ജനീവ: ലോകരാജ്യങ്ങള്‍ക്കിടയില്‍ ആശങ്ക വര്‍ധിപ്പിച്ച് പടര്‍ന്നുപിടിച്ചുകൊണ്ടിരിക്കുകയാണ് കുരങ്ങ് പനി. മെയ് 21 വരെയുള്ള ഔദ്യോഗിക കണക്കുകള്‍ അനുസരിച്ച് 12 രാജ്യങ്ങളില്‍ നിന്ന് 92 ഫലങ്ങളാണ് പോസിറ്റീവായിട്ടുള്ളത്. ഇതിന് പുറമെ 28 കേസുകള്‍ കുരങ്ങ് പനിയുടെ ലക്ഷണങ്ങള്‍ പ്രകടിപ്പിക്കുന്നതുമാണ്. കൊവിഡ് വ്യാപനം അവസാനിച്ചിട്ടില്ലാത്ത 12 രാജ്യങ്ങളില്‍ നിന്നാണ് ലോകാരോഗ്യ സംഘടനയ്ക്ക് റിപോര്‍ട്ട് ലഭിച്ചിട്ടുള്ളത്.
അതേസമയം, കുരങ്ങുപനിയുമായി ബന്ധപ്പെട്ട് മരണങ്ങളൊന്നും റിപോര്‍ട്ട് ചെയ്തിട്ടില്ല. ആസ്‌ത്രേലിയ, ബെല്‍ജിയം, കാനഡ, ഫ്രാന്‍സ്, ജര്‍മനി, ഇറ്റലി, നെതര്‍ലന്‍ഡ്‌സ്, പോര്‍ച്ചുഗല്‍, സ്‌പെയിന്‍, സ്വീഡന്‍, യുകെ, യുഎസ്എ എന്നീ രാജ്യങ്ങളിലാണ് കേസുകള്‍ റിപോര്‍ട്ട് ചെയ്തത്. ബെല്‍ജിയത്തില്‍ കുരങ്ങ് പനി സ്ഥിരീകരിച്ചവര്‍ക്ക് ക്വാറന്റൈന്‍ നിര്‍ബന്ധമാക്കി. അതേസമയം, സ്‌മോള്‍പോക്‌സിന്റേതുപോലെ മാരകമായ വ്യാപനം കുരങ്ങ് പനിക്ക് ഉണ്ടാവില്ലെന്നാണ് ലോകാരോഗ്യ സംഘടന അഭിപ്രായപ്പെടുന്നത്.
സാധാരണയായി ആഫ്രിക്കയില്‍ കണ്ടുവരുന്ന കുരങ്ങ് പനി ആഫ്രിക്കയ്ക്ക് പുറത്ത് കൂടുതലായി റിപോര്‍ട്ട് ചെയ്യുന്നത് അപൂര്‍വമായതിനാല്‍ ശാസ്ത്രലോകം കൂടുതല്‍ ആശങ്കയിലാണ്. ആഗോളതലത്തില്‍ സ്ഥിതിഗതികള്‍ വികസിച്ചുകൊണ്ടിരിക്കുന്നു.
പ്രാദേശികമല്ലാത്ത രാജ്യങ്ങളില്‍ നിരീക്ഷണം വ്യാപിക്കുന്നതിനാല്‍ കൂടുതല്‍ കുരങ്ങുപനി കേസുകള്‍ തിരിച്ചറിയപ്പെടുമെന്ന് ലോകാരോഗ്യ സംഘടന പ്രതീക്ഷിക്കുന്നു. ഇന്ത്യയില്‍ നിന്ന് ഇതുവരെ ഇത്തരം കേസുകളൊന്നും റിപോര്‍ട്ട് ചെയ്തിട്ടില്ല. എങ്കിലും കൊവിഡ് വ്യാപനം അവസാനിക്കാത്ത രാജ്യങ്ങളില്‍ കുരങ്ങ് വസൂരി കേസുകള്‍ കൂടുതലായി റിപോര്‍ട്ട് ചെയ്യാന്‍ സാധ്യതയുണ്ടെന്ന് ലോകാരോഗ്യ സംഘടന വ്യക്തമാക്കുന്നുണ്ട്.
ത്വക്കില്‍ അസാധാരണമായ വിധത്തിലുള്ള ചൊറിച്ചിലോ കുമിളകളോ ഉണ്ടെങ്കില്‍ എത്രയും പെട്ടെന്ന് കരുതല്‍ നടപടികള്‍ സ്വീകരിക്കണമെന്നും സംഘടന മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. പനി, തലവേദന, ത്വക്കില്‍ ചൊറിച്ചില്‍, കുമിളകള്‍ തുടങ്ങിയവയാണ് കുരങ്ങുപനിയുടെ ലക്ഷണങ്ങള്‍.
സ്വവര്‍ഗാനുരാഗികളായ പുരുഷന്‍മാരില്‍ രോഗവ്യാപനം കൂടുതല്‍ കാണപ്പെടുന്നതായി ലോകാരോഗ്യസംഘടന നേരത്തെ നിരീക്ഷിച്ചിരുന്നു. കുരങ്ങ്, എലി എന്നിവയില്‍നിന്ന് രോഗം സംക്രമിക്കാനിടയുണ്ട്. കുരങ്ങുപനിക്ക് കാരണമായ വൈറസിന് രണ്ട് വകഭേദമാണുള്ളത്. 10 ശതമാനം മരണനിരക്കുള്ള കോംഗോ വകഭേദവും ഒരുശതമാനം മരണനിരക്കുള്ള പടിഞ്ഞാറന്‍ ആഫ്രിക്കന്‍ വകഭേദവും.
ഗുരുതരരോഗലക്ഷണങ്ങള്‍ പ്രകടമാവാറുണ്ടെങ്കിലും ആഴ്ചകള്‍ക്കുള്ളില്‍ രോഗം മാറുന്നതായാണ് കണ്ടുവരുന്നത്. കുരങ്ങുപനിയില്‍ മരണനിരക്ക് പൊതുവെ കുറവാണ്. വസൂരി വാക്‌സിനേഷനില്‍ നിന്നുള്ള പ്രതിരോധശേഷി കുറയുന്നതാണ് കുരങ്ങുപനി വൈറസിന്റെ തിരിച്ചുവരവിന് പിന്നിലെ ഒരു കാരണമെന്ന് ഗവേഷണം കാണിക്കുന്നു. ആഗോളതലത്തില്‍ 40-50 വര്‍ഷത്തിലേറെയായി കൂട്ട വാക്‌സിനേഷന്‍ ഡ്രൈവുകള്‍ നിര്‍ത്തിയിട്ട്.
മുറിവുകള്‍, ശരീര സ്രവങ്ങള്‍, ശ്വസന തുള്ളികള്‍, കിടക്ക പോലുള്ള മലിനമായ വസ്തുക്കള്‍ എന്നിവയിലൂടെ അടുത്ത സമ്പര്‍ക്കത്തിലൂടെയാണ് വൈറസ് ഒരാളില്‍ നിന്ന് മറ്റൊരാളിലേക്ക് പകരുന്നത്. നിലവിലെ ലഭ്യമായ തെളിവുകള്‍ സൂചിപ്പിക്കുന്നത് കുരങ്ങുപനി ബാധിച്ച ഒരാളുമായി അടുത്ത ശാരീരിക സമ്പര്‍ക്കം പുലര്‍ത്തുന്നവര്‍ രോഗലക്ഷണങ്ങളുള്ളവരായിരിക്കുമ്പോള്‍ ഏറ്റവും കൂടുതല്‍ അപകടസാധ്യതയുള്ളവരാണെന്നാണ്- മെയ് 21 ന് ഡബ്ല്യുഎച്ച്ഒ പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.