275ല്‍ 205 മാര്‍ക്ക്; 105 വയസ്സുള്ള ഭാഗീരഥിയമ്മ നാലാം ക്ലാസ് തുല്യതാ പരീക്ഷ പാസായി
ആകെ 11,593 പേര്‍ നാലാംതരം തുല്യതാ പരീക്ഷ എഴുതിയപ്പോള്‍ 9,456 സ്ത്രീകള്‍ ഉള്‍പ്പെടെ 10,012 പേരാണ് ജയിച്ചത്
ന്യൂഡല്‍ഹി: തന്റെ 105ാം വയസ്സില്‍ കൊല്ലം സ്വദേശിനി ഭാഗീരഥിയമ്മ നാലാംക്ലാസ് തുല്യതാ പരീക്ഷ പാസായത് 275ല്‍ 205ഉം മാര്‍ക്ക് നേടിയാണ്. പ്രായം പഠനത്തിന് തടസ്സമല്ലെന്ന് തെളിയിക്കുകയാണ് മുത്തശ്ശി. സംസ്ഥാന സാക്ഷരതാ മിഷന്‍ കഴിഞ്ഞ വര്‍ഷം നടത്തിയ പരീക്ഷയിലെ ഫലം പ്രഖ്യാപിച്ചപ്പോഴാണ് ഭാഗീരഥി അമ്മ മിന്നുംവിജയം നേടിയത്. പഠിക്കാനും അറിവ് നേടാനും എല്ലായ്‌പ്പോഴും ആഗ്രഹിച്ചിരുന്ന വയോധികയ്ക്ക്, മാതാവ് മരിച്ചശേഷം ഇളയ സഹോദരങ്ങളെ പരിപാലിക്കേണ്ടിവന്നതിനാലാണ് വിദ്യാഭ്യാസം നേടാനുള്ള ആഗ്രഹം ഉപേക്ഷിക്കേണ്ടിവന്നത്.
മുപ്പതുകളില്‍ വിധവയായപ്പോള്‍ ആറ് മക്കളെ വളര്‍ത്തുകയെന്ന ഭാരിച്ച ഉത്തരവാദിത്തം കൂടി ഇവര്‍ക്ക് ഏറ്റെടുക്കേണ്ടി വന്നതോടെ പഠനം ഒരു ആഗ്രഹം മാത്രമായി മാറി. എന്നാല്‍, 105ാം വയസ്സില്‍ സാക്ഷരതാ മിഷന്‍ ഇത്തരമൊരു ദൗത്യവുമായി മുന്നോട്ടുവന്നപ്പോള്‍ ഭാഗീരഥിയമ്മ അവസരം ഉപയോഗിക്കുകയായിരുന്നു. പ്രായത്തിന്റെ അവശത കാരണം എഴുതാന്‍ പ്രയാസമുണ്ടായെന്നും പരിസ്ഥിതി, ഗണിതം, മലയാളം എന്നീ 3 ചോദ്യപേപ്പറുകള്‍ പൂര്‍ത്തിയാക്കാന്‍ മൂന്ന് ദിവസമെടുത്തതായും സാക്ഷരതാ മിഷന്‍ വൃത്തങ്ങള്‍ അറിയിച്ചു.
ഒമ്പതാമത്തെ വയസ്സില്‍ മൂന്നാം ക്ലാസില്‍ ഔപചാരിക വിദ്യാഭ്യാസം ഉപേക്ഷിച്ച ഭാഗീരഥിയമ്മ, ഇതുവരെ കേരള സംസ്ഥാന സാക്ഷരതാ മിഷന്‍ പ്രോഗ്രാമിലെ ഏറ്റവും പ്രായമുള്ള തുല്യത പഠിതാവായി മാറി. ആകെയുള്ള 275 മാര്‍ക്കില്‍ 205 നേടിയ ഭാഗീരഥിയമ്മ കണക്കില്‍ മുഴുവന്‍ മാര്‍ക്കും നേടുകയും ചെയ്തു. ഇവരുടെ ആറ് മക്കളില്‍ ഒരാളും 15 പേരക്കുട്ടികളില്‍ 3 പേരും ഇപ്പോള്‍ ജീവിച്ചിരിപ്പില്ല. ഭാഗീരഥിയമ്മയെ വിജയാശംസ അറിയിക്കാനും അഭിനന്ദിക്കാനുമായി സാക്ഷരതാ മിഷന്‍ ഡയറക്ടര്‍ പി എസ് ശ്രീകല കൊല്ലത്തിലെ വീട്ടിലെത്തി സന്ദര്‍ശിച്ചു. പത്താം ക്ലാസ് തുല്യതാ പരീക്ഷയ്ക്ക് ഹാജരാവാന്‍ ആഗ്രഹമുണ്ടെന്ന് ഭഗീരതിയമ്മ പറഞ്ഞു.
ആകെ 11,593 പേര്‍ നാലാംതരം തുല്യതാ പരീക്ഷ എഴുതിയപ്പോള്‍ 9,456 സ്ത്രീകള്‍ ഉള്‍പ്പെടെ 10,012 പേരാണ് ജയിച്ചത്. സംസ്ഥാന സര്‍ക്കാര്‍ നടത്തുന്ന കേരള സംസ്ഥാന സാക്ഷരതാ മിഷന്റെ പ്രധാന പരിപാടിയായ 'അക്ഷര ലക്ഷ'ത്തില്‍ 2018 ഒക്ടോബറില്‍ 96 വയസ്സുകാരിയായ കാര്‍ത്ത്യായനി അമ്മ 100ല്‍ 98 മാര്‍ക്ക് നേടിയിരുന്നു. നാലുവര്‍ഷത്തിനകം സംസ്ഥാനത്തെ പൂര്‍ണ സാക്ഷരരാക്കുക എന്നതാണ് സാക്ഷരതാ മിഷന്റെ ലക്ഷ്യം. 2011ലെ സെന്‍സസ് പ്രകാരം സംസ്ഥാനത്ത് 18.5 ലക്ഷം നിരക്ഷരരുണ്ട്. നിരക്ഷരത പൂര്‍ണമായും തുടച്ചുനീക്കാനായി, മിഷന്‍ നിരവധി പരിപാടികള്‍ ആവിഷ്‌കരിച്ചിട്ടുണ്ട്. പ്രത്യേകിച്ചു ഗോത്രവര്‍ഗക്കാര്‍, മല്‍സ്യത്തൊഴിലാളികള്‍, ചേരി നിവാസികള്‍ തുടങ്ങിയ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട ഗ്രൂപ്പുകള്‍ക്കിടയിലാണ് പ്രവര്‍ത്തനം.