
സൂറത്ത്: ലൈംഗിക പീഡനക്കേസില്‍ ദിഗംബര ജൈന സന്യാസിയെ പത്തുവര്‍ഷം തടവിന് ശിക്ഷിച്ചു. ശാന്തി സാഗര്‍ജി മഹാരാജ് എന്ന പേരില്‍ അറിയപ്പെടുന്ന സജന്‍ലാല്‍ ശര്‍മയെയാണ് ശിക്ഷിച്ചിരിക്കുന്നത്. 2017ലാണ് കേസിനാസ്പദമായ സംഭവം. പ്രാര്‍ത്ഥനക്കായി നാന്‍പുരയിലെ ജൈന ക്ഷേത്രത്തിലെത്തിയ രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ഥിനിയായ യുവതിയെയാണ് 2017 ഒക്ടോബര്‍ ഒന്നിന് ഇയാള്‍ പീഡിപ്പിച്ചത്. ഒക്ടോബര്‍ 13ന് പെണ്‍കുട്ടിയുടെ കുടുംബം പോലിസില്‍ പരാതി നല്‍കുകയായിരുന്നു. ചില മന്ത്രങ്ങള്‍ ചൊല്ലാന്‍ നിര്‍ദേശിച്ച ശേഷം ഇയാള്‍ പെണ്‍കുട്ടിയെ ബലാല്‍സംഗം ചെയ്യുകയായിരുന്നുവെന്ന് പോലിസ് കോടതിയെ അറിയിച്ചു. ഇയാളുടെ ആക്രമണത്തില്‍ പരിക്കേറ്റ പെണ്‍കുട്ടിയുടെ ശരീരത്തില്‍ നടത്തിയ പരിശോധനയില്‍ നിര്‍ണായക തെളിവുകള്‍ കണ്ടെത്തിയിരുന്നു.