''നിതീഷ് കുമാര്‍ കഞ്ചാവ് ഉപയോഗിക്കുന്നയാള്‍''; ഗുരുതര ആരോപണവുമായി ആര്‍ജെഡി എംഎല്‍എ
മദ്യംഉള്‍പ്പെടെയുള്ള ലഹരി നിരോധിച്ചതാണെങ്കില്‍ സ്വന്തം കാര്യത്തില്‍ അത് നടപ്പാക്കാതെ ജനങ്ങളെ പ്രതിജ്ഞ ചെയ്യാന്‍ എന്തുകൊണ്ട് നിര്‍ബന്ധിക്കുന്നു
പാട്‌ന: ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ കഞ്ചാവ് ഉപയോഗിക്കുന്ന ആളാണെന്ന ആരോപണവുമായി രാഷ്ട്രീയ ജനതാദള്‍(ആര്‍ജെഡി) നേതാവ്. ബെഗുസരായി ജില്ലയില്‍ നിന്നുള്ള ആര്‍ജെഡി എംഎല്‍എ രാഗുവന്‍ശി മാഹ്‌ത്തോയാണ് ഗുരുതരമായ ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നത്. ബിഹാറില്‍ മദ്യനിരോധന നിയമം സമ്പൂര്‍ണമായി നടപ്പാക്കാനായി നിതീഷ് കുമാറിന്റെ നേതൃത്വത്തില്‍ സംസ്ഥാന സര്‍ക്കാര്‍ പ്രതിജ്ഞാ കാംപയിന്‍ തുടങ്ങിയതിനു പിന്നാലെയാണ് മാഹ്‌ത്തോയുടെ ആരോപണം. ''ലഹരിയുടെ ഇനത്തില്‍പെട്ട കഞ്ചാവ് ഉപയോഗിക്കുന്നയാളാണ് മുഖ്യമന്ത്രി നിതീഷ് കുമാര്‍. കഞ്ചാവ് വില്‍പനയും ഉപയോഗവും സംസ്ഥാനത്ത് നിരോധിച്ചിട്ടുള്ളതാണ്. എന്നിട്ടും എന്തുകൊണ്ട് അദ്ദേഹത്തിന് കഞ്ചാവിന്റെ ആസക്തിയില്‍നിന്ന് മാറിനില്‍ക്കാനാകുന്നില്ല?''മാഹ്‌ത്തോ ചോദിച്ചു. മദ്യനിരോധനം കണ്ണില്‍പൊടിയിടല്‍ മാത്രമാണെന്നും ബിഹാര്‍ സംസ്ഥാനത്തെ ഓരോ ഗ്രാമങ്ങളിലും നഗരങ്ങളിലും മദ്യം ലഭ്യമാണെന്നും എംഎല്‍എ കുറ്റപ്പെടുത്തി. നിതീഷ് ജനങ്ങളെ പറ്റിക്കുകയാണ്. മദ്യംഉള്‍പ്പെടെയുള്ള ലഹരി നിരോധിച്ചതാണെങ്കില്‍ എന്തുകൊണ്ട് സ്വന്തം കാര്യത്തില്‍ അത് നടപ്പാക്കാതെ ജനങ്ങളെ പ്രതിജ്ഞ ചെയ്യാന്‍ നിര്‍ബന്ധിക്കുന്നു. അദ്ദേഹം ചോദിച്ചു.