മെക്‌സിക്കോയില്‍ ബാറില്‍ വെടിവയ്പ്പ്; 12 പേര്‍ കൊല്ലപ്പെട്ടു, മൂന്നുപേര്‍ക്ക് പരിക്ക്
മെക്‌സിക്കോ സിറ്റി: മെക്‌സിക്കോയിലെ ബാറില്‍ തോക്കുധാരികള്‍ നടത്തിയ വെടിവയ്പ്പില്‍ 12 പേര്‍ കൊല്ലപ്പെട്ടു. സെന്‍ട്രല്‍ മെക്‌സിക്കന്‍ നഗരമായ ഇറാപുവാട്ടോയിലെ ബാറിലാണ് വെടിവയ്പ്പ് നടന്നത്. ആറ് സ്ത്രീകളും ആറ് പുരുഷന്‍മാരുമാണ് കൊല്ലപ്പട്ടത്. മൂന്ന് പേര്‍ക്ക് പരിക്കേറ്റു. വെടിവച്ചവരെ തിരിച്ചറിഞ്ഞിട്ടില്ല. 10 ദിവസത്തിനിടെ ഇത് രണ്ടാം തവണയാണ് രാജ്യത്ത് തോക്കുധാരികളുടെ വെടിവയ്പ്പും കൂട്ടക്കൊലയും നടക്കുന്നത്. ഒരുമാസത്തിനുള്ളില്‍ ഗ്വാനജുവാറ്റോ സംസ്ഥാനത്ത് നടക്കുന്ന രണ്ടാമത്തെ വെടിവയ്പ്പാണിത്. രാജ്യത്ത് തോക്കുധാരികളുടെ ആക്രമണം വര്‍ധിച്ചുകൊണ്ടിരിക്കുന്ന സമയത്താണ് പുതിയ സംഭവം റിപോര്‍ട്ട് ചെയ്യുന്നത്.
ആക്രമണത്തിന് പിന്നിലെ കാരണം ഇതുവരെ കണ്ടെത്താനായിട്ടില്ല. അതേസമയം, അക്രമികളെ പിടികൂടാനുള്ള ശ്രമം സുരക്ഷാസേന ആരംഭിച്ചതായി നഗര സര്‍ക്കാര്‍ വൃത്തങ്ങള്‍ ഔദ്യോഗിക പ്രസ്താവനയില്‍ അറിയിച്ചു. തോക്കുധാരികളുടെ ക്രൂരമായ ആക്രമണങ്ങള്‍ വര്‍ഷങ്ങളായി മെക്‌സിക്കോയെ അലട്ടിക്കൊണ്ടിരിക്കുന്ന പ്രശ്‌നമാണ്. ലോകത്തിലെ പല മുന്‍നിര കാര്‍ നിര്‍മാതാക്കളുടെയും പ്രധാന നിര്‍മാണ കേന്ദ്രവും ഉല്‍പ്പാദന കേന്ദ്രവുമാണ് ഗ്വാനജുവാറ്റോ. സപ്തംബറില്‍ ഗ്വാനജുവാറ്റോ ടൗണില്‍ തോക്കുധാരികള്‍ നടത്തിയ വെടിവയ്പ്പില്‍ 10 പേര്‍ കൊല്ലപ്പെട്ടിരുന്നു. അടുത്ത കാലത്തായി ഇവിടെ മയക്കുമരുന്ന് സംഘങ്ങള്‍ തമ്മിലുള്ള ഏറ്റുമുട്ടലുകള്‍ വ്യാപകമായിരിക്കുകയാണ്.
ഒക്ടോബര്‍ ആറിന് പടിഞ്ഞാറന്‍ മെക്‌സിക്കോയിലെ സാന്‍ മിഗുവല്‍ ടോട്ടോലപാന്‍ നഗരത്തില്‍ തോക്കുധാരികള്‍ നടത്തിയ ആക്രമണത്തില്‍ മേയര്‍ അടക്കം 18 പേര്‍ കൊല്ലപ്പെടുകയും മൂന്ന് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. മെക്‌സിക്കന്‍ മേയര്‍ കോണ്‍റാഡോ മെന്‍ഡോസ ഉള്‍പ്പെടെയുള്ളവരാണ് കൊല്ലപ്പെട്ടത്. 2018 ല്‍ പ്രസിഡന്റ് ആന്ദ്രേസ് മാനുവല്‍ ലോപ്പസ് ഒബ്രഡോര്‍ അധികാരത്തില്‍ വന്നപ്പോള്‍, മെക്‌സിക്കോയില്‍ റെക്കോര്‍ഡ് തലത്തിലുള്ള ഗുണ്ടാ അക്രമങ്ങള്‍ കുറയ്ക്കുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചിരുന്നു. എന്നാല്‍, രക്തച്ചൊരിച്ചിലും അക്രമവും തടയാന്‍ അദ്ദേഹം പാടുപെടുകയാണ്. 2022ല്‍ നരഹത്യകള്‍ കുറച്ചെങ്കിലും ലോപ്പസ് ഒബ്രഡോറിന്റെ ആറുവര്‍ഷത്തെ കാലയളവിലെ കണക്ക് മെക്‌സിക്കോയുടെ ആധുനിക ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന നിരക്കാണ്.