124 (എ): ഭരണകൂട ഭീകരതയ്‌ക്കെതിരേ വിരല്‍ചൂണ്ടി ഐഷ സുല്‍ത്താനയുടെ ആദ്യ സിനിമ
'ഐഷ സുല്‍ത്താന ഫിലിംസ്' എന്ന ബാനറില്‍ ഐഷ തന്നെയാണ് സിനിമയുടെ നിര്‍മ്മാണവും നിര്‍വഹിക്കുക.
കോഴിക്കോട്: ലക്ഷദ്വീപിനെ കൈപിടിയിലൊതുക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ നീക്കത്തിനെതിരേ പ്രതികരിച്ചതിന്റെ പേരില്‍ രാജ്യദ്രോഹ കേസ് ചുമത്തപ്പെട്ട ലക്ഷദ്വീപ് സ്വദേശിയായ ചലച്ചിത്ര പ്രവര്‍ത്തക ഐഷ സുല്‍ത്താന സംവിധാനം ചെയ്യുന്ന പുതിയ സിനിമ പ്രഖ്യാപിച്ചു. 'ഐഷ സുല്‍ത്താന ഫിലിംസ്' എന്ന ബാനറില്‍ ഐഷ തന്നെയാണ് സിനിമയുടെ നിര്‍മ്മാണവും നിര്‍വഹിക്കുക.
ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ രാജ്യദ്രോഹവുമായി ബന്ധപ്പെട്ട വകുപ്പായ 124 (എ) എന്നാണ് ചിത്രത്തിന് നല്‍കിയിരിക്കുന്നത്. ഐഷയുടെ ഗുരുനാഥനും സംവിധായകനുമായ ലാല്‍ ജോസാണ് ചിത്രത്തിന്റെ പോസ്റ്റര്‍ പുറത്തുവിട്ടത്. തന്റെ ഫേസ്ബുക്ക് അക്കൗണ്ടിലൂടെയാണ് പോസ്റ്റര്‍ പുറത്തുവിട്ടിട്ടുള്ളത്.
പത്രത്തിന്റെ ഫ്രണ്ട് പേജ് മാതൃകയിലാണ് സിനിമയുടെ പോസ്റ്റര്‍ തയ്യാറാക്കിയിരിക്കുന്നത്. ലക്ഷദ്വീപ് ചലച്ചിത്ര പ്രവര്‍ത്തകയ്‌ക്കെതിരേ രാജ്യദ്രോഹ കുറ്റം, 'സേവ് ലക്ഷദ്വീപ്' എന്നീ തലക്കെട്ടുകളിലുള്ള രണ്ടു വാര്‍ത്തകളാണ് പോസ്റ്ററിലുള്ളത്.
Full View
ഇതോടൊപ്പം സിനിമയുടെ അണിയറയിലുള്ളവരുടെ വിശദാംശങ്ങളും പുറത്തുവിട്ടിട്ടുണ്ട്. നിമിഷ് രവിയാണ് ഛായാഗ്രഹണം. സംഗീതം: വില്യം ഫ്രാന്‍സിസ്, എഡിറ്റര്‍: നൗഫല്‍ അബ്ദുള്ള, കലാ സംവിധാനം: ബംഗ്ലന്‍, ഡയറക്ടര്‍ ഓഫ് ഓഡിയോഗ്രാഫി: രെഞ്ചു രാജ് മാത്യു, കോസ്റ്റിയൂം: സ്‌റ്റെഫി സേവ്യര്‍, മേക്കപ്പ്: രാജ് വയനാട്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: ആന്റണി കുട്ടമ്പുഴ, ലൈന്‍ പ്രൊഡ്യൂസഴ്‌സ്: പ്രശാന്ത് ടി.പി., യാസര്‍ അറാഫത് ഖാന്‍, ചീഫ് അസ്സോസിയേറ്റ് ഡയറക്ടര്‍: മാത്യു തോമസ്, പ്രൊജക്റ്റ് ഡിസൈനര്‍: നാദി ബക്കര്‍, പ്രണവ് പ്രശാന്ത്, പോസ്റ്റര്‍ ഡിസൈനര്‍: ഹസീം മുഹമ്മദ്, സ്റ്റില്‍ ഫോട്ടോഗ്രാഫിയ്: രാജേഷ് നടരാജന്‍ എന്നിവരാണ് മറ്റു അണിയറ പ്രവര്‍ത്തകര്‍.
സ്വന്തം നാടിനെ ഏറെ സ്‌നേഹിച്ച തന്നെ ഇന്നു ചിലര്‍ രാജ്യദ്രോഹിയാക്കി മാറ്റിയിരിക്കുകയാണെന്നും ചിത്രത്തിന്റെ പ്രഖ്യാപനം അറിയിച്ചുകൊണ്ടുള്ള ഫേസ്ബുക്ക് പോസ്റ്റില്‍ ഐഷ പറഞ്ഞു.ഇത് തന്റെ കഥയല്ലെന്നും മറിച്ച് ഇന്ത്യന്‍ ഭരണഘടനയെയും ജനാധിപത്യത്തെയും നെഞ്ചോടു ചേര്‍ക്കുന്ന നമ്മള്‍ ഓരോരുത്തരുടെയും കഥയാണെന്നും ഐഷ പറഞ്ഞുവയ്ക്കുന്നു.
Full View
ചാനല്‍ ചര്‍ച്ചയ്ക്കിടെ ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്റര്‍ പ്രഫുല്‍ പട്ടേലിനെതിരേ നടത്തിയ 'ബയോ വെപ്പണ്‍' പരാമര്‍ശത്തെതുടര്‍ന്നാണ് ഐഷയ്‌ക്കെതിരേ രാജ്യദ്രോഹ വകുപ്പ് ചുമത്തി കേസെടുത്തത്.
ലക്ഷദ്വീപ് ബി.ജെ.പി അധ്യക്ഷന്‍ നല്‍കിയ പരാതിയിലായിരുന്നു നടപടി.രാജ്യദ്രോഹക്കുറ്റങ്ങള്‍ ഉള്‍പ്പെടുന്ന 124 എ,153 ബി വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തത്.