുപടി നല്‍കിയത്. എട്ട് മാസം പ്രായമായ അലീമ എന്ന മൂന്നാമത്തെ കുട്ടിയെ മുലയൂട്ടുകയാണ് വീട്ടമ്മയായ ഷാനിബ. സന്ദേശം വൈറലായതോടെ നിരവധി പേര്‍ മുലയൂട്ടാന്‍ സന്നദ്ധത അറിയിച്ച് രംഗത്തെത്തിയിട്ടുണ്ട്. ഇടുക്കിയില്‍നിന്നുള്ള സജിനും ഭാര്യയും ഞങ്ങള്‍ വയനാട്ടിലേക്ക് പുറപ്പെടുകയാണെന്നും മുലപ്പാല്‍ നല്‍കാന്‍ സന്നദ്ധരാണെന്നും അറിയിച്ചുകൊണ്ട് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത കുറിപ്പും വൈറലായിരുന്നു. അതിനിടെ, മുലപ്പാല്‍ നല്‍കാന്‍ സന്നദ്ധത അറിയിച്ചുകൊണ്ടുള്ള പോസ്റ്റ് സംബന്ധിച്ച വാര്‍ത്തയ്ക്കു താഴെയായി സാമൂഹികമാധ്യമങ്ങളില്‍ അശ്ലീലച്ചുവയോടെയും മറ്റും കമ്മന്റിട്ട ചിലരുമുണ്ടായിരുന്നു. ഇത്തരക്കാര്‍ക്കെതിരേ സാമൂഹിക മാധ്യമങ്ങളില്‍ തന്നെ കടുത്ത വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്.

മുഫീദ തസ്‌നിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

ഒരുപാട് ഉമ്മ

ഇവരാണ് അവര്‍, പ്രിയ സുഹൃത്ത് അസീസും പ്രിയതമ ഷാനിബയും. സ്വന്തം കുഞ്ഞിനുള്ള മുലപ്പാല് പോലും ദുരന്തമുഖത്തെ മറ്റു കുഞ്ഞുങ്ങള്‍ക്കായി കരുതിവച്ചവര്‍. സമീപകാലത്തൊന്നും നമ്മള്‍ കാണാത്ത, കേള്‍ക്കാത്ത അമ്മ മനസ്സിന്റെ ചേര്‍ത്തുപിടിക്കല്‍ ആണ് ഇപ്പോള്‍ മറ്റു രാജ്യങ്ങളിലുള്ളവര്‍ വരെ കൗതുകത്തോടെ നോക്കുന്നത്. ആ മഹത്വത്തെയും കഴുകന്‍ കണ്ണുകളോടെ കാണുന്നവരോട് ഒന്നും പറയാനില്ല. സ്‌നേഹവും പ്രാര്‍ഥനയും നിങ്ങള്‍ക്കൊപ്പമുണ്ട് പ്രിയപ്പെട്ടവരേ. ആ കുഞ്ഞുവാവക്കും ഒരുപാട് ഉമ്മകള്‍.



Full View

Tags:    

Similar News