പിതാവ് മര്‍ദ്ദിച്ച് വിഷം നല്‍കിയെന്ന ആരോപണം; ചികില്‍സയിലായിരുന്ന 14 വയസ്സുകാരി മരിച്ചു
ആലുവ: എറണാകുളം ആലുവയില്‍ പിതാവ് മര്‍ദ്ദിച്ച് വിഷം നല്‍കിയെന്ന് ആരോപിക്കപ്പെട്ട പെണ്‍കുട്ടി ചികില്‍സയിലിരിക്കെ മരണപ്പെട്ടു. സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയില്‍ കഴിയുന്നതിനിടെയാണ് 14 വയസ്സുകാരി മരണപ്പെട്ടത്. പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടി സഹപാഠിയുമായി പ്രണയത്തിലായിരുന്നുവെന്നും പിതാവ് ഇതിനെ എതിര്‍ക്കുകയും മര്‍ദ്ദിക്കുകയും ചെയ്തിരുന്നുവെന്നാണ് പരാതി. ഒക്ടോബര്‍ 29ന് രാവിലെയാണ് പെണ്‍കുട്ടിയെ അവശനിലയില്‍ ആശുപത്രിയിലെത്തിച്ചത്. പ്രണയബന്ധത്തെ പിതാവ് വിലക്കിയ ശേഷവും കൈയില്‍നിന്ന് മൊബൈല്‍ഫോണ്‍ കണ്ടെടുത്തതിനെച്ചൊല്ലി വഴക്കുണ്ടായിരുന്നു. മാതാവിനെയും സഹോദരനെയും വീടിനു പുറത്താക്കിയ ശേഷം പിതാവ് പെണ്‍കുട്ടിയെ മര്‍ദ്ദിച്ചു. തിനുശേഷം പിതാവ് പുറത്തേക്കുപോയി. മാതാവ് അകത്തുകയറിയപ്പോള്‍ പെണ്‍കുട്ടിയുടെ വായില്‍ വിഷം ചെന്ന നിലയിലായിരുന്നു. ഉടന്‍ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മര്‍ദിച്ച ശേഷം പിതാവ് തന്റെ വായിലേക്ക് വിഷം ഒഴിച്ചെന്നാണ് പെണ്‍കുട്ടി പോലിസിന് മൊഴി നല്‍കിയിരുന്നത്. തുടര്‍ന്ന് കേസെടുത്ത് പിതാവിനെ അറസ്റ്റ് ചെയ്യുകയായിരുന്നു. എന്നാല്‍, മകളുടെ കൈയിലിരുന്ന വിഷക്കുപ്പി താന്‍ തട്ടിത്തെറിപ്പിച്ചതാണെന്നാണ് പിതാവ് പോലിസിനോടു പറഞ്ഞത്. സംഭവം പുറത്തറിഞ്ഞതിനു പിന്നാലെ പിതാവ് അബീസി(45)നെ പോലിസ് അറസ്റ്റ് ചെയ്തിരുന്നു. ഇദ്ദേഹം ഇപ്പോള്‍ ജയിലിലാണ്.